തെരഞ്ഞെടുപ്പിൽ സമദൂരം; പ്രചാരണത്തിന് ഇറങ്ങില്ല –കോവിൽമല രാജാവ്
text_fieldsകട്ടപ്പന: പ്രചാരണത്തിന് ഇറങ്ങില്ലെന്നും എല്ലാ പാർട്ടികളുമായി തെരഞ്ഞെടുപ്പിൽ സമദൂരം പാലിക്കുമെന്നും സംസ്ഥാനത്തെ ഏക ആദിവാസി രാജാവ് കോവിൽമല രാജാവ് രാമൻ രാജമന്നാൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്ലാ മുന്നണികളോടും പാർട്ടികളോടും ഒരു നിലപാടായിരിക്കുമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.
മന്നാൻ ഗോത്ര സമുദയത്തിെൻറ 42 കുടികളുടെ അധിപനാണ് കോവിൽമല രാജാവ്. മന്നാൻ ഗോത്ര സമുദായത്തിൽപെട്ടവർ വിവിധ പഞ്ചായത്തുകളിൽ മത്സര രംഗത്തുണ്ട്. എല്ലാ മുന്നണികളിലും രാഷ്ട്രീയ പാർട്ടികളിലും പെട്ടവർ സമുദായത്തിലുണ്ട്. രാജാവിെൻറ ആസ്ഥാനമായ കോവിൽമല രാജപുരത്ത് മൂന്ന് മുന്നണികൾക്ക് വേണ്ടിയും സമുദായ അംഗങ്ങൾ മത്സരിക്കുന്നു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്തിെൻറ ഒന്നാംവാർഡിൽപെട്ട ഇവിടെ യു.ഡി.എഫിനുവേണ്ടി രമേശ് ഗോപാലകൃഷ്ണനും ഇടതുമുന്നണിക്ക് വേണ്ടി വി.ആർ. അനന്തനും പരസ്പരം പോരാടുമ്പോൾ ബി.െജ.പിക്ക് വേണ്ടി വി.ആർ. ബാലകൃഷ്ണനാണ് രംഗത്തുള്ളത്.
മൂന്നുപേരും തെൻറ പ്രജകളായതിനാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആർക്കുവേണ്ടിയും ഇറങ്ങില്ല. കുമളി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ഉൾപ്പെടുന്ന മന്നാകുടി ട്രൈബൽ സെറ്റിൽമെൻറിലാണ് രാജാവിനും ഭാര്യക്കും വോട്ട്. അത് വിനിയോഗിക്കും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മന്നാൻ ഗോത്ര സമുദായ അംഗങ്ങൾക്കിടയിൽ വലിയ തൊഴിലില്ലായ്മ ഉണ്ടായി. സാമ്പത്തികമായി വലിയ പ്രതിസന്ധി നേരിടേണ്ടി വന്നു.
സർക്കാറിെൻറ സൗജന്യ റേഷൻ, ഭക്ഷ്യധാന്യ കിറ്റ് തുടങ്ങിയ സഹായങ്ങൾ ലഭിച്ചതിനാൽ ആരും പട്ടിണികിടക്കേണ്ടിവന്നില്ല. എന്നാൽ, ചികിത്സരംഗത്ത് വലിയ ബുദ്ധിമുട്ടുണ്ടായി. വലിയ രോഗങ്ങൾക്ക് മാത്രമാണ് ആശുപത്രികളെ സമുദായ അംഗങ്ങൾ ആശ്രയിച്ചത്.
മത്സ്യബന്ധനവും വനവിഭവങ്ങൾ ശേഖരിക്കുന്നതും തുണയായി. അടുത്തകാലത്ത് വന്യജീവികളുടെ ആക്രമണം കൃഷിക്ക് വലിയ ഭീഷണിയായിട്ടുണ്ടെന്നും രാജാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.