നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ട്; നിരപരാധിത്വം തെളിയിക്കും -പി.പി. ദിവ്യ
text_fieldsകണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യം ലഭിച്ചതിനു പിന്നാലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ ജയിലിൽ നിന്ന് പുറത്തിറങ്ങി. നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്നും തന്റെ ഇടപെടൽ സദുദ്ദേശപരമായിരുന്നുവെന്നും കണ്ണൂർ പള്ളിക്കുന്ന് ജയിലിൽ നിന്ന് പുറത്തുവന്നതിന് പിന്നാലെ അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിരപരാധിത്വം തെളിയിക്കാൻ കോടതി അവസരം തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നത് പോലെ അദ്ദേഹത്തിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം നടക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ദിവ്യ പറഞ്ഞു.
''പൊതുപ്രവർത്തന രംഗത്ത് എന്നെ കാണാൻ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടായി. കഴിഞ്ഞ 14 വർഷം ജില്ലാപഞ്ചായത്തിൽ ജനപ്രതിനിധി എന്ന നിലയിൽ ഒരുപാട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായും വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരുമായും സഹകരിച്ചുപോരുന്ന ഒരാളാണ്. ഞാൻ ഏതെങ്കിലും തരത്തിൽ സദുദ്ദേശപരമായിട്ട് മാത്രമേ ഏത് ഉദ്യോഗസ്ഥരോടും സംസാരിക്കാറുള്ളൂ. ഞാൻ ഇപ്പോഴും നിയമത്തിൽ വിശ്വസിക്കുന്നുണ്ട്. എന്റെ ഭാഗം കോടതിയിൽ പറയും. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതു പോലെ ഞാനും ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കണം എന്നാണ് ഞാനും ആഗ്രഹിക്കുന്നത്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിന് വേണ്ടിയുള്ള അവസരം കോടതിയിൽ ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു''-ദിവ്യ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.