വന്യജീവി ആക്രമണം: 11 വർഷത്തിനിടെ പൊലിഞ്ഞത് 1299 ജീവൻ
text_fieldsകൊച്ചി: വന്യജീവി ആക്രമണത്തിൽ 11 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ജീവൻ നഷ്ടമായത് 1299 പേർക്ക്. സംസ്ഥാനത്ത് വന്യജീവി-മനുഷ്യ സംഘർഷം വ്യാപകമാവുന്നെന്നാണ് കണക്കുകൾ പറയുന്നത്. ആന, കടുവ, പുലി, പന്നി, പാമ്പ് അടക്കമുള്ളവയുടെ ആക്രമണത്തിലാണ് ഇത്രയും മരണസംഖ്യ.
2011 മുതൽ 2016 വരെ പാമ്പുകടിയേറ്റതടക്കമുള്ള വന്യജീവി ആക്രമണത്തിൽ 629 പേർ മരിച്ചെന്ന് വനം വകുപ്പിന്‍റെ കണക്കുകൾ പറയുന്നു. 2016-22 വരെ സമാന സാഹചര്യത്തിൽ 670 പേർക്ക് ജീവൻ നഷ്ടമായി. പാലക്കാട് ജില്ലയിൽ മാത്രം 267 പേരുടെ ജീവൻ പൊലിഞ്ഞു. 215 പേർ കൊല്ലപ്പെട്ട തൃശൂർ ജില്ലയാണ് രണ്ടാമത്. സംസ്ഥാനത്ത് ജനവാസ മേഖലയിൽ വന്യജീവികളെത്തുന്നത് തടയാൻ കോടികൾ ചെലവഴിച്ച് വിവിധ പദ്ധതികൾ നടപ്പാക്കിയിരുന്നു. സോളാർ ഫെൻസിങ്, കിടങ്ങുകൾ, ആനപ്രതിരോധ മതിൽ തുടങ്ങിയ പദ്ധതികളാണ് ആവിഷ്കരിച്ചത്. 26.27 കോടി രൂപ സോളാർ ഫെൻസിങ് ഒരുക്കാനും പരിപാലനത്തിനുമായി സർക്കാർ ചെലവഴിച്ചു. 31.48 കോടി രൂപ ചെലവിൽ ആനപ്രതിരോധ മതിൽ നിർമാണവും നടത്തി.
2016 മുതൽ 2020 വരെ മരണം സംഭവിച്ചവരുടെ കുടുംബത്തിനും അംഗവൈകല്യമുണ്ടായവർക്കുമായി 29.12 കോടി രൂപ നഷ്ടപരിഹാരമായി നൽകി. ഇതേ കാലയളവിൽ 14.30 കോടി രൂപ കൃഷിനാശത്തിനും നഷ്ടപരിഹാരമായി നൽകേണ്ടിവന്നു. ജീവൻ നഷ്ടപ്പെടുന്നതിനൊപ്പം ലഭിക്കുന്ന നഷ്ടപരിഹാര തുക കുറവാണെന്ന ആക്ഷേപവും നാശനഷ്ടങ്ങൾക്ക് ഇരയായവർ പറയുന്നു.
2011 മുതൽ വന്യജീവികളുടെ ആക്രമണത്തിൽ മരിച്ചവരുടെ കണക്ക് ജില്ല തിരിച്ച്
പാലക്കാട് -267
തൃശൂർ -215
മലപ്പുറം -107
തിരുവനന്തപുരം -77
കൊല്ലം -86
പത്തനംതിട്ട -44
ആലപ്പുഴ -70
കോട്ടയം -33
എറണാകുളം -63
ഇടുക്കി -62
കോഴിക്കോട് -52
കണ്ണൂർ -104
കാസർകോട് -57
വയനാട് - 62
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.