ഫുഡ് ഹബ് ലഹരി ഹബാവുന്നോ? കോഴിക്കോട് ഇരിങ്ങാടൻപള്ളി റോഡിൽ 58 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി സ്വദേശി പിടിയിൽ
text_fieldsകോഴിക്കോട്: നഗരത്തിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. താമരശ്ശേരി സ്വദേശി മിർഷാദിനെയാണ് കോവൂർ-ഇരിങ്ങാടൻപള്ളി റോഡിൽവെച്ച് 58 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് സംഘം പിടികൂടിയത്. നേരത്തെ എം.ഡി.എം.എ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് ഇയാളെന്നും എക്സൈസ് സംഘം അറിയിച്ചു. മിർഷാദ് നൽകിയ എം.ഡി.എം.എ വിഴുങ്ങിയാണ് ഷാനിദ് മരിച്ചതെന്ന് സൂചനയുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
കോഴിക്കോട് ജില്ലയിൽ നൈറ്റ് ലൈഫിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നായി മാറിയ കോവൂർ-ഇരിങ്ങാടൻപള്ളി റോഡ് കേന്ദ്രീകരിച്ച് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരാൾ എം.ഡി.എം.എയുമായി പിടിയിലാവുന്നത്. ഫുഡ് ഹബായി പേരുകേട്ട ഇവിടെ നഗരത്തിലെ വിദ്യാർഥികളും യുവാക്കളുമൊക്കെയാണ് രാത്രിയിൽ പ്രധാനമായി തമ്പടിക്കുന്നത്. പുലർച്ചെ വരെ ഇവിടെ യുവജനങ്ങൾ സജീവമാണ്. കുറഞ്ഞ കാലത്തിനിടെ, കൂണുപോലെയാണ് ഈ ഒന്നര കിലോമീറ്റർ ദൂരത്തിൽ നിരവധി ഭക്ഷണ സ്ഥാപനങ്ങൾ ഉയർന്നുവന്നത്. ലഹരിയുടെ കേന്ദ്രമായി ഇവിടം മാറുന്നതായി നേരത്തേ, സൂചനകൾ ശക്തമായിരുന്നു. അതിനിടയിലാണ് വൻ എം.ഡി.എം.എ വേട്ട. ഫുഡ് ഹബിന്റെ മറവിൽ ഇവിടം ലഹരി ഹബാവുന്നുവെന്നും അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യവുമായി പ്രദേശവാസികൾ രംഗത്തുവന്നിട്ടുണ്ട്.
താമരശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഹരിസംഘത്തിലെ പ്രധാനിയാണ് എം.ഡി.എം.എയുമായി പിടിയിലായ മിർഷാദ് എന്നാണ് സൂചന. രണ്ട് മാസത്തിനിടെ താമരശ്ശേരിയിൽ ലഹരിയെ തുടർന്ന് രണ്ട് മൃഗീയ കൊലപാതകങ്ങളാണ് ഉണ്ടായത്. മസ്തിഷ്‍കാർബുദം ബാധിച്ച് ശസ്ത്രക്രിയക്ക് ശേഷം വീട്ടിൽ വിശ്രമിക്കുകയായിരുന്ന അമ്മ സുബൈദയെ മകൻ ആഷിഖ് കഴുത്തറുത്ത് കൊന്നതായിരുന്നു ഇതിലൊരു സംഭവം.
പുതുപ്പാടി ഈങ്ങാപ്പുഴ കക്കാടാണ് ലഹരി രണ്ടാമതൊരു ജീവൻ കൂടിയെടുത്തത്. ഇവിടെ ഷിബിലയെന്ന യുവതിയെ ഭർത്താവ് യാസിർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹിമാൻ, ഹസീന എന്നിവരും കുത്തേറ്റ് ചികിത്സയിലാണ്.
താമരശ്ശേരി, ഈങ്ങാപ്പുഴ, അടിവാരം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലഹരിവിരുദ്ധപ്രവർത്തകർക്ക് ലഹരിമാഫിയയുടെ ഭീഷണിയുമുണ്ടായിരുന്നു. പൊലീസ് ഇക്കാര്യത്തിൽ കാര്യമായി ഇടപെടുന്നില്ലെന്നും പരാതിയുണ്ടായിരുന്നു. ഇതിനിടെയാണ് താമരശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരിസംഘത്തിലെ പ്രധാനി തന്നെ പിടിയിലാവുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.