ഭയം വിടാതെ വേട്ടയാടും; ഇനി പഴയ അരിക്കൊമ്പനാവില്ല
text_fieldsതിരുവനന്തപുരം: അരിക്കൊമ്പൻ ഇനി പഴയ അരിക്കൊമ്പനാകില്ല. കരുത്തും വീര്യവും ചോർന്ന് ഭയപ്പാടുള്ള ആനയായിട്ടായിരിക്കും അരിക്കൊമ്പൻ ഇനി കാടുവാഴുക. എത്ര അക്രമകാരിയായ മൃഗവും മനുഷ്യന് കീഴ്പ്പെടുന്നത് ഏറ്റവും ഒടുവിൽ ഭയന്നിട്ടാണ്. ആ ഭയപ്പാടിൽ നിന്ന് പിന്നീട് ഒരിക്കലും ആ മൃഗം വിമുക്തിനേടില്ല എന്ന് മൃഗപരിപാലകർ പറയുന്നു. ആന ഉൾപ്പെടെ മൃഗങ്ങൾ മനുഷ്യനോട് മെരുങ്ങുന്നതും അങ്ങനെയാണ്.
കാട്ടാനകളെ സംബന്ധിച്ച് മയക്കുവെടി വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കില്ല. ഒറ്റവെടിയാണ് അരിക്കൊമ്പന് നൽകിയത്. അനുബന്ധമായി നൽകിയ നാലെണ്ണം ബൂസ്റ്റർ ഡോസുകളും. മയക്കുവെടി അതിന്റെ ബുദ്ധിക്കോ ചലനങ്ങൾക്കോ ഭാവിയിൽ ഒരുവിധ പ്രശ്നങ്ങളും ഉണ്ടാക്കില്ലെന്നാണ് വെറ്ററിനറി ഡോക്ടർമാരും പറയുന്നത്. ആനയുടെ മസിലുകളുടെ ബലച്ചോർച്ചയാണ് മയക്കുവെടികൊണ്ട് ദൗത്യസംഘങ്ങൾ ലക്ഷ്യമിടുന്നത്. തുറന്നുവിടുന്ന സമയത്ത് മയക്കംമാറാനുള്ള ആന്റിഡോട്ട് (മറുമരുന്ന്) കൂടി നൽകുന്നതോടെ ആരോഗ്യം തിരിച്ചുവരും.
ഇപ്പോൾ തുറന്നുവിട്ടിടത്ത് മറ്റ് ആനകളെ കൂട്ടിന് കിട്ടിയില്ലെങ്കിൽ അരിക്കൊമ്പൻ തന്റെ പഴയ ആവാസം തേടിയെത്താനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല. ആനകൾ ദിവസവും 15 ഉം 20 ഉം കിലോമീറ്റർ സഞ്ചരിക്കും.
ഇപ്പോൾ തുറന്നുവിട്ട മുല്ലക്കൊടി ഭാഗത്തുനിന്ന് റോഡ് മാർഗം 120 കി.മീറ്ററോളമുണ്ടെങ്കിലും വനത്തിനകത്ത് കൂടി സഞ്ചരിച്ചാൽ 60 കി.മീ താണ്ടിയാൽ ആനമുടിച്ചോലയിലെത്താം. അരിക്കൊമ്പന്റെ വിഹാരകേന്ദ്രമായിരുന്ന മൂന്നാർ ആനമുടിച്ചോലയുടെ മറുകരയിലാണ് ഇപ്പോൾ തുറന്നുവിട്ടിരിക്കുന്നത്. അരിക്കൊമ്പന്റെ താവളം എപ്പോഴും ആനമുടിച്ചോലയായിരുന്നു.
അവിടെ നിന്ന് തമിഴ്നാട്ടിലേക്കും ചിന്നക്കനാലിലേക്കും ഇറങ്ങാം. അതിനാൽ എപ്പോൾ വേണമെങ്കിലും പഴയ തട്ടകത്തിൽ അരിക്കൊമ്പൻ എത്തിയേക്കാം. എങ്കിലും പഴയ ശൗര്യം കാണില്ലെന്ന് ഏതാണ്ട് ഉറപ്പിക്കാനാകും. ഇപ്പോൾ തുറന്നുവിട്ടയിടം ജനവാസമേഖലയല്ല, പൂർണമായും വനത്തിനകത്താണ്. ഇവിടെ വനംവകുപ്പിന്റെ ഒരു ക്യാമ്പ് ഓഫിസ് മാത്രമാണുള്ളത്. ഏതെങ്കിലും വാഹനങ്ങൾ എത്തുന്നത് വർഷത്തിലൊരിക്കൽ മംഗളാദേവി ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ്. റേഡിയോ കോളർ ഘടിപ്പിച്ച് വിട്ടതിനാൽ ആനയുടെ ഓരോനീക്കവും വനംവകുപ്പിന് അറിയാൻ സാധിക്കും. ആ നിരീക്ഷണം ഇപ്പോൾ കൃത്യമായി കിട്ടുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.