വികസനത്തിന്റെ ശമ്പളം മരണമോ?
text_fieldsമലപ്പുറം: മേയ് 12നാണ് വളാഞ്ചേരി-കരേക്കാട് പാതയിൽ ദാരുണമായ ആ സംഭവം റിപ്പോർട്ട് ചെയ്തത്. ദേശീയപാത നിർമാണത്തിന് വേണ്ടി കുന്നിടിച്ചതിനെ തുടർന്ന് വേനൽ മഴ പെയ്തപ്പോൾ മണ്ണ് ഒന്നാകെ റോഡിലേക്ക് ഒഴുകിയെത്തി. ചളിക്കളമായ റോഡിൽ ഗതാഗതം സാധ്യമാവാത്ത അവസ്ഥയിലായി. നെഞ്ചുവേദനയെ തുടർന്ന് അത്യാസന്ന നിലയിലായ രോഗിയുമായി ഈ റോഡിലൂടെ ആശുപത്രിയിൽ പോവുകയായിരുന്ന കാർ ചളിയിൽ കുടുങ്ങി. ദീർഘനേരം വഴിയിൽ കുടുങ്ങിയ കാറിൽ രോഗി മരിച്ചു. കരേക്കാട് നമ്പൂതിരിപ്പടിയിൽ താമസിക്കുന്ന വടക്കേപീടിയേക്കൽ സൈതലവി (60) യാണ് യഥാസമയം ചികിത്സ കിട്ടാതെ മരിച്ചത്. അശാസ്ത്രീയമായി കുന്നിടിച്ചിട്ട് പോയ അധികൃതരുടെ അനാസ്ഥയുണ്ടാക്കിയ ദുരന്തം.
ചേലേമ്പ്ര പടിഞ്ഞാറ്റിൻ പൈയിലെ തച്ചമ്പലത്ത് തട്ടാൻ കുളങ്ങര കാരാളിപ്പറമ്പ് പ്രണവാനന്ദന്റെ (72) മൃതദേഹം രാമനാട്ടുകരക്ക് സമീപം തോട്ടിൽനിന്ന് കണ്ടെത്തിയത് കഴിഞ്ഞ ആഴ്ചയാണ്. സൈക്കിളിൽ ചേലേമ്പ്രയിലെ വീട്ടിലേക്ക് വരുമ്പോൾ കാക്കഞ്ചേരിക്ക് സമീപത്തെ തോട്ടിൽ വീണ് ഒലിച്ചുപോയി എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നിർമാണം നടക്കുന്ന ദേശീയപാതക്ക് സമീപം താഴ്ന്ന പ്രദേശത്തെ തോട്ടിലേക്ക് വേനൽ മഴയിൽ വെള്ളം ഒഴുകിയെത്തി തോടും റോഡും ഒന്നായതാണ് ദുരന്തത്തിന് കാരണമായത്.
തിരൂരങ്ങാടി മേഖലയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ദുരന്തം ഉണ്ടായത് രണ്ടുമാസം മുമ്പാണ്. ഗ്രാമീണ റോഡ് ദേശീയപാതയിലേക്ക് ചേരുന്നിടങ്ങളിൽ സുരക്ഷനടപടികൾ സ്വീകരിക്കാത്തതാണ് കാരണമായത്. ഒരാളുടെ കാൽ നഷ്ടമായ അപകടവും ഇവിടെ ഉണ്ടായി. പൊന്നാനി പൊലീസ് സ്റ്റേഷന് സമീപം ദേശീയപാതക്ക് കുഴിച്ച കുഴിയിൽ വീണ് രണ്ട് യുവാക്കൾ മരിച്ചത് അടുത്ത കാലത്താണ്. ഇങ്ങനെ അനവധി മരണങ്ങളും അപകടങ്ങളും ദേശീയപാത നിർമാണമേഖലിൽ തുടരുകയാണ്. സുരക്ഷാനടപടികളിലെ വീഴ്ചയാണ് എല്ലാ ദുരന്തങ്ങൾക്കും കാരണം.
പാതയിലെങ്ങും മണ്ണിടിച്ചിൽ
മഴയെ പ്രതീക്ഷിക്കാതെയാണോ അധികൃതർ നിർമാണം നടത്തുന്നത് എന്ന് തോന്നിപ്പോകും പലയിടങ്ങളിലെയും പ്രവൃത്തി കണ്ടാൽ. 50 മീറ്റർ വരെ താഴ്ചയിൽ വരെ മണ്ണെടുത്ത് അണ്ടർപാസ് നിർമിച്ച സ്ഥലങ്ങളുണ്ട്. ഇതിന് സമീപത്തെ സർവിസ് റോഡിലൂടെ ചരക്കുവാഹനങ്ങൾ പോകുമ്പോൾ റോഡ് ഇടിയുകയാണ്. ‘റിട്ടെയിനിങ് വാൾ’ നിർമാണം പൂർത്തിയാവാത്ത ഭാഗങ്ങളിലൂടെ ചരക്കുവാഹനങ്ങൾ കടത്തിവിടാതിരിക്കാനുള്ള സുരക്ഷാനടപടിയെങ്കിലും അധികൃതർ സ്വീകരിക്കണം. കഴിഞ്ഞദിവസം തിരൂരങ്ങാടി കക്കാട്ട് സർവിസ് റോഡ് ഇടിഞ്ഞ് വലിയ ഗർത്തമായി മാറി. ഇതിനുമുമ്പും ഈ ഭാഗത്ത് റോഡ് ഇടിഞ്ഞിരുന്നു. മഴ ശക്തമാവുന്നതോടെ റോഡ് ഇടിയൽ കൂടാനുള്ള സാധ്യത ഏറെയാണ്. നിറയെ യാത്രക്കാരെയും വഹിച്ചുപോകുന്ന ബസുകളടക്കം ഇത്തരം അപകടമുനമ്പുകളിലൂടെയാണ് സഞ്ചരിക്കുന്നത്. ആപത് സൂചനകൾ വരുമ്പോഴേക്കും വീഡിയോ ചെയ്തും സാമൂഹിക മാധ്യമങ്ങൾ വഴി അറിയിപ്പ് നൽകിയും സുരക്ഷ ഒരുക്കുന്നത് പൊതുജനങ്ങളാണ്. സർക്കാറിന്റെയോ ബന്ധപ്പെട്ട അധികൃതരുടെയോ അറിയിപ്പൊന്നും എവിടെയും കാണാനില്ല. തുടർച്ചയായ ഗതാഗതതടസ്സമാണ് ഇതിന്റെ എല്ലാം മറ്റൊരു ദുരന്തഫലം. തൃശൂർ-കോഴിക്കോട് പാതയിൽ മണിക്കൂറുകൾ നീണ്ട ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്.
വിള്ളൽ പരിസരവാസികൾക്കും ഭീഷണി
ദേശീയപാത നിർമാണത്തിനിടെ വിള്ളലുകൾ ഉണ്ടാവുമ്പോൾ പരിസരത്തെ വീടുകളെയും സ്ഥാപനങ്ങളെയും ബാധിക്കുന്നുണ്ട്. എടരിക്കോട് പഞ്ചായത്തിൽ റോഡിലുണ്ടായ വിള്ളൽ പരിസരത്തെ വീടുകൾക്കും കിണറുകളെയും ബാധിച്ചു. പരിസ്ഥിതി ആഘാതപഠനം നടത്താതെ അടിപ്പാതകൾക്കായി കൂറ്റൻ കുഴികളെടുക്കുന്നതുമാണ് വിള്ളലിന് കാരണമാവുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. (തുടരും)
ലൈറ്റുകള്‍ ഇല്ലാത്തതും ട്രാഫിക് മാനേജ്മെന്റിന്റെഅപര്യാപ്തതയും അപകടകാരണം -എം.എൽ.എ
നിര്‍മാണ പ്രദേശങ്ങളില്‍ വേണ്ടത്ര ലൈറ്റുകള്‍ ഇല്ലാത്തതും ട്രാഫിക് മാനേജ്മെന്റിന്റെ അപര്യാപ്തതയും അപകടങ്ങൾക്കും മരണങ്ങള്‍ക്കും ഇടയാക്കുന്നതായി പി. അബുദുൽ ഹമീദ് എം.എൽ.എ. പലസ്ഥങ്ങളിലും അശാസ്ത്രീയ രീതിയിലാണ് മണ്ണെടുത്തത്. പാണമ്പ്ര വളവിലും കോഹിനൂർ സർവിസ് പാത പ്രതല നിരപ്പിൽനിന്ന് താഴ്ത്തിയും തലപ്പാറ-ചെമ്മാട് റോഡ് ജങ്ലഷൻ പ്രതല നിരപ്പിൽനിന്നും താഴ്ത്തിയും മണ്ണ് കുഴിച്ചെടുത്ത് ജനവാസ മേഖലയിൽ പ്രയാസം സൃഷ്ടിക്കുന്നു. കാക്കഞ്ചീരി ചന്തയിലേക്കും ചേലൂപാടത്തേക്കുമുളള പഞ്ചായത്ത് റോഡിന് ദേശീയപാത സർവിസ് റോഡിലേക്കുള്ള ബന്ധം തടസ്സപ്പെടുത്തി. ഇത് പുനഃസ്ഥാപിക്കുമെന്നറിയിച്ചെങ്കിലും പഞ്ചായത്ത് റോഡുകളെ ബന്ധിപ്പിക്കാൻ കഴിയില്ലെന്നാണ് ഇപ്പോൾ കരാര്‍ കമ്പനി പറയുന്നത്. കോഴിച്ചിന, രണ്ടത്താണി, പുത്തനത്താണി, പൊന്നാനിയുൾപ്പെടെ പാത കടന്നുപോവുന്ന സ്ഥലങ്ങളിലെല്ലാം ഇത്തരം പ്രശ്നങ്ങൾ ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.