കാട്ടാന ശല്യത്തിനെതിരായ സർവകക്ഷി യോഗ സ്ഥലത്തേക്ക് ഒറ്റയാന്റെ മാസ് എൻട്രി
text_fieldsനിലമ്പൂർ: കാട്ടാനശല്യത്തിന് പരിഹാരം തേടി കല്ലുണ്ട ജുവൻറ്സ് ക്ലബിന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗ സ്ഥലത്തേക്ക് കൊമ്പുകുലുക്കി ഒറ്റയാനുമെത്തി. തിങ്കളാഴ്ച വൈകീട്ട് ആറിന് കല്ലുണ്ട മദ്റസ ഹാളിലാണ് സർവകക്ഷി യോഗം ആരംഭിച്ചത്. അരമണിക്കൂറിനുള്ളിൽ യോഗസ്ഥലത്തിന് സമീപം കുന്നതേത്തിൽ അലവികുട്ടിയുടെ കമുകുതോട്ടത്തിൽ ഒറ്റയാനെത്തി. യോഗത്തിൽ പങ്കെടുത്തവർ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കിയെങ്കിലും ഒറ്റയാൻ കാട് കയറിയില്ല.
വിവരം അറിയിച്ചതിനെ തുടർന്ന് അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫിസർ മുഹ്സിന്റെ നേതൃത്വത്തിൽ ആർ.ആർ.ടി സേന എത്തി റബർ ബുള്ളറ്റും പടക്കവും ഉപയോഗിച്ച് രാത്രി പത്തോടെ ആനയെ കാടുകയറ്റി. ഉൾക്കാട്ടിലേക്ക് പോകാതെ വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങിയ ആനയെ വനപാലകരും നാട്ടുകാരും ചേർന്ന് രണ്ടാംവട്ടവും കാടുകയറ്റി.
സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനപ്രകാരം കാട്ടാനശല്യം പരിഹരിക്കുന്നതിനുള്ള ആവശ്യങ്ങൾ അടങ്ങിയ നിവേദനം ബ്ലോക്ക് പഞ്ചായത്ത് അംഗം സഹിൽ അകമ്പാടം, ക്ലബ് പ്രസിഡന്റ് ഷംസീറിന്റെയും നേതൃത്വത്തിൽ ക്ലബ് ഭാരവാഹികളും കർഷകരും ചേർന്ന് ചൊവാഴ്ച ഡെപ്യൂട്ടി റേഞ്ചർക്ക് കൈമാറി. ഇതുപ്രകാരം കാടുണ്ട മുതൽ ഓക്കാട് വരെ നിലവിൽ കാലഹരണപ്പെട്ടുകിടക്കുന്ന സോളാർ ഫെൻസിങ് നന്നാക്കാൻ തീരുമാനിച്ചു. ബുധനാഴ്ച രാവിലെ നാട്ടുകാരുടെ സഹകരണത്തോടെ പ്രവൃത്തി തുടങ്ങാനാണ് തീരുമാനം.
കാട്ടാനപ്പേടി മൂലം ഇരുട്ടുന്നതോടെ വീടിന് പുറത്തിറങ്ങാനാകാതെ വലയുകയാണ് ചാലിയാർ പഞ്ചായത്തിലെ കല്ലുണ്ട, ഓക്കാട്, ചുള്ളിയോട്, തോട്ടുപോയിൽ, നമ്പൂരിപ്പെട്ടി നിവാസികൾ. പന്തീരായിരം മലവാരത്തിൽനിന്ന് വൈകീട്ടുതന്നെ പതിവായി നാട്ടിലിറങ്ങുന്ന ഒറ്റയാൻ കൃഷിക്ക് മാത്രമല്ല ജീവനും ഭീഷണിയായിരിക്കുകയാണ്.
ക്ലബ് പ്രസിഡന്റ് കല്ലിങ്കൽ ഷംസീറിന്റെ അധ്യക്ഷതയിൽ ചേർന്ന് സർവകക്ഷിയോഗത്തിൽ കെ. മോഹൻദാസ്, കെ. മുഹമ്മദ്കുട്ടി, വി. സുഭാഷ് കബീർ, ദേവൻ, ടി. സനൂബ്, പി. ബിൻഷാദ് തുടങ്ങിയവർ സംസാരിച്ചു. കേടായ വനാതിർത്തിയിലെ തെരുവുവിളക്കുകൾ നന്നാക്കുക, സോളാർ വേലിയുടെ സംരക്ഷണത്തിന് സ്ഥിരംവാച്ചർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളും നിവേദനത്തിൽ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.