വന്യജീവി ആക്രമണം: വനം വകുപ്പും കൃഷിവകുപ്പും നഷ്ടപരിഹാരം നൽകും -മന്ത്രി പി. പ്രസാദ്
text_fieldsകണ്ണൂർ: വന്യജീവി ആക്രമണത്തിൽ കൃഷി നശിക്കുന്ന കർഷകർക്ക് അടുത്ത സാമ്പത്തിക വർഷം മുതൽ കൃഷിവകുപ്പ് മുഖേന നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി പി. പ്രസാദ്. നിലവിൽ വനം വകുപ്പ് നൽകുന്ന നഷ്ടപരിഹാരത്തിന് പുറമെയാണിത്.
ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി ഉല്പാദനം നടത്തണം. എപ്പോഴും പരമ്പരാഗത കൃഷിരീതിയുമായി മാത്രം മുന്നോട്ടുപോകാനാവില്ല. വിള ഇൻഷ്വറൻസിന് കർഷകർ പരമാവധി അപേക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. പിണറായി കൺവെൻഷൻ സെന്ററിൽ നടക്കുന്ന കൃഷിദർശൻ പരിപാടിയുടെ ഭാഗമായി കർഷകരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും പരിഹാരമാർഗങ്ങൾ നിർദേശിക്കാനും കൃഷിയിടങ്ങളിലും കർഷക ഭവനങ്ങളിലും സന്ദർശനം നടത്തുകയായിരുന്നു മന്ത്രി.
മെച്ചപ്പെട്ട വിളവെടുപ്പ് ലഭിക്കുന്നതിനായിരിക്കും സർക്കാർ മുൻഗണന നൽകുക. അതിനുള്ള ആസൂത്രണം അതാത് കൃഷിയിടങ്ങളിൽതന്നെ തുടങ്ങണം. നാളികേരത്തിന്റെ വിലയിടവ് നിയന്ത്രിക്കുന്നതിന് സർക്കാറിന്റെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുണ്ടാകും. ആവശ്യമായ സ്ഥലങ്ങളിൽ നാളികേര സംഭരണ യൂനിറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ, കൃഷി വിജ്ഞാൻ കേന്ദ്ര ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചരക്കണ്ടി, വേങ്ങാട്, മുഴപ്പിലങ്ങാട്, ധർമടം, പിണറായി, എരഞ്ഞോളി, തലശ്ശേരി നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ 10 കേന്ദ്രങ്ങളിൽ കർഷകരുമായി മന്ത്രി സംവദിച്ചു.
ഭൂപ്രകൃതിക്കുണ്ടാകുന്ന പ്രശ്നങ്ങളും കാലാവസ്ഥ വ്യതിയാനങ്ങളും വന്യമൃഗ ശല്യവും കർഷകരെ സാരമായി ബാധിക്കുന്നതായി കർഷകർ ചൂണ്ടിക്കാട്ടി.
മഴക്കാലത്ത് ഉണ്ടാകുന്ന വെള്ളക്കെട്ടും വേനൽക്കാലത്തെ രൂക്ഷമായ വരൾച്ചയും ഉപ്പുവെള്ളം കയറുന്നതും കീടരോഗങ്ങളുടെ അനിയന്ത്രിതമായ ആക്രമണവും പ്രധാന പ്രശ്നമായി കർഷകർ ഉന്നയിച്ചു. ഇത്തരം പ്രശ്നങ്ങൾക്ക് കൃഷിയിടത്തിൽവെച്ചുതന്നെ മന്ത്രി പരിഹാരമാർഗങ്ങൾ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.