വിഴിഞ്ഞം പദ്ധതി കേരളം ഏറ്റെടുക്കുന്നോ? കേന്ദ്രം
text_fieldsന്യൂഡൽഹി: കോൺഗ്രസും കമ്യൂണിസ്റ്റുകളും അദാനിയെ ക്ഷണിച്ചുവരുത്തി താലത്തിൽ വെച്ചുകൊടുത്ത വിഴിഞ്ഞം തുറമുഖം ഏറ്റെടുക്കാൻ കേരള സർക്കാർ ആഗ്രഹിക്കുന്നുണ്ടോ എന്നു വ്യക്തമാക്കണമെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാറിന് ഏറ്റെടുക്കാൻ താൽപര്യമുണ്ടെങ്കിൽ ചട്ടങ്ങൾ അനുസരിച്ച് മുന്നോട്ടുപോയി വിഴിഞ്ഞം തുറമുഖം ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്നും ധനമന്ത്രി നിർമല സീതാരാമൻ ചോദിച്ചു. ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ചക്ക് രാജ്യസഭയിൽ മറുപടി നൽകുകയായിരുന്നു അവർ.
വിഴിഞ്ഞം തുറമുഖം പൊതുമേഖല തുറമുഖമായി വികസിപ്പിക്കാനല്ലേ കേരളത്തിലെ ഇടതുപക്ഷ സർക്കാർ ആഗ്രഹിച്ചതെന്ന് സി.പി.എം എം.പി ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ചോദിച്ചതിന് മറുപടിയായിട്ടാണ് കേരളം ഏറ്റെടുക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടത്.
വിഴിഞ്ഞം തുറമുഖം കോൺഗ്രസും കമ്യൂണിസ്റ്റുകളും അദാനിക്ക് താലത്തിൽ വെച്ചു നീട്ടിയതാണെന്നും മോദി സർക്കാർ പദ്ധതികൾ അംബാനിക്കും അദാനിക്കും നൽകുന്നെന്ന് പറഞ്ഞവർ തന്നെയാണിത് ചെയ്തതെന്നും നിർമല പരിഹസിച്ചു.
കേരളത്തിൽ കോൺഗ്രസും കമ്യൂണിസ്റ്റുകളും ചേർന്ന് ഒരു തുറമുഖം ഏറ്റവും വലിയ കോർപറേറ്റിന് താലത്തിൽ വെച്ച് നൽകുകയായിരുന്നു. വരൂ, വരൂ ഈ തുറമുഖമൊന്ന് വികസിപ്പിച്ചു തരൂ എന്നു പറഞ്ഞാണ് ആ കോർപറേറ്റിനെ കോൺഗ്രസ് കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയത്. കോർപറേറ്റിനെ കൊണ്ടുവന്നത് കോൺഗ്രസാണെന്നത് ശരി.
അതിനുശേഷം കമ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നപ്പോൾ ആ തുറമുഖം വികസിപ്പിക്കാൻ അവർക്കും ആ കോർപറേറ്റു തന്നെ വേണം. ആ കോർപറേറ്റിനായി കോൺഗ്രസും കമ്യൂണിസ്റ്റുകളും നടത്തുന്ന സൗഹൃദമത്സരമല്ലേ കേരളത്തിൽ നടക്കുന്നതെന്ന് ജോൺ ബ്രിട്ടാസിനെ പേരെടുത്ത് പറഞ്ഞ് നിർമല സീതാരാമൻ ചോദിച്ചു.
കോൺഗ്രസുകളും കമ്യൂണിസ്റ്റുകളും പരസ്പരം പോരടിക്കുമ്പോൾ കോർപറേറ്റുകളെ വലിച്ചെറിയും. എന്നാൽ, അവർ ക്ഷണിച്ചുകൊണ്ടുവന്നാൽ മൗനം പാലിക്കുകയും കോൺഗ്രസും കമ്യൂണിസ്റ്റുകളും തമ്മിലുള്ള സൗഹൃദമത്സരം തുടരുകയും ചെയ്യും. ബി.ജെ.പി ചെയ്യുമ്പോൾ മാത്രം തെറ്റ് എന്നാണിവർ പറയുന്നത്. മോദി സർക്കാർ ഈ തരത്തിൽ ചെയ്താൽ അദാനിക്കും അംബാനിക്കും കൊടുത്തതാണെന്ന് ഇവർ പറയും.
വിഴിഞ്ഞം തുറമുഖം സ്വകാര്യതുറമുഖമെന്നതിലുപരി പൊതുമേഖല തുറമുഖമാക്കാനാണ് ഇടതുപക്ഷ സർക്കാർ ആഗ്രഹിച്ചത് എന്നതല്ലേ വസ്തുതയെന്ന് ജോൺ ബ്രിട്ടാസ് നിർമലയോട് ചോദിച്ചു. വിഴിഞ്ഞം തുറമുഖം ഏറ്റെടുത്ത് വികസിപ്പിക്കാൻ കേരളത്തിലെ കോൺഗ്രസ് സർക്കാർ ക്ഷണിച്ചുകൊണ്ടുവന്നതാണ് കോർപറേറ്റിനെ എന്നതാണ് വസ്തുത.
തുടർന്ന് കമ്യൂണിസ്റ്റുകളുടെ ഇടതുപക്ഷ സർക്കാർ വന്നപ്പോൾ അവർ ഒന്നും ചെയ്തില്ല. ബ്രിട്ടാസ് പറയുന്നതുപോലെ സംസ്ഥാന സർക്കാറിന് ഇപ്പോൾ ഏറ്റെടുക്കാൻ താൽപര്യമുണ്ടെങ്കിൽ ചട്ടങ്ങൾ അനുസരിച്ച് മുന്നോട്ടുപോയി ഏറ്റെടുക്കണം. അങ്ങനെ അത് ഏറ്റെടുക്കാത്തത് എന്തുകൊണ്ടാണെന്നും നിർമല ചോദിച്ചു.
വിഴിഞ്ഞം കൊടുത്തതിൽ തെറ്റ് എന്തെന്ന് ബ്രിട്ടാസ്
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖം കോർപറേറ്റിനു കൊടുത്തതിൽ വല്ല തെറ്റുമുണ്ടോ എന്ന് സി.പി.എം എം.പി ജോൺ ബ്രിട്ടാസ്. ബ്രിട്ടാസിൽനിന്ന് ഇത് കേട്ടതിൽ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ധനമന്ത്രി നിർമല സീതാരാമൻ. ബ്രിട്ടാസാണിത് പറയുന്നതെന്ന് രാജ്യസഭ അധ്യക്ഷൻ ജഗ്ദീപ് ധൻകറിനെ നിർമല ഓർമിപ്പിച്ചു.
നിങ്ങൾക്ക് പദ്ധതികളുണ്ടാകുമ്പോൾ തുറന്ന ടെൻഡർ നടപടികളിലൂടെ ഒരു പ്രത്യേക കോർപറേറ്റിന് പദ്ധതി കിട്ടിയാൽ അതിലെന്തെങ്കിലും തെറ്റുണ്ടോ എന്നാണ് ബ്രിട്ടാസ് ചോദിക്കുന്നത്. എന്നാൽ, മോദി സർക്കാർ ഈ തരത്തിൽ ചെയ്താൽ അദാനിക്കും അംബാനിക്കും കൊടുത്തതാകും എന്നു നിങ്ങൾ പറയും. രാജസ്ഥാനും ഒരു കോർപറേറ്റിന് ഭൂമി നൽകി. മറ്റു സംസ്ഥാനങ്ങളും അതുപോലെ ചെയ്തു. കോർപറേറ്റുകളെ അവർ ക്ഷണിച്ചാൽ മൗനമാണെന്നും നിർമല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.