വന്യമൃഗശല്യവും ആരോഗ്യവും മുഖ്യവിഷയം
text_fieldsമാനന്തവാടി: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 54631 വോട്ടിന്റെ കനത്ത ഭൂരിപക്ഷം നൽകി രാഹുൽ ഗാന്ധിക്ക് കരുത്ത് പകർന്ന മാനന്തവാടി മണ്ഡലം, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഒ.ആർ. കേളുവിനെ 9282 വോട്ടിന്റെ ഭൂരിപക്ഷം നൽകി വിജയിപ്പിക്കുകയായിരുന്നു. മണ്ഡലം ഇരുമുന്നണികളുടെയും ശക്തി കേന്ദ്രമാണെങ്കിലും രാഹുൽ ഇഫക്ട് ഇത്തവണയും കാര്യമായ വോട്ട് യു.ഡി.എഫിന് അനുകൂലമാക്കുമെന്ന് തന്നെയാണ് അവർ കണക്കുകൂട്ടുന്നത്.
അതേസമയം, ആനി രാജക്ക് വേണ്ടി എൽ.ഡി.എഫ് പ്രവർത്തകർ അരയും തലയും മുറുക്കി രംഗത്തുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽ പ്രധാന പ്രചാരണ വിഷയമാകുന്നത് രൂക്ഷമായ വന്യമൃഗശല്യവും മെഡിക്കൽ കോളജ് സ്ഥാപിച്ചിട്ടും മതിയായ ചികിത്സ ലഭിക്കാത്തതുമാണ്.
തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന സമയത്താണ് രണ്ടുപേരെ കാട്ടാന ചവിട്ടി കൊല്ലുകയും ഒരാൾക്ക് കടുവയുടെ ആക്രമണം ഏൽക്കുകയും ചെയ്തത്. ഇത് കർഷകർക്കിടയിൽ വലിയ ചർച്ചകൾക്കിടയാക്കുകയും പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തിരുന്നു.
മാനന്തവാടിയിൽ പ്രവർത്തിച്ചിരുന്ന ജില്ല ആശുപത്രിയെ 2021ൽ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും അതിനനുസരിച്ചുള്ള ചികിത്സ സൗകര്യം മെച്ചപ്പെട്ടില്ലെന്നാണ് പ്രധാന പരാതി. ഇപ്പോഴും രോഗികളെ റഫർ ചെയ്യുന്ന കാര്യത്തിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജ് കെട്ടിട നിർമാണംപോലും ആരംഭിക്കാനായിട്ടില്ല.
2019ൽ രാഹുൽ ഗാന്ധിക്ക് മാനന്തവാടിയിൽ നിന്ന് 93237 വോട്ടാണ് ലഭിച്ചത്. എതിരാളി ഇടതു മുന്നണിയിലെ പി.പി. സുനീറിന് 38606 വോട്ടും എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക് 13916 വോട്ടും ലഭിച്ചു. 54631 വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചത്.
ആകെ 145759 വോട്ടാണ് പോൾ ചെയ്തത്. ഇത്തവണ 99446 പുരുഷൻമാരും 101937 സ്ത്രീകളും ഉൾപ്പെടെ 201383 വോട്ടർമാരാണ് ഉള്ളത്. തവിഞ്ഞാൽ, എടവക ഗ്രാമ പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും യു.ഡി.എഫ് ഭരിക്കുമ്പോൾ തിരുനെല്ലി, വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകൾ എൽ.ഡി.എഫും ഭരിക്കുന്നു.
പനമരത്ത് ഇരുകൂട്ടർക്കും തുല്യ സീറ്റുകളാണുള്ളത്. 2019ൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രാഹുൽ ഗാന്ധിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇത്തവണ അവ വർധിക്കുമെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോൾ ഭൂരിപക്ഷം കുറക്കാനുള്ള തീവ്രശ്രമത്തിലാണ് എൽ.ഡി.എഫ്. പരമാവധി വോട്ടുകൾ സമാഹരിക്കുകയാണ് എൻ.ഡി.എ.യുടെ ലക്ഷ്യം.
മാനന്തവാടി മണ്ഡലം ഒറ്റനോട്ടത്തിൽ
നിലവിലെ വോട്ടർമാർ:
ആകെ വോട്ടർ -201383
പുരുഷന്മാർ - 99446
സ്ത്രീകൾ - 101937
2019ലെ ലോക്സഭ വോട്ടുനില:
രാഹുൽ ഗാന്ധി: 93237
പി.പി. സുനീർ: 38606
തുഷാർ വെള്ളാപ്പള്ളി: 13916
രാഹുൽ ഗാന്ധിയുടെ
ഭൂരിപക്ഷം: 54631
2021 നിയമസഭ തെരഞ്ഞെടുപ്പ്
ഒ.ആർ. കേളു: 72,536
പി.കെ. ജയലക്ഷ്മി: 63,254
മുകുന്ദൻ പള്ളിയറ: 13,142
ഒ.ആർ. കേളു ഭൂരിപക്ഷം: 9,282
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.