മണിപ്പൂരിലെ സ്നേഹവും വിശ്വാസവും തിരിച്ചുകൊണ്ടുവരും -രാഹുൽ
text_fieldsകൽപറ്റ: ഇന്ത്യയെന്ന കുടുംബത്തെ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി എം.പി. സുപ്രീംകോടതി വിധിയിലൂടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ടശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് കെ.പി.സി.സിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ ഒരുക്കിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിലെ കുടുംബങ്ങളെ നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. നിരവധി കുടുംബങ്ങളെയാണ് ബി.ജെ.പിയുടെ അനുമതിയോടെ മണിപ്പൂരിൽ കൊന്നും ബലാത്സംഗം ചെയ്തും നശിപ്പിച്ചത്. 19 വർഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിനിടയിൽ മണിപ്പൂരിലേതുപോലെ വേദനിപ്പിക്കുന്ന അനുഭവം ഉണ്ടായിട്ടില്ല. മണിപ്പൂരിലെ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരുടെ അനുഭവങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു.
പാർലമെന്റിൽ മോദി ചിരിച്ചും തമാശകൾ പങ്കുവെച്ചും പരിഹസിച്ചും കഴിഞ്ഞ ദിവസം രണ്ടരമണിക്കൂറാണ് ചെലവിട്ടത്. എന്നാൽ, മണിപ്പൂരിനെക്കുറിച്ച് രണ്ടുമിനിറ്റ് മാത്രം സംസാരിച്ചു. മണിപ്പൂരിലെ ജനതയെ ഒന്നിപ്പിക്കാനാണ് നമ്മുടെ ശ്രമം. വർഷങ്ങൾ എത്ര എടുത്താലും ആ ശ്രമം വിജയിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയെ നശിപ്പിക്കാൻ ബി.ജെ.പി ശ്രമിക്കുമ്പോൾ കോൺഗ്രസ് അതിനെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്നു.
ഇതാണ് കോൺഗ്രസും ബി.ജെ.പിയും തമ്മിലെ വ്യത്യാസം. തന്നെ നൂറുവട്ടം അയോഗ്യനാക്കാൻ ശ്രമിച്ചാലും വയനാടൻ ജനതക്ക് തന്നോടുള്ള ബന്ധം കൂടുതൽ ശക്തമാവുകയേ ഉള്ളൂവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രാഹുൽ ഗാന്ധി നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതിപ്രകാരം നിർമിച്ച ഒമ്പത് വീടുകളുടെ താക്കോല്‍ദാനവും അദ്ദേഹം നിർവഹിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.