പീരുമേടിന്റെ മനസ്സ് ഇക്കുറി മാറുമോ..
text_fieldsകഴിഞ്ഞ നാല് നിയമസഭ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനൊപ്പം നിന്ന മണ്ഡലമാണ് പീരുമേട്. പക്ഷേ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ വിധിയെഴുത്ത് യു.ഡി.എഫിനൊപ്പമായിരുന്നു. ഇത്തവണയും മണ്ഡലം ചതിക്കില്ലെന്ന ആത്മവിശ്വാസവുമായാണ് യു.ഡി.എഫിന്റെ പ്രചാരണം. ആ പതിവ് ഇക്കുറി മായ്ച്ചുകളയാനുള്ള കഠിനശ്രമത്തിലാണ് എൽ.ഡി.എഫ്.
തമിഴ് വംശജർക്ക് നിർണായക സ്വാധീനമുണ്ട് പീരുമേട്ടിൽ. ഏലപ്പാറ, പീരുമേട്, വണ്ടിപ്പെരിയാർ പഞ്ചായത്തുകളിൽ ഇവരാണ് ഭൂരിപക്ഷം. 1967 മുതൽ 82 വരെ നാലു തവണ ഇടതുപക്ഷത്തിനൊപ്പമായിരുന്ന മണ്ഡലം 82ൽ കെ.കെ. തോമസിലൂടെ കോൺഗ്രസ് പിടിച്ചെടുത്തു. ഹാട്രിക് വിജയത്തോടെ കെ.കെ. തോമസ് കുത്തകയാക്കിയ മണ്ഡലം 96 ൽ ഉടുമ്പൻചോലയിൽ നിന്ന് മത്സരിക്കാനെത്തിയ കേരള കോൺഗ്രസിലെ മാത്യു സ്റ്റീഫനെ പരാജയപ്പെടുത്തി സി.എ. കുര്യൻ ഇടതുപക്ഷത്താക്കി.
2001ൽ കോൺഗ്രസ് തന്നെ മത്സരിക്കാനിറങ്ങിയപ്പോൾ സി.എ കുര്യനെ തോൽപിച്ച് ഇ.എം. അഗസ്തി മണ്ഡലം യു.ഡി.എഫിന്റെ വഴിയിലാക്കി. 2006 മുതൽ ഇടതുഭൂമിയാണ് പീരുമേട്. സി.പി.ഐക്ക് നൽകിയ സീറ്റിൽ 2006ലും 11ലും 16ലും ബി.എസ്. ബിജിമോൾ വിജയിച്ച് ഹാട്രിക് തികച്ചു.
2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസിന് പീരുമേട്ടിൽ 23,380 വോട്ടിന്റെ ലീഡുണ്ടായിരുന്നു. എന്നാൽ, രണ്ടു വർഷം കഴിഞ്ഞ് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വാഴൂർ സോമൻ 1835 വോട്ടിന് ജയിക്കുകയുമുണ്ടായി. ഈ തിരിച്ചുവരവിന്റെ ആത്മവിശ്വാസമാണ് ഇടതു കേന്ദ്രങ്ങളുടെ പ്രതീക്ഷ. നിയമസഭയിലേക്ക് ഇടതിനെയും പാർലമെന്റിലേക്ക് യു.ഡി.എഫിനെയും എന്ന നയം ഇക്കുറിയും തുടരുമോ എന്നാണറിയേണ്ടത്.
തോട്ടം മേഖലയിലെ പ്രതിസന്ധിയാണ് ഏലപ്പാറ, ഉപ്പുതറ ഗ്രാമ പഞ്ചായത്തുകളിലെ പ്രധാന പ്രശ്നങ്ങൾ. പതിറ്റാണ്ടുകളായി അടഞ്ഞുകിടക്കുന്ന പീർമേട് ടീ കമ്പനി, വാഗമണ്ണിലെ എം.എം.ജെ തോട്ടം എന്നിവ തുറന്ന് പ്രവർത്തിപ്പിക്കാൻ സാധിച്ചിട്ടില്ല. അടഞ്ഞു കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതും വരുമാനം നിലച്ചതും ഹൈറേഞ്ചിന്റെ സാമ്പത്തിക മേഖലയെ ബാധിച്ചു.
കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, പെരുവന്താനം പഞ്ചായത്തുകളിലെ വന്യമൃഗ ആക്രമണങ്ങളും കൃഷി നശിപ്പിക്കലും ഈ മേഖലയിലെ ചൂടേറിയ വിഷയങ്ങളാണ്. അയ്യപ്പൻ കോവിലിലെ പട്ടയപ്രശ്നങ്ങളും പരിഹാരമായിട്ടില്ല. ഒമ്പത് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് പീരുമേട് മണ്ഡലം.
ഇതിൽ ഏഴും എൽ.ഡി.എഫാണ് ഭരിക്കുന്നത്. രണ്ടിടത്ത് യു.ഡി.എഫ് ഭരിക്കുന്നു. എസ്.ടി സംവരണമായ ഉപ്പുതറയിൽ യു.ഡി.എഫിനാണ് ഭൂരിപക്ഷമെങ്കിലും ഈ വിഭാഗത്തിൽ നിന്ന് അംഗമില്ലാത്തതിനാൽ എൽ.ഡി.എഫ് അംഗത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.