Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കേരളീയ’ത്തെ ലോക...

‘കേരളീയ’ത്തെ ലോക ബ്രാൻഡ് ആക്കും; എല്ലാ വർഷവും സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
Keraleeyam 2023
cancel
camera_alt

കേരളീയം പരിപാടിയുടെ വേദിയിൽ പ്രമുഖർ (ചിത്രം: പി.ബി ബിജു)

തിരുവനന്തപുരം: ‘കേരളീയ’ത്തെ ലോക ബ്രാൻഡ് ആക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ ലോകസമക്ഷത്തിൽ അവതരിപ്പിക്കാനാണ് കേരളീയമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളീയം പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ സവിശേഷത നാല് അതിരുകളിൽ മാത്രം നിന്നാൽ പോരാ. വിദ്വേഷങ്ങളില്ലാത്ത കേരള മാതൃക വംശീയ സംഘർഷം തടയാനുള്ള ഒറ്റമൂലിയാണ്. കേരള ചരിത്രം കേരളീയത്തിന് മുൻപും പിൻപും എന്ന് രേഖപ്പെടുത്തും. ഇനി എല്ലാ വർഷവും കേരളീയം പരിപാടി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


കേരളീയനായതിൽ അഭിമാനിക്കുന്ന മനസ് മലയാളിക്ക് വേണം. കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ഇത് നാം പലപ്പോഴും തിരിച്ചറിയുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തെ രാജ്യത്തിനും ലോകത്തിനും മുന്നില്‍ അവതരിപ്പിക്കാന്‍ ശരിയായ രീതിയില്‍ നമുക്ക് സാധിക്കാറില്ല. ഈ സ്ഥിതി മാറേണ്ടതുണ്ട്. കേരളീയതയില്‍ തീര്‍ത്തും അഭിമാനിക്കുന്ന മനസ് കേരളീയര്‍ക്ക് ഉണ്ടാകണം.

വൃത്തിയുടെ കാര്യത്തില്‍ മുതല്‍ കലയുടെ കാര്യത്തില്‍ വരെ വേറിട്ട് നില്‍ക്കുന്ന കേരളീയതയെ കുറിച്ചുള്ള അഭിമാന ബോധം ഇളംതലമുറയിലടക്കം ഉള്‍ച്ചേര്‍ക്കാന്‍ കഴിയണം. ആര്‍ക്കും പിന്നിലല്ല കേരളീയരെന്നും പല കാര്യങ്ങളിലും പലര്‍ക്കും മുന്നിലാണ് കേരളീയരെന്നുമുള്ള ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്താന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


കേരളത്തിന്‍റെ അതിജീവനവഴികളെയും നേട്ടങ്ങളെയും ചരിത്ര അടയാളപ്പെടുത്തലുകളെയും അവതരിപ്പിക്കുന്ന കേരളീയം മഹോത്സവത്തിനാണ് ഇന്ന് പ്രധാന വേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിരിതെളിഞ്ഞത്. യു.എ.ഇ അംബാസഡർ അബ്ദുൽ നാസർ ജമാൽ അൽശാലി, ദക്ഷിണ കൊറിയൻ അംബാസഡർ ചാങ് ജെ ബോക്, ക്യൂബൻ എംബസി പ്രസിഡന്‍റ് മലേന റോജാസ് മെദീന, നോർവേ അംബാസഡർ മെയ് എലൻ സ്റ്റെനർ, ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ എം.എ. യൂസുഫലി, രവി പിള്ള, ഡോ. എം.വി. പിള്ള തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു. സിനിമതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജുവാര്യർ എന്നിവരും ചടങ്ങിനെത്തി. കൂടാതെ, മുഴുവൻ മന്ത്രിമാരും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ അണിനിരന്നു.

നവംബർ ഒന്നുമുതൽ ഏഴുവരെ കവടിയാര്‍ മുതല്‍ കിഴക്കേകോട്ടവരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുന്നത്. ഒരു ദിവസം അഞ്ച് സെമിനാർ എന്ന ക്രമത്തിൽ 25 സെമിനാറുകളാണ് നവംബർ രണ്ട് മുതൽ ആറുവരെ നടക്കുക. ഓണ്‍ലൈന്‍ - ഓഫ്ലൈൻ രീതികള്‍ സംയോജിപ്പിച്ചു നടത്തുന്ന സെമിനാറുകളിലായി ഇരുന്നൂറിലധികം ദേശീയ-അന്തര്‍ദേശീയ പ്രഭാഷകര്‍ പങ്കെടുക്കും. എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ കലാപരിപാടികള്‍ അരങ്ങേറും. 30 വേദികളിലായി 300ല്‍ അധികം കലാപരിപാടികള്‍ അരങ്ങേറും

കിഴക്കേകോട്ട മുതല്‍ കവടിയാര്‍വരെയുള്ള സ്ഥലങ്ങളില്‍ കേരളത്തിന്‍റെ വിവിധ മേഖലകളെ ദൃശ്യവത്കരിക്കുന്ന 25 പ്രദര്‍ശനങ്ങളുമുണ്ടാകും. ഇതിന് പുറമേ കനകക്കുന്ന്, ടാഗോര്‍ തിയറ്റര്‍, യൂനിവേഴ്സിറ്റി കോളജ്, അയ്യന്‍കാളി ഹാള്‍, സെന്‍ട്രല്‍ സ്റ്റേഡിയം, പുത്തരിക്കണ്ടം മൈതാനം എന്നീ എട്ടുവേദികളിലായി പ്രധാന പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്.

മാനവീയം വീഥി മുതല്‍ കിഴക്കേകോട്ടവരെ 11 വേദികളിലായി ഭക്ഷ്യോത്സവം നടക്കും. തട്ടുകടമുതല്‍ ഫൈവ് സ്റ്റാര്‍ വിഭവങ്ങള്‍വരെ ഉള്‍പ്പെടുത്തിയ 150 ലധികം സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കവടിയാര്‍മുതല്‍ കിഴക്കേകോട്ടവരെ വൈദ്യുത ദീപാലങ്കാരം ഒരുക്കിയിട്ടുണ്ട്.

പ്രധാന വേദികള്‍ വിവിധ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് വൈദ്യുത ദീപാലങ്കാരം. പുത്തരിക്കണ്ടം, സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, അയ്യൻകാളി ഹാള്‍, എല്‍.എം.എസ് കോമ്പൗണ്ട്, ജവഹര്‍ ബാലഭവന്‍ എന്നിങ്ങനെ ആറു വേദികളിലായി പുഷ്പോത്സവവും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi vijayanKeraleeyamKeraleeyam 2023Kerala Piravi 2023
News Summary - Will make 'Keraleeyam' a world brand; The Chief Minister said that it will be organized every year
Next Story