വന്യജീവി ആക്രമണം: ഹോട്സ്പോട്ടുകളില്‍ പ്രത്യേക ടീമുകള്‍ രൂപവത്കരിച്ചു
text_fieldsതിരുവനന്തപുരം: വന്യജീവി ആക്രമണം നിരന്തരമായി അനുഭവപ്പെടുന്ന മേഖലകളില്‍ പ്രത്യേക ടീമുകള്‍ രൂപവത്കരിച്ച് അഞ്ച് വനം സര്‍ക്കിളുകളിലും ഉത്തരവ് പുറപ്പെടുവിച്ചു. വന്യജീവി ആക്രമണം ചെറുക്കാൻ വനം വകുപ്പിന്റെ സര്‍ക്കിള്‍ തലങ്ങളിലെ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരെ നോഡല്‍ ഓഫിസര്‍മാരായി നിയമിച്ച് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ നോഡല്‍ ഓഫിസര്‍മാരാണ് വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രത്യേക നിർദേശപ്രകാരം പ്രത്യേക ടീമുകള്‍ രൂപവത്കരിച്ചത്.
നോര്‍ത്തേണ്‍ സര്‍ക്കിളിന് കീഴില്‍ കണ്ണൂര്‍ ഡിവിഷനിലെ ആറളം, സൗത്ത് വയനാട് ഡിവിഷനിലെ പുല്‍പ്പള്ളി, നോര്‍ത്ത് വയനാട് ഡിവിഷനിലെ തിരുനെല്ലി, കാസർകോട് ഡിവിഷനിലെ പാണ്ടി, ഈസ്റ്റേണ്‍ സര്‍ക്കിളിന് കീഴില്‍ നിലമ്പൂര്‍ നോര്‍ത്ത് ഡിവിഷനിലെ ഇടക്കോട്, മണ്ണാര്‍ക്കാട് ഡിവിഷനിലെ പുതൂര്‍ പ്രദേശം, പാലക്കാട് ഡിവിഷനിലെ വാളയാര്‍, സെന്‍ട്രല്‍ സര്‍ക്കിളിന് കീഴില്‍ തൃശൂര്‍ ഡിവിഷനിലെ വാഴാനി, പട്ടിക്കാട്, ചാലക്കുടി ഡിവിഷനിലെ പാലപ്പിള്ളി പ്രദേശം, മലയാറ്റൂര്‍ ഡിവിഷനിലെ മണികണ്ഠന്‍ചാല്‍, വടാട്ടുപാറ, കണ്ണിമംഗലം, വാവേലി, ഹൈറേഞ്ച് സര്‍ക്കിളിന് കീഴില്‍ മൂന്നാര്‍, പീരുമേട്, കട്ടപ്പന, സതേണ്‍ സര്‍ക്കിളില്‍ തിരുവനന്തപുരം ഡിവിഷനിലെ പാലോട്, തെന്മല ഡിവിഷനിലെ ആര്യങ്കാവ്, റാന്നി ഡിവിഷനിലെ തണ്ണിത്തോട് എന്നിവിടങ്ങളിലാണ് പ്രത്യേക ടീമുകള്‍ രൂപവത്കരിച്ചത്.
ഹോട് സ്പോട്ടുകളായി കണ്ടെത്തിയ സ്ഥലങ്ങള്‍ ആസ്ഥാനമാണെങ്കിലും വന്യജീവി ആക്രമണമുണ്ടാകുന്ന സമീപപ്രദേശങ്ങളിലും ടീം പ്രവര്‍ത്തിക്കും. ടീമില്‍ ഡി.എഫ്.ഒ ലീഡര്‍ ആയിരിക്കും-മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.