രാജ്യതാൽപര്യങ്ങളിൽ ഇടപെടൽ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി
text_fieldsന്യൂഡൽഹി: രാജ്യതാൽപര്യങ്ങളിൽ ഇടപെടാൻ വൈദേശിക ശക്തികളെ അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ദേശീയ താൽപര്യവും ആഗോള നന്മയും മുന്നിൽ കണ്ടുകൊണ്ടാണ് രാജ്യം തീരുമാനങ്ങളെടുക്കുന്നത്. സ്വാതന്ത്ര്യമെന്നാൽ നിഷ്പക്ഷതയെന്ന് തെറ്റിദ്ധരിക്കരുതെന്നും ജയശങ്കർ പറഞ്ഞു. 27ാമത് ശ്രീചന്ദ്രശേഖരേന്ദ്ര സരസ്വതി നാഷനൽ എമിനെൻസ് അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു ജയശങ്കർ.
പുരോഗമനവും ആധുനികതയും നമ്മുടെ പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും തിരസ്കാരമായി കാണുന്നത് ശരിയല്ല. ആഗോളീകരണ കാലഘട്ടത്തിൽ സാങ്കേതികവിദ്യയും പാരമ്പര്യവും ഒരുമിച്ച് കൊണ്ടുപോകാനാവണം.
ഭാരതം അനിവാര്യമായും പുരോഗമിക്കും. എന്നാൽ, ഭാരതീയത നിലനിർത്തിക്കൊണ്ടുള്ള പുരോഗമനത്തിന് മാത്രമേ ആഗോളതലത്തിൽ ഇന്ത്യയെ പ്രമുഖ ശക്തിയായി നിലനിർത്താനാവൂ.
വിവിധ മേഖലകളിൽ വികസനം മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവും ആത്മവിശ്വാസവും പ്രതിബദ്ധതയും ഇന്ത്യക്കുണ്ടെന്ന് കഴിഞ്ഞ ദശകത്തിൽ ലോകത്തിന് കാണിച്ചുകൊടുക്കാനായി. അതേസമയം, രാജ്യപുരോഗതിക്ക് തടസ്സമായി നിന്ന ചില കാഴ്ചപ്പാടുകളും പ്രത്യയ ശാസ്ത്രങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അവ പലപ്പോഴും നമ്മെതന്നെ മറ്റുള്ളവർക്ക് മുന്നിൽ അപകീർത്തിപ്പെടുത്തുന്നതാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.