ട്രെയിനിലെ മർദനം: പരിശോധിച്ച ശേഷം നടപടിയെന്ന് കമീഷണർ
text_fieldsകണ്ണൂർ: മാവേലി എക്സ്പ്രസിൽ യാത്രക്കാരനെ പൊലീസ് ക്രൂരമായി മർദിച്ച സംഭവം പരിശോധിക്കാൻ സ്പെഷൽ ബ്രാഞ്ച് എ.സി.പിയെ ചുമതലപ്പെടുത്തിയതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ.
കേരള പൊലീസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ പോകുന്ന ഉദ്യോഗസ്ഥരാണ് സർക്കാർ റെയിൽവേ പൊലീസിൽ ജോലിചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ചൈത്ര തെരേസ ജോണാണ് റെയിൽവേ പൊലീസ് എസ്.പി. യാത്രക്കാരുടെ സംരക്ഷണം കേരള റെയിൽവേ പൊലീസിനും റെയിൽവേയുടെ വസ്തുക്കളുടെ സംരക്ഷണം കേന്ദ്ര റെയിൽ സുരക്ഷാ സേനക്കുമാണ്.
ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ പ്രകാരം അച്ചടക്ക നടപടിയെടുക്കണമെങ്കിൽ അതിന്‍റെ അധികാരപരിധി ഏതാണെന്ന് തീരുമാനിക്കണം. സംഭവത്തിൽ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്നും പരിശോധിക്കണം. ഇതിനായി സ്പെഷൽ ബ്രാഞ്ച് എ.സി.പിയെ ചുമതലപ്പെടുത്തി. സർക്കാർ റെയിൽവേ പൊലീസിലും സമാന്തരമായി അന്വേഷണം നടക്കുകയാണെന്ന് കമീഷണർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയാണ് മാവേലി എക്സ്പപ്രസിൽ വെച്ച് കേരള റെയിൽവേ പൊലീസ് എ.എസ്.ഐ യാത്രക്കാരനെ മർദ്ദിച്ചത്. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥൻ ക്രൂരമായി മർദ്ദിച്ചത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടി.ടി.ഇ ആണെന്നിരിക്കെയാണ് പൊലീസുകാരൻ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പർ കമ്പാർട്ട്മെന്‍റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മർദ്ദിച്ചത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.