അമ്പതേക്കര്‍ പാതയില്‍ വീണ്ടും കാട്ടാനക്കൂട്ടം; ഭീതിയൊഴിയാതെ നാട്ടുകാര്‍
text_fieldsകുളത്തൂപ്പുഴ: ഒരാഴ്ചക്കാലത്തിനിടെ രണ്ടാം തവണയും അമ്പേതേക്കര് പാതയില്‍ കാട്ടാനക്കൂട്ടമെത്തി. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചരയോടെയാണ് കുളത്തൂപ്പുഴ-അമ്പതേക്കര്‍ പാതയില്‍ സെന്‍ട്രല്‍ നഴ്സറിയുടെ അധീനതയിലുള്ള മാഞ്ചിയം പ്ലാന്റേഷനില്‍ നിന്ന് സൗരോര്‍ജവേലിയും പാതയോരത്തുള്ള ഇരുമ്പ് വേലിയും മറികടന്ന് കാട്ടാനക്കൂട്ടം പാതയിലേക്കിറങ്ങിയത്. എട്ടോളം ആനകളടങ്ങിയ കൂട്ടം പാത മുറിച്ചുകടന്ന് സമീപത്തെ തേക്കുതോട്ടത്തിലേക്ക് കടന്നു. പകലും രാത്രിയും നിരന്തരം വാഹനങ്ങളും ഇരുചക്രവാഹനങ്ങളും കാല്‍നടയാത്രികരും കടന്നുപോകുന്ന പാതയിലൂടെ പകല്‍സമയത്ത് കാട്ടാനക്കൂട്ടമെത്തിയതിന്റെ നടുക്കത്തിലാണ് നാട്ടുകാര്‍. കാട്ടാനകള്‍ പാത മറികടക്കുമ്പോള്‍ പാതയുടെ ഇരുഭാഗത്തും ഓട്ടോയും യാത്രികരുമുണ്ടായിരുന്നു. ഇവരാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്.
കാട്ടാനക്കൂട്ടം സമീപത്തെ തേക്ക് തോട്ടത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. വില്ലുമല, പെരുവഴിക്കാല, രണ്ടാംമൈല്‍ തുടങ്ങിയ ആദിവാസികോളനികളിലേക്കും അമ്പതേക്കര്‍ ജനവാസമേഖലയിലേക്കുമുള്ള പാതയോരത്തെ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യംകാരണം നാട്ടുകാർ ഭീതിയിലാണ്. രാത്രി സമയം ഇവ വീണ്ടും തിരികെ എത്തുകയോ പാതയിൽ നിലയുറപ്പിക്കുകയോ ചെയ്താല്‍ ഏറെ അപകടകരമാകുമെന്നത് ആശങ്കയേറ്റുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.