കൂനന്‍പന ജങ്ഷനിലെ കൂറ്റൻ ആഞ്ഞിലിമരം പട്ടാപ്പകൽ മുറിച്ചുകടത്തി; അധികൃതർ അറിഞ്ഞില്ല
text_fieldsവെള്ളറട: റോഡരികിലെ ലക്ഷങ്ങൾ വിലമതിക്കുന്ന ആഞ്ഞിലിമരം മുറിച്ചു മാറ്റി. തിരുവനന്തപുരത്തെ അമരവിള കാരക്കോണം റോഡില്‍ കൂനന്‍പന ജംഗ്ഷനു സമീപത്തെ സർക്കാർ സ്ഥലത്തെ 'അഞ്ച് ആഞ്ഞിലിമരങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം മുറിച്ചുകടത്തിയത്. ക്വട്ടേഷന്‍ സംഘമാണ് മരം മുറിച്ചതെന്ന് നാട്ടുകാർ പറയുന്നു. 100 വര്‍ഷത്തിലേറെ പഴക്കമുള്ളതും പത്തുലക്ഷത്തിലേറെ വിലമതിക്കുന്നതുമായ മരമാണ് മുറിച്ചു കടത്തിയത്.
ഞായറാഴ്ചയായിരുന്നു ഹെവി കട്ടിങ് മെഷീനുകളുടെയും ക്രെയിനുകളുടെയും സഹായത്തോടെ സംഘം മരം മുറിച്ചു കടത്തിയത്. പൊതുമരാമത്തു വകുപ്പ് ലേലം ചെയ്തു നല്‍കിയതാണെന്നാണ് വിവരം തിരക്കിയ സമീപവാസികളോട് ഇവർ പറഞ്ഞിരുന്നത്. എന്നാല്‍, പിന്നീട് പൊതുമരാമത്ത് വകുപ്പ് ഉദ്യാഗസ്ഥരെത്തിയപ്പോഴാണ് മരം ലേലം ചെയ്തു നല്‍കിയതല്ല എന്ന വിവരം അറിയുന്നത്.
തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്‍റെ കുന്നത്തുകാല്‍ മേഖല ചുമതലയുള്ള അസി. എന്‍ജിനീയര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാൽ, അന്വേഷണം തുടങ്ങാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആരോപണമുണ്ട്.
മരത്തിനു പിറകുവശത്തുള്ള പുരയിട ഉടമക്ക് മതില്‍ കെട്ടുന്നതിന് മരം തടസ്സമായതിനാല്‍ റവന്യൂ വകുപ്പില്‍ പരാതി നല്‍കിയ ശേഷം ചില ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം മുറിച്ചു മാറ്റുകയായിരുന്നു എന്നും സമീപവാസികള്‍ ആരോപിക്കുന്നുണ്ട്. പൊലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ആവശ്യം നാട്ടുകാർ ഉയർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.