മൂവാറ്റുപുഴ ജപ്തി: ബാങ്ക് ജീവനക്കാരുടെ സഹായം വേണ്ടെന്ന് ഗൃഹനാഥൻ, എം.എൽ.എയുടെ സഹായം സ്വീകരിക്കും
text_fieldsകൊച്ചി: മൂവാറ്റുപുഴയിൽ കടബാധ്യത മൂലം വീട് ജപ്തി ചെയ്ത സംഭവത്തിൽ കുടിശ്ശിക ബാങ്ക് ജീവനക്കാരുടെ സംഘടന അടച്ചുതീർത്തതായി അറിയിച്ചതിനു പിന്നാലെ പ്രതികരണുവുമായി വീട്ടുടമസ്ഥൻ. ബാങ്കിന്റെ സഹായം വേണ്ടെന്നും മാത്യുകുഴൽനാടൻ എം.എൽ.എ നൽകുന്ന സഹായം സ്വീകരിക്കുമെന്നുമുള്ള നിലപാടാണ് ഇവർ സ്വീകരിച്ചിരിക്കുന്നത്. കുടിശിക തിരിച്ചടച്ചതായ കാര്യങ്ങളും ബാങ്ക് ഇതുവരെ നേരിട്ട് അറിയിച്ചിട്ടില്ല.
കുടിശ്ശിക തുക മുഴുവനും കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) അംഗങ്ങളായ അർബൻ ബാങ്കിലെ ജീവനക്കാർ അടച്ചു തീർത്തതായി ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ അറിയിച്ചിരുന്നു. ഇതാണ് ഗൃഹനാഥൻ അജേഷ് നിരസിച്ചിരിക്കുന്നത്.
രണ്ടു ദിവസം മുൻപായിരുന്നു ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. എം.എൽ.എയും നാട്ടുകാരും ചേർന്ന് അർബൻ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു. പണം അടയ്ക്കാൻ സാവകാശം നൽകണമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു.
മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിൽ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപ അർബൻ ബാങ്കിൽ നിന്നും അജേഷ് ലോൺ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.
ഹൃദ്രോഹത്തെ തുടർന്ന് അഞ്ച് ദിവസമായി അജേഷ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിനിടയിലാണ് ബാങ്കിന്റെ ജപ്തി നടപടി. ബാങ്ക് ഉദ്യോഗസ്ഥർ എത്തുമ്പോൾ അജേഷിന്റെ പ്രായപൂർത്തിയാകാത്ത നാല് മക്കൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ജപ്തി നടപടികൾ പൂർത്തിയാക്കി ഉദ്യോഗസ്ഥർ മടങ്ങിയതോടെ വീടിന് പുറത്ത് രാത്രിയിൽ എങ്ങോട്ട് പോകണമെന്നറിയാതെ കുട്ടികൾ വിഷമിച്ചു നിന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ മാത്യു കുഴൽനാടൻ എം.എൽ.എയെ പോലീസ് ഉദ്യോഗസ്ഥർ തടഞ്ഞെങ്കിലും, എം.എൽ.എയും പായിപ്ര പഞ്ചായത്തിലെ ജനപ്രതിനിധികളും പൂട്ട് പൊളിച്ച് കുട്ടികളെ വീട്ടിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ബാങ്കിൻറെ ജപ്തി നടപടികൾ വിവാദമായതോടെ വിഷയത്തിൽ രാഷ്ട്രീയപ്പോരും മുറുകുിയിരുന്നു. എൽ.ഡി.ഫ് സർക്കാരിൻറെ കാലത്ത് ദലിത് വിഭാഗത്തിന് നേരെ കടുത്ത അതിക്രമങ്ങൾ നടക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. ട്വൻറി- ട്വൻറി പ്രവർത്തകൻ ദീപുവിൻറെ മരണമടക്കം സംസ്ഥാനത്തു ദലിതർ നേരിടുന്ന പല പ്രശ്നങ്ങളിലും സർക്കാർ മൗനം പാലിക്കുന്നുവെന്ന വിമർശനവും കോൺഗ്രസ് ഇക്കാര്യത്തിൽ ഉയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.