വന്യമൃഗ ശല്യം; സർവകക്ഷി യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്
text_fieldsസുൽത്താൻ ബത്തേരി: വന്യമൃഗ ശല്യത്തിന്റെ സാഹചര്യത്തിൽ സുൽത്താൻ ബത്തേരി ടൗൺഹാളിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ്. മന്ത്രിസഭ ഉപസമിതി അംഗങ്ങളായ തദ്ദേശ മന്ത്രി എം.ബി. രാജേഷ്, വനം മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യൂ മന്ത്രി കെ. രാജൻ എന്നിവരുമായി യു.ഡി.എഫ് എം.എൽ.എമാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ വാഗ്വാദം നടത്തിയ ശേഷമായിരുന്നു ബഹിഷ്കരണം. വയനാട്ടിലെ വന്യമൃഗ ശല്യം നിയമസഭയിൽ ചൂണ്ടിക്കാട്ടിയപ്പോൾ എം.എൽ.എമാരായ തങ്ങളോട്, ലജ്ജിക്കുന്നു എന്നായിരുന്നു വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണമെന്നും അതിനാൽ അദ്ദേഹത്തോടൊപ്പം യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നുമായിരുന്നു എം.എൽ.എമാരുടെ പ്രതികരണം. വന്യമൃഗത്താൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കാൻ വനം മന്ത്രി തയാറാകാത്തതും എം.എൽ.എമാർ ചൂണ്ടിക്കാട്ടി.
യോഗം ബഹിഷ്കരിക്കാനുള്ള യു.ഡി.എഫിന്റെ തീരുമാനം സംബന്ധിച്ച് തങ്ങൾക്ക് നേരത്തേ സൂചന കിട്ടിയിരുന്നുവെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവന യു.ഡി.എഫ് എം.എൽ.എമാരെ കൂടുതൽ പ്രകോപിപ്പിച്ചു. യോഗം കലക്കാനാണ് യു.ഡി.എഫ് എം.എൽ.എമാരുടെ ശ്രമമെന്ന് എൽ.ഡി.എഫ് ഘടകകക്ഷിയിൽപെട്ട ചില നേതാക്കൾ പറഞ്ഞതോടെ ബഹളമായി. ചർച്ചയല്ല നടപടികളാണ് വേണ്ടതെന്ന് ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു. യോഗം ബഹിഷ്കരിച്ച് യു.ഡി.എഫ് അംഗങ്ങൾ പുറത്തിറങ്ങിയതോടെ മാധ്യമ പ്രവർത്തകരെയും നിർബന്ധപൂർവം പുറത്തിറക്കി ടൗൺഹാളിന്റെ വാതിലടച്ചു. ഇതിനുശേഷം യോഗം തുടർന്നു. ഇതിനിടയിൽ രാവിലെ 11.30ഓടെ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ യോഗത്തിനെത്തി.
അൽപസമയത്തിനുശേഷം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ, നെന്മേനിയിലെ ഷീല പുഞ്ചവയൽ, നൂൽപുഴയിലെ ഷീജ സതീഷ് എന്നിങ്ങനെ യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാർ യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി. തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തി തീരുമാനങ്ങൾ എടുത്തിരുന്നു. എന്നാൽ, അതൊന്നും നടപ്പാക്കാതെ സർവകക്ഷി യോഗം വിളിച്ചതിൽ കാര്യമില്ലെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. യോഗം കഴിഞ്ഞതിനു ശേഷമാണ് ടൗൺഹാളിനകത്തേക്ക് മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ച് മന്ത്രിമാർ തീരുമാനങ്ങൾ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.