വൈദ്യുതി നിയന്ത്രണം വരുമോ? നാളെ നിർണായക യോഗം
text_fieldsതിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ ജനം ഉരുകിയൊലിക്കുേമ്പാൾ വൈദ്യുതി നിയന്ത്രണംകൂടി വരുമോയെന്ന ആശങ്ക കനക്കുന്നു. ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലില്ലെന്ന് വകുപ്പു മന്ത്രിയും കെ.എസ്.ഇ.ബിയും ആവർത്തിക്കുമ്പോഴും നിലവിലെ സാഹചര്യത്തിന് മാറ്റം വന്നില്ലെങ്കിൽ നിയന്ത്രണത്തിലേക്ക് പോകാനാണ് സാധ്യത. ഉയർന്ന വൈദ്യുതി ഉപയോഗവും പ്രതിസന്ധി മറികടക്കലും ചർച്ച ചെയ്യാൻ വ്യാഴാഴ്ച ഉന്നതതല യോഗം ചേരും. വൈദ്യുത മന്ത്രി, ഉൗർജ വകുപ്പ് സെക്രട്ടറി തുടങ്ങിയവർ പെങ്കടുക്കുന്ന യോഗത്തിൽ ഇപ്പോഴത്തെ സാഹചര്യം കെ.എസ്.ഇ.ബി സി.എം.ഡിയും ഡയറക്ടർമാരും വിശദീകരിക്കും.
ലോഡ് ഷെഡിങ് വേണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെടാൻ സാധ്യതയില്ലെങ്കിലും സ്ഥിതി സങ്കീർണമാണെന്ന് ബോധ്യപ്പെടുത്തും. നിലവിൽ അധികവില നൽകിയാലും വിവിധ സംസ്ഥാനങ്ങളിൽനിന്നടക്കം ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാൻ 300 മെഗാവാെട്ടങ്കിലും മുടക്കമില്ലാതെ ലഭ്യമാക്കണം എന്നതുൾപ്പെടെ പ്രതിസന്ധി അതിജീവിക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്നുള്ള ഇടപെടലാണ് കെ.എസ്.ഇ.ബി പ്രതീക്ഷിക്കുന്നത്. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്റെ അധികബാധ്യതയും അമിത ലോഡ് മൂലം ട്രാൻസ്ഫോർമറുകൾ വ്യാപകമായി കത്തിപ്പോവുന്നതുമൂലമുള്ള പ്രതിസന്ധിയും കെ.എസ്.ഇ.ബി ഇതിനകം സർക്കാറിനെ അറിയിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച വിശദാംശങ്ങൾ യോഗത്തിലും ചർച്ചയാവും. ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതിനോട് സർക്കാറിന് താൽപര്യക്കുറവുണ്ട്. ലോഡ് ഷെഡിങ്ങൂം പവർകട്ടുമില്ലാത്ത സംസ്ഥാനം എന്ന ‘പെരുമ’ നഷ്മമാവുമോയെന്നതാണ് ഇതിനു കാരണം. അതേസമയം, പുറത്തുനിന്നും വൈദ്യുതി വിലകൊടുത്തുവാങ്ങിയാലും വിതരണ ശൃംഖലയിലെ തകരാറുകൾ വ്യാപകമാവുന്നത് വലിയ പ്രതിഷേധത്തിന് കാരണമാവുന്നുണ്ട്. തിങ്കളാഴ്ചയിലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 113.15 ദശലക്ഷം യൂനിറ്റിലെത്തി. പീക്ക് ഡിമാൻഡ് 5717 മെഗാവാട്ടായാണ് വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.