വന്യജീവി ആക്രമണം; കാട്ടുപന്നിയെ നേരിടാൻ നടപടി ശക്തമാക്കും
text_fieldsതിരുവനന്തപുരം: കാട്ടുപന്നികളെ നശിപ്പിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളോട് അഭ്യര്‍ഥിക്കാൻ വനംമന്ത്രി വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം. ഇപ്പോള്‍ വന്യജീവി സംരക്ഷണ നിയമത്തിന്റെ പട്ടിക ഒന്നില്‍പെട്ട കുരുങ്ങുകളെ പട്ടിക രണ്ടിലേക്ക് മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. ഇപ്രകാരം ചെയ്യുന്ന പക്ഷം കാട്ടുപന്നികളെ നശിപ്പിക്കുന്ന തരത്തില്‍ അവയുടെ എണ്ണം കുറക്കാനും കഴിയുമെന്നും യോഗം വിലയിരുത്തി.
വന്യജീവി ആക്രമണം വർധിച്ച സാഹചര്യത്തിൽ വനം വകുപ്പിലെ സാധാരണ ജോലികൾ മാറ്റിവെച്ച് എല്ലാ ഫീൽഡ് സ്റ്റാഫുകളും പൂർണമായും പട്രോളിങ് ഡ്യൂട്ടി ഉൾപ്പെടെ നിർവഹിക്കണമെന്ന കർശന നിർദേശം നൽകാൻ വനം മേധാവിയോട് മന്ത്രി നിദേശിച്ചു.
വയനാട്ടിലെ നിലവിലുള്ള സോളാര്‍ ഫെന്‍സിങ്ങുകളുടെ അറ്റകുറ്റപ്പണി നടത്തിവരുന്നുണ്ട്. 40 പമ്പ് ആക്ഷന്‍ ഗണ്ണുകള്‍ ഒരാഴ്ചക്കകം ലഭ്യമാക്കും. വിവിധ സര്‍ക്കിളുകളിലെ കുളങ്ങളും മറ്റ് ജലസ്രോതസ്സുകളും നന്നാക്കാൻ നടപടികള്‍ സ്വീകരിച്ചുവരുന്നു. വനം, റവന്യൂ, പൊലീസ് വകുപ്പുകള്‍ ചേര്‍ന്നുള്ള കമാന്‍ഡ് കണ്ട്രോള് സെന്ററുകള്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചുവരുന്നതായും യോഗം വിലയിരുത്തി.
ഇതില്ലാത്ത മറ്റ് സര്‍ക്കിളുകളിലും കമാന്‍ഡ് കണ്ട്രോള് സെന്ററുകള്‍ രൂപവത്കരിക്കാന്‍ തീരുമാനിച്ചു. ജനജാഗ്രത സമിതികള്‍ വിളിച്ചുചേര്‍ത്ത് ബന്ധപ്പെട്ട പഞ്ചായത്തുകളുമായി ചേര്‍ന്ന് ഫലപ്രദമായ ആസൂത്രണം നടപ്പാക്കണം. വനത്തിനകത്തെ കുളങ്ങള്‍, തടയണകള്‍ ജലദൗര്‍ലഭ്യം നേരിടുന്നവയുടെ ലിസ്റ്റ് തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ആധുനിക ഉപകരണങ്ങള്‍ വാങ്ങിനല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചു.
യോഗത്തില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, മുഖ്യവനം മേധാവി ഗംഗാ സിങ്, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡി. ജയപ്രസാദ്, എ.പി.സി.സി.എഫുമാരായ ഡോ. പി. പുകഴേന്തി, പ്രമോദ് ജി കൃഷ്ണന്, സര്‍ക്കിള്‍ സി.സി.എഫുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.