സംസ്ഥാനത്ത് ബസോട്ടം പാടെ നിലക്കുമോ; ചൊവ്വാഴ്ചത്തെ യോഗം നിർണായകം
text_fieldsതൃശൂർ: ഇന്ധനവില വർധനവിെൻറയും കോവിഡ് നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിൽ സ്വകാര്യ ബസുടമകൾ കടുത്ത നിലപാടിലേക്ക് കടക്കുന്നു. സർക്കാറിൽനിന്ന് അനുകൂല നിലപാടുണ്ടായില്ലെങ്കിൽ പെർമിറ്റുകൾ സറണ്ടർ ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ആലോചന. ചൊവ്വാഴ്ച സർക്കാറുമായി നടത്തുന്ന അവസാന ചർച്ചയിൽ ആവശ്യങ്ങളിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ നിലപാട് പ്രഖ്യാപിക്കാനാണ് തീരുമാനം. ഒരുവർഷം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 30 രൂപയാണ് വർധിച്ചത്.
ഈ കണക്കിൽ ഒരുബസിെൻറ ഒരു ദിവസത്തെ ഡീസൽ ചെലവിൽ മാത്രം 2500 രൂപയാണ് അധികം വേണ്ടിവരുന്നത്. ചേസീസ്, ബോഡിമെറ്റീരിയൽസ്, ടയർ, ഓയിൽ, സ്പെയർ പാർട്സ് മുതലായവക്കും വൻ വിലവർധനവാണുണ്ടായത്.
80 ശതമാനത്തിലധികം സ്വകാര്യ ബസുകളും നിർത്തിയിട്ടിരിക്കുകയാണെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ ഏരിക്കുന്നൻ പറഞ്ഞു. എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്ന 2014 വരെ ഒരു ലിറ്റർ ഡീസലിന് 3.46 രൂപയായിരുന്ന കേന്ദ്ര എക്സൈസ് നികുതി ഇന്ന് 31.83 രൂപയായി.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ ഒരു ലിറ്റർ ഡീസലിന് വിൽപന നികുതി ഒമ്പത് രൂപയായിരുന്നത് 2021ലെത്തിയപ്പോൾ 18 രൂപയിലധികമായി. റോഡ് നികുതിയൊഴിവാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല.
നികുതിയിളവോ സബ്സിഡിയോ അനുവദിക്കുകയും കോവിഡ് കാലത്തെ റോഡ് നികുതി പൂർണമായി ഒഴിവാക്കുകയും സർക്കാർ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് പലിശ രഹിതവായ്പ അനുവദിക്കുകയും വേണമെന്നാണാവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.