വ്യാജ ചെമ്പോല പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കെതിരെ കേസെടുക്കുമോ?; നിയമസഭയിൽ വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്‍റെ കൈവശമുള്ള വ്യാജ ചെമ്പോല സംബന്ധിച്ച ചോദ്യം നിയമസഭ ചോദ്യോത്തരവേളയിൽ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യാജ ചെമ്പോല പ്രസിദ്ധീകരിച്ചതിന്‍റെ പേരിൽ സി.പി.എം മുഖ്യപത്രമായ ദേശാഭിമാനിക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകുമോ എന്നാണ് വി.ഡി. സതീശൻ ചോദിച്ചത്.
"ശബരിമലയുടെ ചരിത്രത്തെ കുറിച്ചും പാരമ്പര്യത്തെ കുറിച്ചും 351 വർഷം പഴക്കമുള്ള പുരാവസ്തുരേഖ മോൻസൺ മാവുങ്കലിന്‍റെ കൈവശമുണ്ടെന്നും അത് പ്രധാനപ്പെട്ട രേഖയാണെന്നും ചൂണ്ടിക്കാട്ടി ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ചിരുന്നു. വ്യാജ ചെമ്പോല പ്രസിദ്ധീകരിച്ചതിന്‍റെ പേരിൽ ദേശാഭിമാനി പത്രത്തിനെതിരെ നടപടി സ്വീകരിക്കാൻ തയാറാകുമോ"-എന്നാണ് പ്രതിപക്ഷ നേതാവ് ചോദ്യം ഉന്നയിച്ചത്.
ശബരിമലയുമായി ബന്ധപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കൽ പുറത്തുവിട്ട ചെമ്പോല വ്യാജമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ചെമ്പോല യഥാർഥമാണെന്ന് ഒരു ഘട്ടത്തിലും സർക്കാർ അവകാശപ്പെട്ടിട്ടില്ല. ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണത്തിൽ കണ്ടെത്തുന്ന കാര്യങ്ങൾ വെച്ച് ഫലപ്രദമായ നടപടിയിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതിയുടെ വീട്ടിൽ രാഷ്ട്രീയ നേതാക്കൾ പോയതായി ശ്രദ്ധയിൽപ്പെട്ടോ -വി. ജോയി
തട്ടിപ്പ് കേസിലെ പ്രതിയുടെ വീട്ടിൽ ചില രാഷ്ട്രീയ നേതാക്കൾ പോയതായും അവിടെ വെച്ച് തുകകൾ കൈമാറിയതായും സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്ന് ഭരണപക്ഷ അംഗമായ വി. ജോയി ചോദ്യം ഉന്നയിച്ചു. തട്ടിപ്പ് കേസിലെ പരാതിക്കാർ വാർത്താ ചാനലിൽ ഇക്കാര്യം പറഞ്ഞിരുന്നതായും വി. ജോയി ചൂണ്ടിക്കാട്ടി.
തട്ടിപ്പിനിരയായവർ നൽകിയ ഒരു പരാതിയിൽ ഇത്തരമൊരു പരാമർശം ഉണ്ടെന്നത് വസ്തുതയുണ്ട്. അതിനെ കുറിച്ച് അന്വേഷിക്കട്ടെയെന്നും അതിന് ശേഷം എന്താണെന്ന് കാണാമെന്നും മുഖ്യമന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.