എയിംസിന്‍റെ കാര്യത്തിൽ ദുരുദ്ദേശ്യമില്ലെന്ന് എം.കെ. രാഘവന്‍; സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തും
text_fieldsകോഴിക്കോട്: എയിംസ് വിഷയത്തിലെ കോഴിക്കോട് എം.പിയുടെ പ്രസ്താവനക്ക് പിന്നിൽ ദുരുദ്ദേശപരമായ രാഷ്ട്രീയമുണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാമർശത്തിന് മറുപടിയുമായി എം.കെ. രാഘവന്‍. സുരേഷ് ഗോപി എന്തടിസ്ഥാനത്തിൽ പറഞ്ഞതാണെന്ന് അറിയില്ലെന്ന് എം.കെ. രാഘവൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഡൽഹിയിൽവച്ച് സുരേഷ് ഗോപിയുമായി കാണുമെന്നും എയിംസ് വിഷയം ചർച്ച ചെയ്യുമെന്നും എം.കെ. രാഘവൻ വ്യക്തമാക്കി. തെറ്റിദ്ധാരണ ഉണ്ടെങ്കിൽ അത് മാറ്റാൻ ശ്രമിക്കും. കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്നാണ് മലബാറിലെ ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെട്ടത്. ഇത് പൊതുവായ ആവശ്യമാണെന്നും പിന്നിൽ ദുരുദ്ദേശമില്ലെന്നും എം.കെ. രാഘവൻ വ്യക്തമാക്കി.
10 വർഷമായി എയിംസിന്‍റെ വിഷയം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട്. ഭൂമി പ്രശ്നമാണ് ഉയർന്നുവന്നിരുന്നത്. ആരോഗ്യ രംഗത്തെ മലബാറിന്‍റെ പിന്നോക്കാവസ്ഥക്ക് മാറ്റം വരാൻ എയിംസ് ലഭിക്കുന്നതോടെ സാധിക്കും. എയിംസിനായി 150 ഏക്കർ ഭൂമി ഏറ്റെടുത്ത വിവരം കേന്ദ്ര സർക്കാറിനെ സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള 100 ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് പൂർത്തിയായി വരുന്നതായും എം.കെ. രാഘവൻ പറഞ്ഞു.
കേരളത്തിന് കേന്ദ്രം എയിംസ് അനുവദിക്കണമെന്നും കിനാലൂരിൽ അത് യാഥാർഥ്യമാക്കാൻ ജനകീയ മുന്നേറ്റം വേണമെന്നുമാണ് കാലിക്കറ്റ് പ്രസ് ക്ലബിന്റെ ‘മീറ്റ് ദി പ്രസി’ൽ കോഴിക്കോട് എം.പി എം.കെ. രാഘവൻ വ്യക്തമാക്കിയത്. ആവശ്യമെങ്കിൽ സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ച് ഇതിനായി സർവകക്ഷി യോഗം വിളിച്ചു ചേർക്കുമെന്നും ജനകീയ മുന്നേറ്റത്തിന് എം.പി എന്നനിലയിൽ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എം.കെ. രാഘവന്‍റെ പ്രസ്താവനയോട് പ്രതികരിച്ച സുരേഷ് ഗോപി പിന്നിൽ ദുരുദ്ദേശ്യപരമായ രാഷ്ട്രീയമുണ്ടെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. കോഴിക്കോട് വേണമെന്ന് പറയാൻ അവർക്ക് അവകാശമുണ്ട്. അതുപോലെ എനിക്കും ചെറിയ അവകാശമുണ്ട്. എയിംസ് എവിടെ വേണമെന്ന തന്‍റെ അഭിപ്രായം 2016ൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിനും കർണാടകക്കും മാത്രമാണ് കേന്ദ്രം ഇനി എയിംസ് അനുവദിക്കാനുള്ളതെന്ന് എം.കെ. രാഘവൻ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ കിനാലൂരിൽ 160 ഏക്കർ ഇതിനായി കൈമാറി. നൂറ് ഏക്കർ കൂടി ഏറ്റെടുത്തുവരുകയാണ്. എയിംസ് അനുവദിക്കാനാവശ്യപ്പെട്ട് ഇതിനകം മൂന്നു തവണ പ്രധാനമന്ത്രിയെയും നിരവധി തവണ മറ്റുമന്ത്രിമാരെയും കണ്ടിട്ടും പ്രഖ്യാപനമുണ്ടായിട്ടില്ല.
കേരളത്തിനുള്ള എയിംസ് മറ്റൊരു ജില്ലയിലേക്ക് മാറ്റാൻ കഴിയില്ല. പ്രധാന പ്രശ്നം ഭൂമി ഏറ്റെടുക്കലാണ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മറ്റൊരിടത്താണ് എയിംസ് ലക്ഷ്യമിടുന്നതെങ്കിൽ അവിടെ 250 ഏക്കർ ഭൂമി കിട്ടാനുണ്ടോ എന്നുകൂടി വ്യക്തമാക്കണമെന്നും രാഘവൻ ആവശ്യപ്പെട്ടു. എയിംസ് യാഥാർഥ്യമാക്കൽ തന്റെ മുന്നിലുള്ള പ്രധാന വികസന അജണ്ടയാണെന്നും രാഘവൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.