ബേലൂർ മഖ്ന കർണാടക ഉൾവനത്തിൽ; സംയുക്ത യോഗം വിളിക്കും -കർണാടക മന്ത്രി
text_fieldsമാനന്തവാടി: കൊലയാളി ആന ബേലൂർ മഖ്ന കർണാടക ഉൾവനത്തിലേക്ക് നീങ്ങി. ഞായറാഴ്ച കർണാടക ബൈരകുപ്പ മേഖലയിൽ നിലയുറപ്പിച്ച ആന തിങ്കളാഴ്ച രാവിലെ ബാവലി-മൈസൂരു റോഡരികിലേക്ക് നീങ്ങിയിരുന്നു. എന്നാൽ, ഉച്ചയോടെ ബീച്ചനഹള്ളി ഡാം പരിസരത്തേക്ക് നീങ്ങിയതായാണ് സിഗ്നൽപ്രകാരം ലഭിച്ച വിവരം. 10 ദിവസമായി കേരള-കർണാടക അതിര്‍ത്തി വനമേഖലകളില്‍ മാറിമാറി സഞ്ചരിച്ച് ദൗത്യസംഘത്തെ വെട്ടിലാക്കുകയാണ് കാട്ടാന. നിലവിൽ കർണാടക വനമേഖലയിലായതിനാല്‍ തിരച്ചില്‍ നടത്താനും മയക്കുവെടിക്കായി കെണിയൊരുക്കാനും ദൗത്യസംഘത്തിന് കഴിഞ്ഞിട്ടില്ല.
ബേലൂർ മഖ്ന കേരള വനത്തില്‍ പ്രവേശിക്കുന്ന നിമിഷംമുതല്‍ വീണ്ടും തിരച്ചില്‍ നടത്താനും മയക്കുവെടിവെക്കാനുമാണ് ദൗത്യസംഘം ശ്രമിക്കുന്നത്. ആന ജനവാസമേഖലയില്‍ കടക്കുന്നത് തടയാന്‍ കര്‍ശന നടപടികളാണ് വനംവകുപ്പ് സ്വീകരിച്ചിരിക്കുന്നത്. 13 സംഘങ്ങളായി രാത്രിയും പകലും കേരള അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഞായറാഴ്ച പുല്പള്ളി പ്രദേശത്ത് കടുവയിറങ്ങിയതോടെ വനപാലക സംഘത്തിന് ഇരട്ടി തലവേദനയായി. മയക്കുവെടി സംഘം നിലവിൽ പുൽപള്ളിയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമത്തിലാണ്.
കർണാടക മുൻകൈയെടുത്ത് മൂന്ന് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിക്കും
കൽപറ്റ: വന്യമൃഗശല്യം പരിഹരിക്കുന്നതിന് കർണാടക മുൻകൈയെടുത്ത് മൂന്ന് സംസ്ഥാനങ്ങളുടെ സംയുക്ത യോഗം വിളിക്കും. അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചതിനുപുറമെ പ്രശ്നത്തിന് ശാശ്വത പരിഹാരംതേടി കർണാടക സർക്കാർ, കേരളം, തമിഴ്നാട് വനംമന്ത്രിമാരുടെ സംയുക്ത യോഗം വിളിച്ചുചേർക്കുമെന്ന് രാഹുൽ ഗാന്ധി എം.പിക്ക് അയച്ച കത്തിൽ കർണാടക വനംമന്ത്രി ഈശ്വർ ബി. ഖണ്ഡ്രെ അറിയിച്ചു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി എം.പി അജീഷിന്റെ വീട് സന്ദർശിച്ചപ്പോൾ കുടുംബം ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്ന്, കർണാടകയിൽനിന്ന് പിടികൂടി റേഡിയോ കോളർ പിടിപ്പിച്ച ആനയാണ് മരണത്തിന് ഇടയാക്കിയതെന്നും അതിനാൽ ആ സർക്കാറിൽനിന്ന് മതിയായ ധനസഹായം അനുവദിക്കാൻ ഇടപെടണമെന്നുമായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് അജീഷിന്റെ ഭാര്യ രാഹുൽ ഗാന്ധി എം.പിക്ക് നിവേദനവും നൽകിയിരുന്നു.
സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം കിട്ടിയില്ലെന്ന് പോളിന്റെ കുടുംബം
പുൽപള്ളി: ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവാച്ചർ പോളിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ഇതുവരെ ലഭിച്ചില്ലെന്ന് ഭാര്യ സാനി. കഴിഞ്ഞ ദിവസം അഞ്ചു ലക്ഷം രൂപയുടെ ചെക്ക് കൈമാറാൻ അധികൃതർ വന്നെങ്കിലും സ്വീകരിച്ചില്ല. ആദ്യഘട്ടമായി 10 ലക്ഷം രൂപ ലഭിച്ചാൽ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.