ബി.ഡി.ജെ.എസിനെ ഒതുക്കാൻ ബി.ജെ.പി; കോഴിക്കോട്ട് മൂന്ന് സീറ്റ് നൽകില്ല
text_fieldsകോഴിക്കോട്: ഘടകകക്ഷിയായ ബി.ഡി.ജെ.എസിനെ ഒതുക്കാൻ ജില്ലയിൽ കഴിഞ്ഞ തവണ അനുവദിച്ചത്ര സീറ്റുകൾ ഇത്തവണ നൽകേണ്ടതില്ലെന്ന് ബി.ജെ.പി ജില്ല നേതൃത്വത്തിെൻറ തീരുമാനം.
സംസ്ഥാന തലത്തിലാണ് സീറ്റുകൾ വീതംവെക്കുകയെന്നതിനാൽ ഇക്കാര്യം ജില്ല ഘടകം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
2016ൽ കോഴിക്കോട് സൗത്ത്, പേരാമ്പ്ര, തിരുവമ്പാടി മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ് മത്സരിച്ചത്. പേരാമ്പ്രയിൽ കെ. സുകുമാരൻ നായർക്ക് 8,561ഉം തിരുവമ്പാടിയിൽ ഗിരി പാമ്പനാലിന് 8,749 ഉം വോട്ടുകൾ മാത്രം ലഭിച്ചത് മുന്നണിയിൽ അന്ന് വലിയ ആക്ഷേപങ്ങൾക്കിടയാക്കിയിരുന്നു.
പാർട്ടി സ്ഥാനാർഥികൾ താമര ചിഹ്നത്തിൽ മത്സരിച്ചാൽ വോട്ട് 12,000 കടക്കുമായിരുന്നുവെന്നാണ് മണ്ഡലം കമ്മിറ്റികൾ അറിയിച്ചത്. ഇതടക്കം മുൻനിർത്തിയാണ് ഈ സീറ്റുകൾ ഏറ്റെടുക്കണമെന്ന തലത്തിൽ ബി.ജെ.പി നീക്കം ആരംഭിച്ചത്.
അതേസമയം, കോഴിക്കോട് സൗത്തിൽ കഴിഞ്ഞ തവണ 19,146 വോട്ട് നേടിയ സതീഷ് കുറ്റിൽ തന്നെ ഇത്തവണയും മത്സരിക്കുമെന്നാണ് ബി.ഡി.ജെ.എസ് ജില്ല നേതൃത്വം പറയുന്നത്. മുന്നണിയിൽ ആലോചിക്കും മുന്നേ നടത്തിയ ഈ പ്രഖ്യാപനം ബി.ജെ.പിയെ ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിൽ ആവശ്യപ്പെട്ട സീറ്റുകൾ നൽകാത്തതിൽ പ്രതിഷേധിച്ച് കോർപറേഷനിലേക്ക് മത്സരത്തിനില്ലെന്ന് ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന നേതാക്കൾ തമ്മിൽ നടത്തിയ ചർച്ചക്കൊടുവിൽ ബി.ഡി.ജെ.എസ് മത്സരിച്ചെങ്കിലും അന്നുതുടങ്ങിയ ഭിന്നത പരിഹരിക്കാനായിട്ടില്ല.
അടുത്തിടെ ജില്ലയിൽ പര്യടനം നടത്തിയ വിജയ യാത്രക്ക് മുന്നണിയിലെ ചെറുകക്ഷികൾ നൽകിയ പിന്തുണപോലും ബി.ഡി.ജെ.എസിൽനിന്നുണ്ടായില്ലെന്നും ബി.ജെ.പിക്ക് ആക്ഷേപമുണ്ട്. സംസ്ഥാന തലത്തിലാണ് സീറ്റുകൾ വീതം െവക്കുന്നതെന്നും ബി.ഡി.ജെ.എസ് ജില്ലയിൽ മൂന്ന് സീറ്റിൽ മത്സരിക്കുമെന്നും ജില്ല പ്രസിഡൻറ് ഗിരി പാമ്പനാൽ പറഞ്ഞു.
വടകരയും കൊടുവള്ളിയും നൽകുമെങ്കിൽ പേരാമ്പ്രയും തിരുവമ്പാടിയും വിട്ടുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.