വന്യജീവി സംഘർഷം; വിദേശരാജ്യങ്ങളിലെ പ്രതിരോധ മാർഗങ്ങൾ പകർത്താൻ തീരുമാനം
text_fieldsതിരുവനന്തപുരം: കേരളത്തിൽ വന്യജീവി സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കാൻ വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കിയ ചെലവ് ചുരുങ്ങിയതും ഫലപ്രദവുമായ പ്രതിരോധ മാർഗങ്ങൾ പകർത്താൻ തീരുമാനം. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാൻ രൂപവത്കരിച്ച അന്താരാഷ്ട്ര, ദേശീയ വിദഗ്ധരടങ്ങുന്ന സമിതിയുടെ പ്രഥമ ഓൺലൈൻ യോഗത്തിലാണ് തീരുമാനം.
തുടർച്ചയായി വന്യമൃഗ സംഘർഷം രൂക്ഷമായ 10 പ്രദേശങ്ങളിൽ അനുയോജ്യമായ പ്രതിരോധ, നിവാരണ പ്രവർത്തനങ്ങൾ നടപ്പാക്കാനും ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്താനും തീരുമാനിച്ചു. ദുരന്തനിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം വന്യജീവികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും നടപ്പാക്കും. കാടിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉൾവനത്തിൽ ജലലഭ്യത ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നതിന് ഏർലി വാണിങ് സിസ്റ്റം ഉൾപ്പെടെ സാങ്കേതിക വിദ്യയും ഉപകരണങ്ങളും ലഭ്യമാക്കും.
അധിനിവേശ സസ്യങ്ങളുടെ ഉന്മൂലനം ത്വരിതപ്പെടുത്തും. മറ്റു രാജ്യങ്ങളിൽ അനുവർത്തിക്കുന്ന സ്റ്റാൻഡേഡ് ഓപറേറ്റിങ് പ്രൊസീജ്യറുകൾ നടപ്പാക്കും. മന്ത്രി എ.കെ. ശശീന്ദ്രന്, വനം അഡീഷനൽ ചീഫ് സെക്രട്ടറി കെ.എസ്. ജ്യോതിലാൽ, ചീഫ് സെക്രട്ടറി ഡോ.വി. വേണു എന്നിവർ സംബന്ധിച്ചു. വനം മേധാവി ഗംഗാസിങ് വിഷയം അവതരിപ്പിച്ചു. എ.പി.സി.സി.എഫ് ഡോ. പി. പുകഴേന്തി സംസ്ഥാനം നേരിടുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങളുടെ നിലവിലെ സ്ഥിതിയും സർക്കാർ, വകുപ്പ് തലങ്ങളിൽ സ്വീകരിച്ച നടപടികളും വിശദീകരിച്ചു.
വിദഗ്ധസമിതി അംഗങ്ങളായ ബെന്നോ ബോയര്‍ (യുനെസ്കോയിലെ നാചുറല്‍ സയന്‍സ് സ്പെഷലിസ്റ്റ്), ഡോ. ഷിജു സെബാസ്റ്റ്യന്‍ (അസോസിയേറ്റ് പ്രഫസര്‍, ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂനിവേഴ്സിറ്റി), ഡി. ഭൂമിനാഥന്‍ (ഡബ്ല്യൂ.ഡബ്ല്യൂ.എഫ്, കോയമ്പത്തൂര്‍) ഡോ. ടാര്ഷ് തെക്കേക്കര (അസോസിയേറ്റ് പ്രഫസര്‍, സെന്റര്‍ ഫോര്‍ ഹ്യൂമന്‍-വൈല്‍ഡ് ലൈഫ് കോഎക്സിസ്റ്റന്‍സ്, യൂനിവേഴ്സിറ്റി ഓഫ് ട്രാന്‍സ്-ഡിസിപ്ലിനറി ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് ടെക്നോളജി, ബാംഗ്ലൂര്‍), ഡോ. ബാലകൃഷ്ണന് (കേരള ഫോറസ്റ്റ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട്, പീച്ചി), ഡോ. രമേഷ് കൃഷ്ണമൂര്‍ത്തി (വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഡറാഡൂണ്‍) ഡോ. അഷ്റഫ് (വൈല്‍ഡ് ലൈഫ് ട്രസ്റ്റ്, ന്യൂഡല്‍ഹി), ഒ.പി. കലേര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസന്റേഷൻ നടത്തി. ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡി. ജയപ്രസാദ്, എ.പി.സി.സി.എഫ് പ്രമോദ് ജി. കൃഷ്ണന് എന്നിവര്‍ ഭാവിനടപടികൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.