കാലടി സർവകലാശാല അടച്ചുപൂട്ടുമോ? ആശങ്കയിൽ അധ്യാപകരും ജീവനക്കാരും
text_fieldsകാലടി: കടുത്ത സാമ്പത്തിക പ്രതിസന്ധിയും തുടർച്ചയായ വിവാദങ്ങളുംമൂലം ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല അടച്ചുപൂട്ടുമോ എന്ന ആശങ്കയിൽ അധ്യാപകരും ജീവനക്കാരും. മേയ് അഞ്ചിന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ സർവകലാശാലയുടെ തുറവൂർ കാമ്പസ് അടച്ചുപൂട്ടാനുള്ള തീരുമാനം എടുത്തിരുന്നു. പാലക്കാട്, തിരുവല്ല, തൃശൂർ സെന്‍ററുകൾ നേരത്തേ പൂട്ടിയിരുന്നു. വിവാദ പിഎച്ച്.ഡി പ്രവേശനവുമായി ബന്ധപ്പെട്ട കെ. വിദ്യയുടെ ഗവേഷണ ഗൈഡ് ഡോ. ബിച്ചു എക്സ്. മലയിൽകൂടി പങ്കെടുത്ത സിൻഡിക്കേറ്റ് യോഗമാണ് തുറവൂർ സെന്‍റർ പൂട്ടാനുള്ള തീരുമാനമെടുത്തത്.
20 വർഷമായി തുറവൂർ കാമ്പസിന്‍റെ ഡയറക്ടറാണ് ഡോ. ബിച്ചു എക്സ്. മലയിൽ. ആദ്യപടിയായി തുറവൂർ കേന്ദ്രത്തിൽ ഈ വർഷം മുതൽ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനം നടത്തേണ്ടെന്നാണ് സിൻഡിക്കേറ്റ് തീരുമാനിച്ചിരിക്കുന്നത്. എം.എസ്.ഡബ്ല്യു. ഉൾപ്പെടെ നാല് പി.ജി പ്രോഗ്രാമുകളും സംസ്കൃതത്തിൽ ബിരുദ കോഴ്സുമാണ് തുറവൂർ കാമ്പസിലുണ്ടായിരുന്നത്. വിവാദങ്ങളും രാഷ്ട്രീയ അതിപ്രസരവും കാലാനുസൃതമായ നൂതന കോഴ്സുകളുടെ അഭാവവും രാഷ്ട്രീയ റിക്രൂട്ട്മെന്‍റിൽ നിയമനം ലഭിച്ച അധ്യാപകരുടെ ഗുണമേന്മയില്ലായ്മയുംമൂലം വിദ്യാർഥികൾ സർവകലാശാലയിൽ പഠിക്കാൻ എത്തുന്നില്ലെന്നത് വലിയ തിരിച്ചടിയാണ്.
കേവലം ആയിരത്തോളം കുട്ടികൾക്ക്, അധ്യാപകർ ഉൾപ്പെടെ 800ഓളം ജീവനക്കാർ സർവകലാശാലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ സ്ഥിരം ജീവനക്കാരും കരാർ, ദിവസവേതന ജീവനക്കാരുമുണ്ട്. സാമ്പത്തിക പ്രതിസന്ധിമൂലം സംസ്കൃത സർവകലാശാലയുടെ പ്രവർത്തനങ്ങൾ സ്തംഭനാവസ്ഥയിലാണ്. ഒരുമാസം ശമ്പളം നൽകാൻ ഏഴുകോടി രൂപ ആവശ്യമാണ്. പ്ലാൻ ഫണ്ടും യു.ജി.സി, റൂസ ഫണ്ടുകൾ വകമാറ്റിയുമാണ് സർവകലാശാല ശമ്പളം നൽകിവരുന്നത്. നിയമനങ്ങളിലും പ്രവേശനത്തിലും അടിക്കടി ഉണ്ടാകുന്ന വിവാദങ്ങൾ സർവകലാശാലയുടെ നിലനിൽപുതന്നെ ചോദ്യംചെയ്യുന്ന രീതിയിലായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.