'പാലക്കാട്ടെ സ്ഥാനാർഥിത്വം പുനഃപരിശോധിക്കണം, പാർട്ടി തിരുത്താനായി കാത്തിരിക്കും'; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി. സരിൻ
text_fieldsപാലക്കാട്: പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ തീരുമാനിച്ചത് പുനഃപരിശോധിക്കണമെന്ന് കെ.പി.സി.സി സോഷ്യൽ മീഡിയ സെൽ കൺവീനർ പി. സരിൻ. മുൻകൂട്ടി തീരുമാനിച്ച പ്രകാരമാണ് സ്ഥാനാർഥിയെ അവതരിപ്പിച്ചത്. ആരുടെയും വ്യക്തിതാൽപര്യമല്ല, കൂട്ടായ തീരുമാനമാണ് സ്ഥാനാർഥി നിർണയത്തിൽ ആവശ്യം. സ്ഥാനാർഥി ചർച്ചകൾ പ്രഹസനമായിരുന്നു. പാലക്കാട് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാമത് ബി.ജെ.പിയാണെന്ന് മനസ്സിലാക്കണം. പാർട്ടി തിരുത്തി ശരിയിലേക്ക് എത്തുമെന്നും ആ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും സരിൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
താൻ കോൺഗ്രസിൽ തുടരും. സിവിൽ സർവിസിൽനിന്ന് ജോലി രാജിവെച്ച് പൊതുപ്രവർത്തനത്തിന് ഇറങ്ങിയ ആളാണ് താൻ. നാടിന്‍റെ നന്മക്കായി പ്രവർത്തിക്കുമെന്നും സരിൻ പറഞ്ഞു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിന് പിന്നാലെ സരിൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. സരിൻ ഇടഞ്ഞതോടെ കോൺഗ്രസ് നേതൃത്വം അനുനയ നീക്കം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സരിൻ വാർത്തസമ്മേളനം വിളിച്ച് നിലപാട് വ്യക്തമാക്കിയത്.
'ചില ബോധ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ പ്രവർത്തനം. എന്നെ ഇത്ര നിസ്സാരനാക്കരുത്. ചിലരുടെ താൽപര്യങ്ങൾക്ക് വഴങ്ങിയാൽ പാർട്ടി തകരും. വിമർശനം നേതൃത്വത്തിനെതിരെയാണ്. കോൺഗ്രസിന്‍റെ ഉള്ളിൽ ലയിച്ചുചേർന്നിരിക്കുന്ന ചില മൂല്യങ്ങളിൽ തനിക്ക് ഇന്നും വിശ്വാസമുണ്ട്. പാർട്ടിയിൽ തീരുമാനമെടുക്കുന്ന രീതി മാറി. യാഥാർഥ്യം മറന്ന് കണ്ണടക്കരുത്. അങ്ങനെ ചെയ്താൽ വലിയ വിലകൊടുക്കേണ്ടിവരും' -സരിൻ പറഞ്ഞു.
പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി പാർട്ടി ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിരുന്നെന്ന് സരിൻ പറഞ്ഞു. രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും പരാതികൾ ചൂണ്ടിക്കാട്ടി കത്തയച്ചു. ചൊവ്വാഴ്ച രാവിലെയാണ് കത്ത് നൽകിയത്. പാർട്ടിക്ക് തിരുത്താൻ സമയമുണ്ട്. തിരുത്താനായി കാത്തിരിക്കുമെന്നും സരിൻ പറഞ്ഞു.
രാഹുലിനെ മാറ്റുന്നത് നാടിന്‍റെ ആവശ്യമാണ്. ഇല്ലെങ്കിൽ തോൽക്കുക രാഹുൽ മാങ്കൂട്ടമാവില്ല, രാഹുൽ ഗാന്ധിയാവും. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാർഥിയാണ് വേണ്ടത്. ജയിലിൽ കിടന്നാൽ ത്യാഗമാകില്ല. ഇൻസ്റ്റ റീലും സ്റ്റോറിയുമിട്ടാൽ ഹിറ്റാകുമെന്നാണ് ചിലരുടെ വിചാരം -സരിൻ പറഞ്ഞു. സി.പി.എമ്മിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിന്, ആദ്യം കോൺഗ്രസിന്‍റെ സ്ഥാനാർഥിത്വം ഉറക്കട്ടെ എന്നായിരുന്നു സരിന്‍റെ മറുപടി. കെ.പി.സി.സി സോഷ്യൽ മീഡിയ ഗ്രൂപ്പിൽ നിന്ന് പുറത്തുപോയെന്ന റിപ്പോർട്ടുകൾ സരിൻ നിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.