‘അവരെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് തള്ളും’, ബി.ജെ.പിയെ എതിർക്കാനുള്ള ഒരവസരവും പാഴാക്കില്ലെന്ന് കെ. മുരളീധരൻ
text_fieldsകോഴിക്കോട്: ബി.ജെ.പിയെ എല്ലായിടത്തും മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയാണ് കോൺഗ്രസിന്റെ ദൗത്യമെന്ന് കെ. മുരളീധരൻ. ഒരിടത്തും അവർക്ക് രണ്ടാം സ്ഥാനം കിട്ടാൻ പാടില്ലെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പി എ ഗ്രേഡ് മണ്ഡലമെന്നു പറയുന്ന എല്ലായിടത്തും ഞങ്ങൾ ശക്തമായിത്തന്നെ രംഗത്തുണ്ടാകും. അവരെ മൂന്നാം സ്ഥാനത്തേക്കയക്കും. കേരളമണ്ണിൽ അവർക്ക് ഇനി നിലംതൊടാൻ കഴിയില്ല-മാധ്യമപ്രവർത്തകരോട് മുരളി പറഞ്ഞു. വളരെ മിടുക്കനായ യുവാവാണ് ഷാഫി പറമ്പിൽ എന്നു പറഞ്ഞ മുരളീധരൻ, വടകരയിൽ ഷാഫിക്ക് ദൗത്യം ഭംഗിയായി നിർവഹിക്കാനാവുമെന്നും പറഞ്ഞു. ശൈലജ ടീച്ചർക്ക് ഡൽഹിയിലേക്ക് ടിക്കറ്റെടുക്കേണ്ടി വരില്ലെന്നും കൂപ്പൺ ഉപയോഗിച്ച് തിരുവനന്തപുരത്തേക്കുള്ള യാത്ര തുടരാമെന്നും മുരളി പരിഹസിച്ചു.
വടകരയിൽനിന്ന് തൃശൂരിലേക്ക് മാറണമെന്ന് ഇന്നലെ രാത്രിയാണ് എന്നെ വിളിച്ചറിയിച്ചത്. പാർട്ടി എന്ത് ഏൽപിച്ചാലും അത് നിർവഹിക്കാൻ സന്നദ്ധനാണെന്ന് മറുപടിയും നൽകി. പാർട്ടി ഏൽപിച്ച ദൗത്യം വിജയകരമായി ഏറ്റെടുക്കുകയെന്നതാണ് എന്റെ ചുമതല. സന്തോഷപൂർവം അതേറ്റെടുക്കുന്നു. വട്ടിയൂർകാവിൽ ഒരു കുടുംബാംഗം പോലെയാണ് ഞാൻ കഴിഞ്ഞത്. അന്ന് ഇതുപോലെ പെട്ടെന്ന് മാറിയാണ് വടകരയിൽ വന്നത്. അതിനനുസരിച്ചുള്ള വിജയം ഉണ്ടാക്കാൻ കഴിഞ്ഞു. അതുകൊണ്ട് തൃശൂരിലെ ദൗത്യവും ഏറ്റെടുക്കുന്നു. ബി.ജെ.പിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിവിടുകയും തൃശൂർ സീറ്റ് നിലനിർത്തുകയുമാണ് ലക്ഷ്യം. എന്റെ അച്ഛനും അമ്മയും അന്തിയുറങ്ങുന്ന സ്ഥലമാണ്. അവിടെ ചെന്ന് പ്രാർഥിച്ചശേഷം നാളെ പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കും.
പത്മജ ബി.ജെ.പിയിൽ പോയതുകൊണ്ട് കോൺഗ്രസിന് ഒരു നഷ്ടവുമില്ല. എന്നാൽ, കരുണാകരന്റെ പടം വെച്ച് ചില കളികൾ കളിക്കാൻ ബി.ജെ.പിക്ക് കഴിയുന്നു എന്നതാണ് ദുഃഖം. കെ. കരുണാകരൻ ഏതു പ്രസ്ഥാനത്തെയാണോ അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ എതിർത്തത്, അവർക്ക് അദ്ദേഹത്തിന്റെ ചിത്രം വച്ചൊരു കളി കളിക്കാൻ അവസരമുണ്ടായി. പക്ഷേ, നിലമ്പൂരിലെ കോൺഗ്രസുകാർ ശക്തമായി പ്രതികരിച്ചു. എല്ലായിടത്തും അതേ സ്റ്റാൻഡ് തന്നെയായിരിക്കും. കെ. കരുണാകരനെ സംഘികൾക്ക് വിട്ടുകൊടുക്കാൻ ഞങ്ങളുടെ ശരീരത്തിൽ ജീവനുള്ള കാലത്തോളം സമ്മതിക്കില്ല.
വർഗീയതക്കെതിരായ ഗാരന്റിയാണ് ഈ പോരാട്ടത്തിൽ എനിക്ക് നൽകാനുള്ളത്. അല്ലാതെ മറ്റു ഗാരന്റിയൊന്നും നൽകാൻ എനിക്ക് കഴിയില്ല. ബി.ജെ.പിയുടെ വെല്ലുവിളി ഏറ്റെടുക്കുക എന്നതാണ് എന്റെ ദൗത്യം. ബി.ജെ.പിയെ എതിർക്കാനുള്ള ഒരവസരം പോലും ഇന്നുവരെ ഞാൻ പാഴാക്കിയിട്ടില്ല. പ്രതാപനും അതിന് മിടുക്കനാണ്. തൃശൂരിലേക്ക് മാറണമെന്ന് പ്രതാപൻ മൂന്നുമാസം മുമ്പ് എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇലക്ഷന്റെ എല്ലാ കാര്യങ്ങളും നിർവഹിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്ന് ‘എനിക്ക് വടകരയുണ്ട്, വേറെ താൽപര്യങ്ങളില്ല’ എന്നായിരുന്നു എന്റെ മറുപടി.
ചതി ആരുകാണിച്ചാലും അത് കേരളത്തിന്റെ മണ്ണിൽ ചെലവാകില്ല. കെ. കരുണാകരനെ ഞാൻ വിചാരിച്ചാലും തട്ടിയെടുക്കാൻ കഴിയില്ല. ഒരു കാരണവശാലും കെ. കരുണാകരനെ, അദ്ദേഹത്തിന്റെ ആത്മാവിന്റെ മുകളിൽപോലും സംഘി പതാക പുതപ്പിക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ -മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.