വന്യജീവി ആക്രമണം; അന്തര്‍ സംസ്ഥാന ബന്ധം ഉറപ്പാക്കും -കേന്ദ്ര മന്ത്രി
text_fieldsകൽപറ്റ: ജില്ലയിലെ വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേരളം, തമിഴ്നാട്, കർണാടക സംസ്ഥാന സര്‍ക്കാറുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭുപേന്ദര്‍ യാദവ്. ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്തര്‍ സംസ്ഥാനങ്ങളുമായി സംയോജിച്ച് ആനത്താര അടയാളപ്പെടുത്തും. മനുഷ്യ-വന്യ മൃഗ സംരക്ഷണം സംബന്ധിച്ച് പഠനം നടത്താന്‍ കോയമ്പത്തൂര്‍ സാലിം അലി ഇന്‍സ്റ്റിറ്റ്യൂട്ടിന് ചുമതല നല്‍കും. മൃഗങ്ങളുടെയും മനുഷ്യരുടെയും സുരക്ഷ പ്രധാനമാണ്.
വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ അവയുടെ സഞ്ചാരപാത സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്കാന് റേഡിയോ, കമ്യൂണിറ്റി റേഡിയോ, നവമാധ്യമ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഉറപ്പാക്കണം. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ക്ക് വന്യജീവി ആക്രമണത്തെ നേരിടാന്‍ പരിശീലനം നല്‍കണം. ആനകളുടെ ജിയോ ടാഗിങ് നിരീക്ഷിക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ നടപ്പാക്കണം.
ആക്രമണസ്വഭാവമുള്ള വന്യ മൃഗങ്ങളെ പിടികൂടാന്‍ നിയമഭേദഗതി ആവശ്യമില്ലെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് അധികാരം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. വന്യമൃഗ ശല്യം കൂടുതലായുള്ള പ്രദേശങ്ങളില്‍ ഫെന്‍സിങ് സംവിധാനം വ്യാപിപ്പിക്കേണ്ടതുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാറിന് പദ്ധതി സമര്‍പ്പിച്ചാല്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.