Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവന്യജീവി ആക്രമണം:...

വന്യജീവി ആക്രമണം: വയനാട്ടിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വീടുകള്‍ മന്ത്രിമാർ സന്ദര്‍ശിച്ചു

text_fields
bookmark_border
wayanad ministers visit
cancel

കൽപറ്റ: വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞവരുടെ വീട്ടില്‍ ആശ്വാസം പകര്‍ന്ന് മന്ത്രിമാരെത്തി. റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവരാണ് വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞ പടമല സ്വദേശി അജീഷ്, തോല്‍പ്പെട്ടി സ്വദേശി ലക്ഷ്മണന്‍, വെളളമുണ്ട പുളിഞ്ഞാല്‍ സ്വദേശി തങ്കച്ചന്‍ എന്നിവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയത്. വീടുകളില്‍ എത്തിയ മന്ത്രിമാര്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

ഒ.ആര്‍. കേളു എം.എല്‍.എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജസ്റ്റിന്‍ ബേബി, ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്, സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം-വെള്ളച്ചാലില്‍ സ്വദേശി പോള്‍, കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള പാക്കം -കരേരിക്കുന്ന് കാട്ടുനായ്ക കോളനിയിലെ ശരത്ത്, കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി സ്വദേശി പ്രജീഷ്, എന്നിവരുടെ വീടുകളും മന്ത്രിമാര്‍ സന്ദര്‍ശിച്ചു.

വനം വകുപ്പിന് 13 കോടി അനുവദിച്ചു

വന്യമൃഗ ആക്രമണങ്ങളില്‍ മരണപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തിനും ചികിത്സാ സഹായം നല്‍കുന്നതിനും മറ്റ് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുമായി 13 കോടി രൂപ വനം വകുപ്പിന് അനുവദിച്ചതായി വനം വകുപ്പ് മന്ത്രി എ.കെ. ശശിന്ദ്രന്‍ പറഞ്ഞു. ബത്തേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ മന്ത്രി എ.കെ ശശിന്ദ്രന്റെ അധ്യക്ഷതയില്‍ മന്ത്രി സഭാ ഉപസമിതി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റവന്യൂ-ഭവന നിര്‍മാണ, തദേശ സ്വയം ഭരണ വകുപ്പ് മന്ത്രിമാരായ കെ. രാജന്‍, എം.ബി. രാജേഷ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. ജില്ലയില്‍ വർധിച്ച് വരുന്ന വന്യജീവി ആക്രമണത്തില്‍ മനുഷ്യരും മൃഗങ്ങളും കൊല്ലപ്പെടുകയും വന്‍തോതില്‍ കൃഷിനാശം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മന്ത്രിസഭാ ഉപസമിതി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ ജില്ലയെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. ഫെബ്രുവരി 15ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ കൈകൊണ്ട തീരുമാനങ്ങള്‍ക്ക് പുറമെ ജനങ്ങളുന്നയിച്ച നിര്‍ദ്ദേശങ്ങൾ കൂടി പരിഗണിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കും.

നഷ്ടപരിഹാരം ഉയര്‍ത്തല്‍

വന്യമൃഗ ആക്രമണങ്ങളില്‍ മരണപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കുമുള്ള നഷ്ടപരിഹാരം ഉയര്‍ത്തുന്നത് മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പരാതി പരിശോധിക്കും. നഷ്ടപരിഹാര തുക ഉയര്‍ത്തണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.

ജില്ലാതല മോണിറ്ററിങ് സമിതി

ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്നതും ആക്രമിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജില്ലാതല മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കും. ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, ജില്ലാ കലക്ടര്‍, തദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഫോറസ്റ്റ് സ്പെഷ്യല്‍ ഓഫീസര്‍, ജില്ല പോലീസ് മേധാവി, ഭരണകക്ഷി പാര്‍ട്ടികളില്‍ നിന്ന 4, പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് 3, ബി.ജെ.പിയില്‍ നിന്ന് ഒന്ന് എന്ന തോതില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയായിരിക്കും ജില്ലാതല മോണിറ്ററിങ് സമിതി. രണ്ടാഴ്ചയില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തണം. പഞ്ചായത്ത്, വാര്‍ഡ് തലത്തിലും സമിതികള്‍ രൂപീകരിക്കും.

വന്യമൃഗശല്യം വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം സാധ്യമാക്കും

വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കും. വന്യമൃഗ ശല്യം തടയുന്നതിന് വനാതിര്‍ത്തികളില്‍ നിലവിലുള്ള ഫെന്‍സിങ് സംവിധാനത്തിന് ജനകീയ മേല്‍നോട്ടം ഉണ്ടാകണം. ഇതിനായി പഞ്ചായത്ത് തലത്തില്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലും വാര്‍ഡ് തലത്തില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലും ജനകീയ സമിതികള്‍ രൂപീകരിക്കണം. സമിതികളില്‍ എസ്.ടി പ്രമോട്ടര്‍മാര്‍, കുടുംബശ്രീ, അയല്‍ക്കൂട്ടം, ആശാവര്‍ക്കര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കണം. തൊഴിലുറപ്പ് പദ്ധതിയിലൂടെ വനത്തില്‍ സ്വാഭാവിക ആവാസ വ്യവസ്ഥ പുനസൃഷ്ടിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. വനത്തില്‍ ജലലഭ്യത ഉറപ്പാക്കാന്‍ ജലസ്രോതസ്സുകളുടെ നവീകരണം, പുതിയ കുളങ്ങള്‍ നിര്‍മിക്കല്‍, നീര്‍ച്ചാലുകളില്‍ തടയണ നിര്‍മാണം, അടിക്കാട് വെട്ടല്‍, ട്രഞ്ച് നിര്‍മ്മാണം എന്നിവക്ക് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രൈബല്‍ പ്ലസിന്റെ ഫണ്ട് വിനിയോഗിക്കും.

തൊഴിലുറപ്പ്: പ്രത്യേക അനുമതി തേടും

തൊഴിലുറപ്പ് പദ്ധതിയില്‍ വനത്തിനകത്തെ അടിക്കാടുകള്‍ നീക്കം ചെയ്യല്‍, ട്രെഞ്ച് നിര്‍മാണം എന്നിവ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.ഇതിനായി ജില്ലയക്ക് ഇളവ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കും. ഇിതിനാവശ്യമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. അടിക്കാടുകള്‍ നീക്കം ചെയ്യാന്‍ തോട്ടം ഉടമകള്‍, എസ്റ്റേറ്റ് ഉടമകള്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കാനും ജില്ലാ കലക്ടര്‍റോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കും. വന മേഖലയോട് ചേര്‍ന്ന റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നോട്ടീസ് നല്‍കി കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. വനാതിര്‍ത്തിയില്‍ മാലിന്യം തള്ളുന്നത് തടയാന്‍ നടപടി ശക്തമാക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനകീയ മോണിറ്ററിങ് നടത്തും. റിസോര്‍ട്ടുകളില്‍ ബയോ വെയിസ്റ്റ് മാനേജ്മെന്റ് സംവിധാനം ഉറപ്പാക്കും.

വനം വകുപ്പിനെ ശക്തിപ്പെടുത്തും

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുകയാണെന്ന് മന്ത്രിമാര്‍ യോഗത്തില്‍ വ്യക്തമാക്കി. റവന്യൂ, പൊലീസ്, ഫോറസ്റ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് എന്നിവര്‍ സംയുക്തമായി കമാന്‍ഡ് കണ്‍ട്രോള്‍ സെന്റര്‍ ജില്ലയില്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചതായി മന്ത്രിമാര്‍ പറഞ്ഞു. ബാവലി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ കണ്‍ട്രോള്‍റൂം ശാക്തികരിച്ചു. കമ്മ്യൂണിറ്റി റേഡിയോ, വയര്‍ലെസ് സംവിധാനങ്ങള്‍, വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ എന്നിവ ഉപയോഗിച്ച് ജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തി. ജില്ലയില്‍ രണ്ട് ആര്‍.ആര്‍.ടികള്‍ സ്ഥിരമാക്കി. അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ രാത്രിയില്‍ പെട്രോളിങ്ങ് ശക്തിപ്പെടുത്തി. വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയെ വനം വകുപ്പില്‍ തന്നെ നിലനിര്‍ത്തി.

ജില്ലയില്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കുകയും നോഡല്‍ ഓഫീസര്‍ക്ക് സ്വതന്ത്ര ചുമതലയും ഓഫീസും നല്‍കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കും. വന്യജീവി ആക്രമണത്തിന്റെ ഭാഗമായി ജില്ലയിലെയും ജില്ലക്ക് പുറത്തുള്ള സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. എന്നാല്‍ ഇതിന്റെ പരിധി നിശ്ചയിക്കുന്ന കാര്യത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ആവാസ വ്യവസ്ഥ സംരക്ഷിക്കാന്‍ സെന്ന മരങ്ങള്‍ നീക്കം ചെയ്യാന്‍ വനം, റവന്യൂ, പൊലീസ്, തദ്ദേശസ്വയംഭരണം, യുവജനക്ഷേമം വകുപ്പുകള്‍ കേന്ദ്രീകരിച്ച് രണ്ടാഴ്ചക്കുള്ളില്‍ പ്രൊജക്റ്റ് തയാറാക്കും. സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നുവന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും നിര്‍ദേശങ്ങള്‍ മന്ത്രിസഭയുടെ പരിഗണനയില്‍ കൊണ്ടുവരുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

സര്‍വകക്ഷി യോഗത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും

സര്‍വകക്ഷി യോഗത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആവാസ വ്യവസ്ഥയുടെ പുനക്രമീകരണം, നഷ്ടപരിഹാരം വര്‍ധിപ്പിക്കല്‍, അന്തര്‍സംസ്ഥാന ഏകോപനം എന്നിവ നടപ്പാക്കണമെന്നും ടി. സിദ്ദീഖ് എം.എല്‍.എ ആവശ്യപ്പെട്ടു. യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കണമെന്നും നോഡല്‍ ഓഫീസര്‍ വഴി തയാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ വെളിച്ചത്ത്‌ കൊണ്ടുവരണമെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള ഇടപെടലുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു.

കാടിനെയും നാടിനെയും വേര്‍തിരിക്കാന്‍ ജനകീയവും ശാസ്ത്രീയവും പ്രായോഗികവുമായി സംവിധാനം ഉണ്ടാകണം. ഫെന്‍സിങ് നിര്‍മ്മാണത്തില്‍ എം.എല്‍.എമാരുടെ ഫണ്ട് ഉപയോഗപ്പെടുത്താന്‍ ധനകാര്യ വകുപ്പുമായി ആലോചനകള്‍ നടത്തണമെന്ന ആവശ്യവും സര്‍വകക്ഷി യോഗത്തില്‍ ഉയര്‍ന്നു. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും കര്‍ഷകര്‍ക്കുമുള്ള നഷ്ടപരിഹാരം കാലോചിതമായി വര്‍ധിപ്പിക്കണം. നഷ്ടപരിഹാരത്തുക സമയബന്ധിതമായി നല്‍കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാതല കോര്‍ കമ്മിറ്റികളും ജാഗ്രതാ സമിതികളും രൂപീകരിക്കണം. വനാതിര്‍ത്തികളില്‍ ലൈറ്റിങ് സംവിധാനം വേണം. സെന്ന ഉള്‍പ്പെടെയുള്ള അധിനിവേശ സസ്യങ്ങള്‍ പുനരുപയോഗം ചെയ്യാനാകണം. തേക്ക്, യൂക്കാലി, അക്വേഷ്യ തുടങ്ങിയ മരങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവിക വനം നട്ടുപിടിപ്പിക്കുക.

വന്യമൃഗങ്ങളുടെ എണ്ണം, നിലനില്‍പ്പ് തുടങ്ങിയക്കായി കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ചേര്‍ന്ന് ശാസ്ത്രീയ പഠനം നടത്തണം. പന്നിയെ ക്ഷുദ്രജീവിയായി പരിഗണിച്ച് വെടിവെച്ച് കൊല്ലുന്നതിന് അനുവാദം നല്‍കണം. വന്യമൃഗങ്ങളെ റബ്ബര്‍ ബുള്ളറ്റ് വച്ച് ഓടിക്കാന്‍ അനുവാദം നല്‍കണം. വന നിയമം കാലോചിതമായി പരിഷ്‌കരിക്കണം. ആന, കടുവ ഉള്‍പ്പെടെ പിടികൂടുന്ന വന്യമൃഗങ്ങളെ ജനപ്രതിനിധികളുടെ മുന്‍പാകെ കാട്ടില്‍ തുറന്നു വിടണം. വന്യമൃഗങ്ങളെ പിടികൂടുന്നതിനുള്ള കൂട് വയ്ക്കാന്‍ ഗോത്രവര്‍ഗക്കാര്‍ക്ക് അവകാശം നല്‍കണം. സ്വയംരക്ഷക്ക് തോക്കുപോലുള്ള ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് അനുവാദം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു വന്നു. അടിയന്തര സാഹചര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് നോഡല്‍ ഓഫീസര്‍ക്കോ ജില്ലാ കലക്ടര്‍ക്കോ അധികാരം നല്‍കണം.

സര്‍വകക്ഷി യോഗത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാരുടെ യോഗവും ചേര്‍ന്നു. സര്‍വകക്ഷിയോഗത്തില്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍, റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, എം.എല്‍.എമാരായ ഒ.ആര്‍. കേളു, ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, ജില്ലാ കലക്ടര്‍ ഡോ. രേണു രാജ്, എ.ഡി.എം.കെ ദേവകി, സബ് കലക്ടര്‍ മിസല്‍ സാഗര്‍ ഭരത്, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജയപ്രസാദ്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി. പുകഴേന്തി, ഫോറസ്റ്റ് സ്പെഷ്യല്‍ ഓഫീസര്‍ വിജയാനന്ദന്‍, ജില്ല പൊലിസ് മേധാവി ടി. നാരായണന്‍, ഡി.എഫ്.ഒ ഷജ്ന കരീം, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wildlife attack
News Summary - Wildlife attack: Ministers visited the homes of the dead and injured
Next Story