കാൽ കഴുകുന്നത് ഭാരതീയ സംസ്ക്കാരത്തിന്‍റെ ഭാഗം, വിമർശിക്കുന്നവർക്ക് സംസ്ക്കാരമില്ലെന്ന് കരുതേണ്ടി വരും- ഇ ശ്രീധരൻ
text_fieldsപാലക്കാട്: കാൽകഴുകലും ആദരിക്കലും ഭാരതീയ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് പാലക്കാട് ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരൻ. അത് വിവാദമാക്കുന്നവർ സംസ്കാരം ഇല്ലാത്തവരാണെന്ന് കരുതേണ്ടിവരുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.
കാൽ കഴുകുന്നതും വന്ദിക്കുന്നതും മുതിർന്നവരോടുള്ള ബഹുമാനമാണ്. സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയിലല്ല തന്‍റെ പ്രവർത്തനം. എതിരാളികളെ കുറ്റം പറയാനില്ല. സനാതന ധർമത്തിന്‍റെ ഭാഗമല്ല അത്. വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേപോലെ സ്വീകരിക്കുന്നു എന്നും ഇ. ശ്രീധരൻ പറഞ്ഞു.
ഇ. ശ്രീധരന് ഏർപ്പെടുത്തുന്ന സ്വീകരണങ്ങളിൽ മാലയിട്ട് സ്വീകരിക്കുന്നതിന് പുറമെ കാൽ കഴുകി സ്വീകരിക്കുന്നതും വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. പ്രചരണത്തിനിടെ ഇദ്ദേഹത്തെ മുട്ടുകുത്തി വണങ്ങുന്നതും കാൽ തൊട്ട് തൊഴുന്നതും നമസ്ക്കരിക്കുന്നതുമായ ചിത്രങ്ങളും പുറത്തുവന്നിരുന്നു. സവര്‍ണമനോഭാവമാണ് കാൽപിടിച്ച് തൊഴുന്ന ചിത്രങ്ങളിലൂടെ വ്യക്തമാകുന്നത് എന്നായിരുന്നു ആരോപണം.
ഈ സാഹചര്യത്തിലാണ് ഇ ശ്രീധരന്റ വിശദീകരണം. ശക്തമായ ത്രികോണ മത്സരമാണ് പാലക്കാട് നടക്കുന്നത്. മൂന്നാമൂഴം തേടുന്ന കോൺഗ്രസിന്റെ ഷാഫി പറമ്പിലും സി.പി.എമ്മിലെ സി.പി പ്രമോദുമാണ് പാലക്കാട് ഇ. ശ്രീധരന്റെ മുഖ്യ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.