കുറ്റ്യാടിയിൽ ചരിത്രം ആവർത്തിക്കുമോ?
text_fieldsകുറ്റ്യാടി: കഴിഞ്ഞ മൂന്നു ലോക്സഭ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനെ മുന്നിലെത്തിച്ച കുറ്റ്യാടി നിയമസഭ മണ്ഡലത്തിൽ ഇത്തവണ ചരിത്രം ആവർത്തിക്കുമോ? കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിയ ഭൂരിപക്ഷം ലഭിച്ചെങ്കിലും ഇത്തവണ സ്ഥിതി കാത്തിരുന്നുകാണണം.
ആകെയുള്ള എട്ടു പഞ്ചായത്തുകളിൽ മൂന്നിടത്തു മാത്രമാണ് യു.ഡി.എഫ് ഭരണമുള്ളത്. മറ്റിടങ്ങളിൽ എൽ.ഡി.എഫാണ്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 1,57,810 വോട്ട് പോൾ ചെയ്തതിൽ യു.ഡി.എഫിലെ പാറക്കൽ അബ്ദുല്ല 71,809ഉം എൽ.ഡി.എഫിലെ കെ.കെ. ലതിക 70,652ഉം എൻ.ഡി.എ 12,327 വോട്ടുമാണ് നേടിയത്. അബ്ദുല്ലയുടെ ഭൂരിപക്ഷം 1,157 ആയിരുന്നു.
തുടർന്ന് 2019ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കെ. മുരളീധരന് 17,898 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. എൻ.ഡി.എ വോട്ട് അന്ന് മുൻ തെരഞ്ഞെടുപ്പിനേക്കാൾ കുറയുകയുമുണ്ടായി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ കെ.പി. കുഞ്ഞമ്മദ്കുട്ടി 80,143 വോട്ടും യു.ഡി.എഫിലെ പാറക്കൽ അബ്ദുല്ല 79,810 വോട്ടും ബി.ജെ.പി 9,139 വോട്ടുമാണ് നേടിയത്.
കുഞ്ഞമ്മദ്കുട്ടി 333 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ബി.ജെ.പി വോട്ടുകൾ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ കൂടിയെങ്കിലും 2016 അസംബ്ലി തെരഞ്ഞെടുപ്പിനേക്കാൾ കുറയുകയായിരുന്നു.
പഴയ മേപ്പയൂർ നിയോജക മണ്ഡലം പുനഃസംഘടിപ്പിച്ചാണ് 2011ൽ കുറ്റ്യാടി മണ്ഡലം രൂപവത്കരിച്ചത്. ആദ്യ ജയം എൽ.ഡി.എഫിനായിരുന്നു. പിന്നീട് മാറുകയും മറിയുകയും ചെയ്തു. എന്നാൽ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഭൂരിപക്ഷം നിലനിർത്തിവരുകയാണ്.
കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ടെങ്കിലും അതിനെയെല്ലാം മറികടന്ന് ഇത്തവണ 10,000 വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നത്. ഷാഫി പറമ്പിലിന്റെ സ്ഥാനാർഥിത്വം യുവാക്കളിൽ സ്വീകാര്യത നേടിയതായി അദ്ദേഹത്തിന്റെ പ്രചാരണ പരിപാടികളിലെ ജനക്കൂട്ടം വ്യക്തമാക്കുന്നു.
വിലവർധനയും മറ്റും കാരണം കേരളത്തിലെ ഇടത് ഭരണത്തിൽ സ്ത്രീകൾക്ക് അതൃപ്തിയുണ്ടെന്നും അത് വോട്ടായി മാറുമെന്നുമാണ് പ്രതീക്ഷ. എന്നാൽ, കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പു കാലത്തെ രാഷ്ട്രീയ അന്തരീക്ഷമല്ല ഇന്നുള്ളത്.
ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് യു.ഡി.എഫ് എം.പിമാരേക്കാൾ എൽ.ഡി.എഫ് പ്രതിനിധികളാണ് സഭയിൽ ഉണ്ടാകേണ്ടതെന്ന പൊതുവികാരം ന്യൂനപക്ഷങ്ങളിൽ സംജാതമായെന്നാണ് ഇടതു കേന്ദ്രങ്ങളുടെ പക്ഷം.
കേരളത്തിന്റെ അവകാശങ്ങൾ ചോദിച്ചുവാങ്ങാനും ഇടതുപക്ഷമാണ് കൂടുതൽ അഭികാമ്യമെന്ന് ജനം തിരിച്ചറിഞ്ഞതായും അതിനാൽ കെ.കെ. ശൈലജക്ക് കൂടുതൽ വോട്ട് ലഭിക്കുമെന്നും അവർ പറയുന്നു. നിഷ്പക്ഷ വോട്ടർമാരാണ് ഇവിടെ വിജയം നിർണയിക്കുക.
കുറ്റ്യാടി മണ്ഡലം ഒറ്റനോട്ടത്തിൽ
2021 നിയമസഭ തെരഞ്ഞെടുപ്പ്
ജയിച്ചത്: എൽ.ഡി.എഫ്
എം.എൽ.എ: കെ.പി. കുഞ്ഞമ്മദ്കുട്ടി
ഭൂരിപക്ഷം: 333
പഞ്ചായത്തുകളിലെ ഭരണം
കുറ്റ്യാടി -എൽ.ഡി.എഫ്
കുന്നുമ്മൽ -എൽ.ഡി.എഫ്
പുറമേരി -എൽ.ഡി.എഫ്
മണിയൂർ -എൽ.ഡി.എഫ്
വില്യാപ്പള്ളി -എൽ.ഡി.എഫ്
വേളം -യു.ഡി.എഫ്
ആയഞ്ചേരി -യു.ഡി.എഫ്
തിരുവള്ളൂർ -യു.ഡി.എഫ്
നിലവിലെ വോട്ടർമാർ
ആകെ വോട്ടർമാർ -2,14,660
പുരുഷന്മാർ -1,03,931
സ്ത്രീകൾ -11,07,21
ട്രാൻസ്ജൻഡർ -08
2019ലെ ലോക്സഭ വോട്ടുനില
കെ. മുരളീധരൻ (യു.ഡി.എഫ്) -83,628
പി. ജയരാജൻ (എൽ.ഡി.എഫ്) -65,736
വി.കെ. സജീവൻ (എൻ.ഡി.എ) 7,851
യു.ഡി.എഫ് ഭൂരിപക്ഷം -17,892
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.