പൊതുമേഖലയിൽ കൂടുതൽ തൊഴിലവസരം സൃഷ്ടിക്കും -മുഖ്യമന്ത്രി
text_fieldsകൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങൾ നവീകരിച്ചും പുതിയ സ്ഥാപനങ്ങൾ രൂപീകരിച്ചും സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സിറാമിക്സ് ഫാക്ടറിയുടെ കുണ്ടറ ഡിവിഷനിൽ നവീകരിച്ച പ്ലാന്‍റിന്‍റെയും, പ്രകൃതി വാതക പ്ലാന്‍റിന്റെയും ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ആദ്യകാല വ്യവസായ സംരംഭം എന്ന നിലയിൽ കുണ്ടറയിലെ സെറാമിക് ഫാക്ടറിക്ക് ചരിത്രപരമായ പ്രത്യേകതകളാണുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവീകരണ പദ്ധതിയിലൂടെ 220 ശതമാനം വാർഷിക വർധനവ് ഉൾപ്പെടെ മികച്ച നേട്ടങ്ങളാണ് കഴിഞ്ഞ നാലു വർഷത്തിനിടെ കേരള സിറാമിക്സിന് സ്വന്തമാക്കാൻ സാധിച്ചത്. വരും വർഷങ്ങളിൽ കമ്പനിയുടെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് പോകുന്നതിന് ആവശ്യത്തിനുള്ള ഭൂമി വാങ്ങാൻ കഴിഞ്ഞു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകി. വിവിധ തസ്തികകളുടെ നിയമനങ്ങൾ പൂർത്തീകരിച്ചു. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് പൂർത്തിയാക്കി. രണ്ട് പതിറ്റാണ്ട് കാലം പ്രവർത്തിക്കാൻ ഉറപ്പുവരുത്തുന്ന എല്ലാ സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. പുതിയ വ്യവസായങ്ങൾക്ക് മതിയായ സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ജില്ല പഞ്ചായത്തംഗം ജൂലിയറ്റ് നെൽസൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഉഷ പ്രസാദ്, പേരയം പഞ്ചായത്ത് പ്രസിഡന്‍റ് സ്റ്റാൻസി യേശുദാസ്, കേരള സിറാമിക്സ് ലിമിറ്റഡ് ചെയർമാൻ വായോളി മുഹമ്മദ്, കേരള സിറാമിക്സ് ലിമിറ്റഡ് എം.ഡി പി. സതീഷ് കുമാർ, ഡയറക്ടർ ബോർഡ് അംഗം സി. ബാൾഡിൻ, അഡ്വക്കേറ്റ് ആർ. സജി ലാൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.