'തരൂർ കണ്ണിലെ കൃഷ്ണമണി, മുല്ലപ്പള്ളിയും ഞാനും ഒരമ്മപെറ്റ മക്കൾ'; രണ്ടുപേരെയും കൈവിടില്ലെന്ന് കെ. സുധാകരൻ
text_fieldsതിരുവനന്തപുരം: മുതിർന്ന നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അനുഭവ പാരമ്പര്യം ഉപയോഗപ്പെടുത്തുന്നതിൽ കുറച്ചുകാലമായി വീഴ്ചയുണ്ടായെന്നും അതിൽ ഖേദമുണ്ടെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ.
കോഴിക്കോട് മുല്ലപ്പള്ളിയെ നേരിൽകണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മുല്ലപ്പള്ളിയുമായി പ്രശ്നങ്ങളൊന്നുമില്ല, ഞങ്ങൾ ഒരമ്മപെറ്റ മക്കളെ പോലെയാണ്. ഒരു കാരണവശാലും മുല്ലപ്പള്ളിയെ കൈവിടില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇടത് സർക്കാരിനെ താഴെ ഇറക്കാൻ ഒരു മൊട്ടുസൂചി ആയുധമാക്കേണ്ടി വന്നാൽ അതും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
സുധാകരനുമായി പണ്ടേ ഉള്ള ബന്ധമുണ്ടെന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ് മാത്രമാണ് ഉണ്ടായതെന്നും മുല്ലപ്പള്ളിയും പ്രതികരിച്ചു.
ശശി തരൂർ വലിയ അബദ്ധമൊന്നും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ വീണ്ടും ആവർത്തിച്ചു. പറഞ്ഞതിനെല്ലാം അദ്ദേഹം വ്യക്തത വരുത്തിയിട്ടുമുണ്ട്. തരൂർ മാറ്റിപ്പറയാനും തിരുത്താനും തയാറായതിനെ സ്വാഗതം ചെയ്യുന്നു. തരൂരിന്റെ വലിയ മനസ്സിന് നന്ദിയുണ്ടെന്നും അദ്ദേഹത്തെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.