നീതി ലഭിക്കുമോ ചിട്ടികളിൽ പണം നഷ്ടപ്പെട്ടവർക്ക് ?
text_fieldsശ്രീകണ്ഠപുരം: കണ്ണൂർ ജില്ലയിൽ ഉൾഗ്രാമങ്ങളിലടക്കം അനധികൃത ചിട്ടിക്കമ്പനികളിൽ ചേർന്ന് വഞ്ചിതരായ നൂറുകണക്കിനാളുകൾ നീതികിട്ടാതെ വലയുന്നു. അനധികൃത ചിട്ടിസ്ഥാപനങ്ങൾ പലതും തകർന്ന് പണം നഷ്ടപ്പെട്ടപ്പോൾ സാധാരണക്കാർ പെരുവഴിയിലാവുകയായിരുന്നു.
കേസുകൾ നിരവധിയുണ്ടായെങ്കിലും ആർക്കും പണം കിട്ടിയില്ല. തട്ടിപ്പു നടത്തിയവർ പുറമെ വിലസിനടക്കുന്ന കാഴ്ചയുമുണ്ട്. മലയോര മേഖലയിലെ നൂറുകണക്കിന് സാധാരണക്കാരാണ് ജീവിതം കരുപ്പിടിപ്പിക്കണമെന്ന സ്വപ്നംകണ്ട് പല ചിട്ടി സ്ഥാപനങ്ങളിലും തങ്ങളുടെ വരുമാനം നിക്ഷേപിച്ചത്.
കൂലിപ്പണിക്കാർ, ഓട്ടോ-ടാക്സി തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, വീട്ടമ്മമാർ തുടങ്ങിയവരാണ് ഏറെയും ചിട്ടികളിൽ ചേർന്നിരുന്നത്. പണം നഷ്ടപ്പെട്ടതിെൻറ കണ്ണീർ ബാക്കിയുള്ളതും ഇവർക്കു മാത്രം.
മാനന്തവാടി, കേളകം എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ശ്രീകണ്ഠപുരം ഉൾപ്പെടെ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഒമ്പതു സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന അനിവാര്യ ചിറ്റ്സ് എന്ന സ്ഥാപനം പൂട്ടിയിട്ട് മൂന്നു വർഷത്തിലേറെയായി.
ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനിൽ മാത്രം 250ലേറെ പേരാണ് പണം നഷ്ടപ്പെട്ടതിെൻറ പേരിൽ പരാതി നൽകിയത്. ചിട്ടി സ്ഥാപന ഉടമ മാനന്തവാടി തരുവണ സ്വദേശിയെ ഏറെ മാസങ്ങൾക്കുശേഷം അറസ്റ്റു ചെയ്തെങ്കിലും പണം നഷ്ടപ്പെട്ടവർക്ക് ഒന്നും തിരിച്ചുകിട്ടിയില്ല.
കൽപറ്റ കേന്ദ്രീകരിച്ചുള്ള മാരുതി ചിറ്റ്സിെൻറ ചെമ്പേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ബ്രാഞ്ചുകൾ പൂട്ടിയപ്പോൾ പണം നഷ്ടപ്പെട്ടത് നിരവധിയാളുകൾക്കാണ്. 5000 മുതൽ 10 ലക്ഷം വരെ നഷ്ടപ്പെട്ടവരാണ് ഏറെയും. ചിട്ടി സ്ഥാപന ഉടമയെ തേടി ഒട്ടേറെ പേർ കൽപറ്റയിൽ പോയെങ്കിലും പൂട്ടിക്കിടക്കുന്ന ഹെഡ് ഓഫിസ് മാത്രമാണ് കാണാൻ കഴിഞ്ഞത്.
ശ്രീകണ്ഠപുരത്ത് ശാഖ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചുള്ള ടി.എൻ.ടി ചിറ്റ്സ് എന്ന സ്ഥാപനം പൂട്ടിയിട്ട് മാസങ്ങളായി. സംസ്ഥാനത്ത് പലയിടത്തും ബ്രാഞ്ചുകളുണ്ടായിരുന്ന ഈ ചിട്ടി സ്ഥാപനത്തിെൻറ ഉടമകളെ അറസ്റ്റുചെയ്തെങ്കിലും പണം നഷ്ടപ്പെട്ടവരുടെ കാര്യത്തിൽ ഒരു നീതിയും ലഭിച്ചിട്ടില്ല.
പയ്യാവൂർ കേന്ദ്രീകരിച്ചുണ്ടായിരുന്ന എയ്മി, ശ്രീകൃഷ്ണ ചിട്ടി സ്ഥാപനങ്ങളും പൂട്ടിയതിനാൽ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു. കേസ് വന്നതോടെ ഉടമകൾ അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. പണം നഷ്ടപ്പെട്ടവർ ദുരിതക്കയത്തിൽ വീഴുകയും ചെയ്തു.
ചിട്ടി സ്ഥാപനങ്ങൾ ആരംഭിക്കുമ്പോൾ ഗ്രാമപ്രദേശങ്ങളിലെ യുവതീയുവാൾക്ക് തൊഴിൽ നൽകിയാണ് ഉടമകളുടെ തട്ടിപ്പിെൻറ തുടക്കം. തൊഴിൽ ലഭിക്കുന്നവർ നിശ്ചിത എണ്ണം വരിക്കാതെ ചേർത്താൽ സ്ഥിരം ജോലിയും കൂടുതൽ വരുമാനവും വാഗ്ദാനം നൽകും.
ഇതേ തുടർന്ന് ഇവർ ബന്ധുക്കളെയും അയൽക്കാരെയും പരിചയക്കാരെയുമെല്ലാം ചിട്ടികളിൽ ചേർക്കാൻ പരമാവധി ശ്രമിച്ചു. ലക്ഷങ്ങളുമായി തട്ടിപ്പുകാരായ ഉടമകൾ മുങ്ങുമ്പോൾ ഇടപാടുകാരോട് മറുപടി പറയാനാവാതെ തൊഴിലാളികൾ കഷ്ടപ്പെടുകയാണ്. ഇത്തരത്തിൽ നിരവധി തൊഴിലാളികൾ മലയോരത്തടക്കമുണ്ട്. പണം കിട്ടാതെ പെരുവഴിയിലായ പട്ടിണിപ്പാവങ്ങളുടെ രോദനം വേറെയും.
അജ്ഞത മുതലെടുക്കുന്നു
ചിട്ടി നിയമങ്ങൾ അനുസരിച്ചാണോ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ചിട്ടികളിൽ ചേരുന്ന പലരും അന്വേഷിക്കാറില്ല. 2012ലെ ചിട്ടി നിയമപ്രകാരം അതത് പ്രദേശങ്ങളിലെ സബ് രജിസ്ട്രാർ ഓഫിസുകളിൽ രജിസ്റ്റർ ചെയ്യാത്ത ചിട്ടികൾ നിയമവിരുദ്ധമാണ്.
ചിട്ടി പാസ്ബുക്കുകളിൽ സബ് രജിസ്ട്രാർ ഒപ്പിടേണ്ടതും സീൽ പതിപ്പിക്കേണ്ടതുമാണ്. ചിട്ടി തുകയുടെ ആദ്യ തവണ സബ് രജിസ്ട്രാർ അനുവദിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കണം. ചിട്ടിയിൽ ചേർന്നവരുടെ പേരുവിവരങ്ങൾ സബ് രജിസ്ട്രാർ ഓഫിസുകളിൽ ചിട്ടി നടത്തുന്നവർ സമർപ്പിക്കണം.
ചിട്ടി കാലാവധി അവസാനിച്ച് ഏഴു ദിവസങ്ങൾക്കുള്ളിൽ ചിട്ടിയിൽ ചേർന്നവർക്കെല്ലാം തുക മടക്കിക്കിട്ടിയെന്ന് ഉറപ്പു വരുത്തിയാൽ മാത്രമേ ബാങ്കിൽ നിക്ഷേപിച്ച ആദ്യ തവണയുടെ നിക്ഷേപം ചിട്ടിനടത്തിപ്പുകാർക്ക് പിൻവലിക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.