പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ആവർത്തിച്ച് കെ. സുധാകരൻ
text_fieldsകണ്ണൂർ: പാർട്ടി ആവശ്യപ്പെട്ടാൽ കണ്ണൂർ ലോക്സഭ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. മത്സരിക്കേണ്ടതില്ല എന്നാണ് വ്യക്തിപരമായ തീരുമാനമെന്നും രണ്ട് പദവികൾ ഒരേ സമയം വഹിക്കുന്നതിലെ പ്രയാസം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യം പറയുകയും പാർട്ടി തീരുമാനം അനുസരിക്കുകയും ചെയ്യുകയെന്നതാണ് ഏതൊരു പ്രവർത്തകന്റെ കടമയെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലും കണ്ണൂരിലും പുതുമുഖങ്ങൾ ആയിരിക്കുമെന്ന് കെ.പി.സി.സി തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുകയും അതിനായി ഉപസമിതിയുണ്ടാക്കുകയും ചെയ്തതിനു പിന്നാലെയാണ് വീണ്ടും മത്സരിക്കാമെന്ന നിലക്ക് കെ. സുധാകരന്റെ അഭിപ്രായപ്രകടനം.
ഉപസമിതിയിലെ പ്രധാനിയായ കെ.പി.സി.സി പ്രസിഡന്റ് തന്നെ ഇത്തരം പ്രസ്താവന നടത്തിയതിലെ അനൗചിത്യം നേതാക്കൾ ഇദ്ദേഹത്തെ അറിയിച്ചിരുന്നു. ഇനി ഇത്തരം പരാമർശങ്ങൾ തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന് അദ്ദേഹവും നേതാക്കൾക്ക് ഉറപ്പുനൽകുകയും ചെയ്തു. ഇനി മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ തന്നെയാണ് നേരത്തേ ദേശീയ നേതൃത്വത്തെ അറിയിച്ചത്.
തൃശൂരിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ നടന്ന തെരഞ്ഞെടുപ്പ് സമിതിയിലും ഇതാവർത്തിച്ചു. തുടർന്നാണ് കണ്ണൂരിലും ആലപ്പുഴയിലും ആര് മത്സരിക്കണമെന്ന കാര്യങ്ങൾ പഠിക്കുന്നതിന് ഉപസമിതിയെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.