വന്യമൃഗങ്ങളെ കൈകാര്യം ചെയ്യൽ: നിയമക്കുരുക്കിലെ സമ്മർദത്തിൽ വനംവകുപ്പ്
text_fieldsതിരുവനന്തപുരം: ജനത്തെ ഭീതിയിലാഴ്ത്തി കാട്ടിൽനിന്ന് നാട്ടിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ തുരത്തുന്നതിൽ വലിയ പ്രതിസന്ധിയിൽ വനംവകുപ്പ്. മയക്കുവെടിവെച്ചും കെണിയൊരുക്കിയും ജനവാസ മേഖലകളിൽനിന്ന് പിടികൂടുന്ന വന്യമൃഗങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതാണ് പ്രധാന വെല്ലുവിളി. വന്യജീവി സംരക്ഷണം ഭരണകൂടത്തിന്‍റെ പ്രധാന ഉത്തരവാദിത്തമെന്ന് അന്താരാഷ്ട്ര ഉടമ്പടിയിൽ ഒപ്പിട്ട 78 രാജ്യങ്ങളിലൊന്നാണ് ഇന്ത്യയും. അതിനാൽ വന്യമൃഗങ്ങളുടെ കാര്യത്തിൽ സംഭവിക്കുന്ന വീഴ്ച വലിയകുറ്റമാണെന്ന ബോധ്യവും പ്രതിസന്ധിയാകുന്നു. ഒരാഴ്ച മുമ്പ് വയനാട്, മാനന്തവാടിയിൽ കർഷകൻ അജീഷിനെ ചവിട്ടിക്കൊന്ന മോഴ ആനയെ ഇനിയും പിടികൂടാനാകാത്തത് അത്തരം വീഴ്ചകൾ ആർത്തിക്കരുതെന്ന നിർദേശം കൂടി ഉള്ളതിനാലാണ്.
വന്യജീവികളെ കാടിനകത്ത്, അവയുടെ ആവാസവ്യവസ്ഥയിൽ വെടിവെക്കാൻ നിയമം അനുശാസിക്കുന്നില്ല. ജനവാസ മേഖലകളിൽ ഇറങ്ങി ജനങ്ങൾക്ക് ഉപദ്രവകാരിയായാൽ മാത്രമേ അത്തരത്തിൽ കൈകാര്യം ചെയ്യാനാകൂ.
ഇപ്പോൾ കലക്ടർമാർക്ക് നൽകിയ അധികാരവും അത്തരം സാഹചര്യത്തിൽ മാത്രമേ നടപ്പാക്കാനും സാധിക്കൂ. മനുഷ്യ-മൃഗസംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ 1972-ലെ വന്യജീവി സംരക്ഷണ നിയമം കേന്ദ്രം ഭേദഗതി ചെയ്യണമെന്ന് കേരളം നിരന്തരം ആവശ്യപ്പെടുകയാണ്. നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയവും കേരള നിയമസഭ പാസാക്കിയിട്ടുമുണ്ട്. എങ്കിലും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ ഇപ്പോഴും കേന്ദ്രം തയാറായിട്ടില്ല.
അതേസമയം, വിളകൾ ആക്രമിക്കുകയും ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ കൊല്ലാൻ ലൈസൻസുള്ള ഷൂട്ടർമാരെ വിന്യസിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് 2022ൽ അധികാരം നൽകി. ഇവർക്കും കാട്ടിനുള്ളിൽ കയറി വെടിവെക്കാൻ അധികാരമില്ല. വനത്തിനുള്ളിലെ ആവാസ വ്യവസ്ഥക്ക് പ്രതികൂലമാകുന്ന സാഹചര്യങ്ങളാണ് കാട്ടാനകൾ ഉൾപ്പെടെ മൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് വ്യാപകമായി ഇറങ്ങാൻ കാരണമെന്ന വാദങ്ങൾ നിലനിൽക്കുന്നു. അതിൽ ജലദൗർലഭ്യമാണ് പ്രധാനം. കൂടാതെ തൊട്ടടുത്ത സംസ്ഥാനങ്ങൾ പിടികൂടുന്ന കാട്ടാനകളെ റേഡിയോ കോളർ ഘടിപ്പിച്ച് കേരളാതിർത്തിയിൽ തുറന്നുവിടുന്നതും പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.