കോൺഗ്രസിന് കൈ കൊടുക്കുമോ കൊല്ലം
text_fieldsകൊല്ലം: ഇടതുകോട്ടയാണ് കൊല്ലം എന്നു പറയുന്നത് ഏതാണ്ടൊരു 'ക്ലീഷേ' ആയി. അതിനെക്കാൾ കോൺഗ്രസിന് ഇവിടെയൊരു എം.എൽ.എയുണ്ടായിട്ട് 20 വർഷമായി എന്നു പറയുന്നതാവും എളുപ്പം. അതായത്, ഇപ്പോഴത്തെ നില തുടർന്നാൽ എം.എൽ.എയില്ലാതായതിെൻറ രജതജൂബിലി ആഘോഷിക്കേണ്ടിവരും. 'കൊല്ലത്തുകാർക്ക് കോൺഗ്രസ് വേണ്ട' എന്ന നിലപാടിൽനിന്ന് അവർ മാറുമോ എന്നതാണ് ഇത്തവണത്തെ ചോദ്യം.
തെരഞ്ഞെടുപ്പുകാലത്തെ പിണക്കവും പരിഭവങ്ങളും അതിനെതുടർന്നുള്ള മറ്റ് കലാപരിപാടികളും യു.ഡി.എഫിൽനിന്ന് എൽ.ഡി.എഫിലേക്കും പടർന്നു. അത്തരം ഏർപ്പാടുകൾ തുടങ്ങിെവച്ചത് സി.പി.െഎ ആണ്. ഒരു ഇടതുകക്ഷിക്ക് ഇത്രയുമൊക്കെ ആകാമെങ്കിൽ പിന്നെ ഞങ്ങൾ എന്തിന് കുറക്കണം എന്ന ചിന്തയിൽ കോൺഗ്രസും അർമാദിച്ചു. ഡി.സി.സി പ്രസിഡൻറ് നേതൃപരമായ പങ്ക് വഹിച്ചു. ലീഗിനെ ഒാരോ മണ്ഡലത്തിൽനിന്നും നിലം തൊടീക്കാതെ ഒാടിച്ച് 'മുന്നണി മര്യാദ' കാട്ടുന്നതിലും കോൺഗ്രസ് ശ്രദ്ധ െവച്ചിരുന്നു. ഇതിനിടെ ഡീസൻറായി നിന്നത് ആർ.എസ്.പിയാണ്. കിട്ടിയ മൂന്നു സീറ്റിലും സ്ഥാനാർഥികളെ തീരുമാനിച്ചു. അവർക്കും പൂജ്യത്തിൽനിന്നാണ് തുടങ്ങേണ്ടത്. ഇത്തവണകൂടി പോയാൽ പിന്നെ വംശനാശം വന്നവരുടെ പട്ടികയിലാകും സ്ഥാനം.
കഴിഞ്ഞതവണ ഒരിടത്ത് രണ്ടാം സ്ഥാനം കിട്ടി 'എ ഗ്രേഡ്' വാങ്ങിയതിെൻറ ആവേശത്തിലാണ് ബി.ജെ.പി വന്നത്. മകൻ പത്തനാപുരത്ത് മത്സരിക്കുന്നുണ്ടെങ്കിലും ബാലകൃഷ്ണ പിള്ള സജീവമല്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണിത്. കൊട്ടാരക്കരയിൽ മത്സരിക്കുന്ന കെ.എൻ. ബാലഗോപാലാണ് രംഗത്തുള്ള സി.പി.എം പ്രമുഖൻ. ഇതുവരെ സി.പി.എം, സി.പി.െഎ പാർട്ടികൾ തുല്യ അനുപാതത്തിലാണ് മത്സരിച്ചത്. ഇത്തവണ സി.പി.എം മുന്നിലാണ്. ആര് ജയിക്കണം, തോൽക്കണം എന്ന് തീരുമാനിക്കുന്നതിൽ കശുവണ്ടി, മത്സ്യത്തൊഴിലാളികൾക്ക് നിർണായക പങ്കുണ്ട്. അഞ്ചു തീരമണ്ഡലങ്ങളുള്ള ജില്ലയിൽ ആഴക്കടൽ വിവാദം, കശുവണ്ടി മേഖലയിലെ പ്രതിസന്ധി എന്നിവ ജനത്തെ സ്വാധീനിക്കും.
കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാമത് വന്ന ചാത്തന്നൂരിൽ സി.പി.െഎയിലെ ജി.എസ്. ജയലാൽ മൂന്നാമതും മത്സരിക്കുന്നു. മുൻ കൊല്ലം എം.പി എൻ. പീതാംബരക്കുറുപ്പാണ് കോൺഗ്രസ് സ്ഥാനാർഥി. ബി.ബി. ഗോപകുമാർ വീണ്ടും രംഗത്തുണ്ട്.
ഇരവിപുരത്ത് സിറ്റിങ് എം.എൽ.എ സി.പി.എമ്മിലെ എം. നൗഷാദിനെ ആർ.എസ്.പിയിലെ ബാബു ദിവാകരൻ നേരിടുന്നു. മുമ്പ് മൂന്നുതവണ കൊല്ലത്തുനിന്ന് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രഞ്ജിത് രവീന്ദ്രൻ എൻ.ഡി.എ (ബി.ഡി.ജെ.എസ്) സ്ഥാനാർഥി.
ചലച്ചിത്ര നടനിൽനിന്ന് രാഷ്ട്രീയക്കാരനായ സി.പി.എമ്മിലെ മുകേഷ് വീണ്ടുമിറങ്ങുന്ന കൊല്ലത്ത് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണയാണ് എതിരാളി. എം. സുനിലാണ് ബി.ജെ.പി സ്ഥാനാർഥി.
മക്കൾ മത്സരമാണ് ചവറയിൽ. എം.എൽ.എയായിരിക്കെ അന്തരിച്ച എൻ. വിജയൻപിള്ളയുടെ മകൻ ഡോ. സുജിത് സി.പി.എം സ്വതന്ത്രനാണ്. രാഷ്ട്രീയ അതികായൻ ബേബിജോണിെൻറ മകൻ ഷിബു ബേബിജോൺ ആർ.എസ്.പി ടിക്കറ്റിലും മത്സരിക്കുന്നു. വിവേക് ഗോപൻ ആണ് ബി.ജെ.പി സ്ഥാനാർഥി.
സി.പി.െഎയിലെ തർക്കം മൂലമാണ് ചടയമംഗലം ശ്രദ്ധ നേടിയത്. മണ്ഡലം സെക്രട്ടറി എ. മുസ്തഫയെ തഴഞ്ഞ് ദേശീയ കൗൺസിൽ അംഗം ചിഞ്ചുറാണിയെ സ്ഥാനാർഥിയാക്കിയതാണ് പ്രശ്നം സൃഷ്ടിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീറാണ് കോൺഗ്രസ് സ്ഥാനാർഥി. വിഷ്ണു പട്ടത്താനം ബി.ജെ.പി സ്ഥാനാർഥി. അർച്ചന പ്രജിത്ത് വെൽഫയർ പാർട്ടിക്കായി മത്സരിക്കുന്നു.
മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വീണ്ടും മത്സരരംഗത്തുള്ള കുണ്ടറയിൽ ആഴക്കടൽ മത്സബന്ധനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ മുതലാക്കാമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ്. കെ.പി.സി.സി വൈസ് പ്രസിഡൻറ് പി.സി. വിഷ്ണുനാഥാണ് കോൺഗ്രസിനായി രംഗത്തുള്ളത്. എൻ.ഡി.എക്കുവേണ്ടി ബി.ഡി.ജെ.എസിലെ വനജ വിദ്യാധരൻ മത്സരിക്കുന്നു.
കുന്നത്തൂരിൽ അഞ്ചാം തവണ മത്സരത്തിനിറങ്ങുന്ന (ആർ.എസ്.പി-എൽ) കോവൂർ കുഞ്ഞുമോനെ യു.ഡി.എഫിലെ ആർ.എസ്.പി സ്ഥാനാർഥി ഉല്ലാസ് കോവൂർ നേരിടുന്നു. ഇരുവരും ബന്ധുക്കളാണ്. രാജി പ്രസാദാണ് ബി.ജെ.പി സ്ഥാനാർഥി.
കരുനാഗപ്പള്ളിയിലും കഴിഞ്ഞ മത്സരത്തിെൻറ ആവർത്തനമാണ്. സിറ്റിങ് എം.എൽ.എ സി.പി.െഎയിലെ ആർ. രാമചന്ദ്രനെ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് നേരിടുന്നു. ബെറ്റി സുധീറാണ് ബി.ജെ.പി സ്ഥാനാർഥി.
കൊട്ടാരക്കരയിൽ സി.പി.എം സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗം കെ.എൻ. ബാലഗോപാൽ എൽ.ഡി.എഫിനുവേണ്ടി രംഗത്ത്. ജില്ല പഞ്ചായത്ത് അംഗം ആർ. രശ്മിയാണ് കോൺഗ്രസ് സ്ഥാനാർഥി. വയക്കൽ സോമൻ ബി.ജെ.പി സ്ഥാനാർഥിയും.
പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാർ കേരള കോൺഗ്രസ് -ബിക്കുവേണ്ടി അഞ്ചാം മത്സരത്തിന്. കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാലയാണ് എതിരാളി. ജിതിൻ ദേവാണ് ബി.ജെ.പിക്കുവേണ്ടി രംഗത്ത്.
പുനലൂരിൽ മുൻ എം.എൽ.എ പി.എസ്. സുപാൽ സി.പി.െഎ സ്ഥാനാർഥി. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണിയാണ് യു.ഡി.എഫ് സ്ഥാനാർഥി. ആയൂർ മുരളി ബി.ജെ.പിക്കായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.