രാഹുൽ മത്സരിക്കുമോ? മൂന്നാം സീറ്റിന് പിന്നിൽ വയനാടിന്റെ അനിശ്ചിതത്വവും
text_fieldsകോഴിക്കോട്: കോൺഗ്രസ്-ലീഗ് മൂന്നാം സീറ്റ് ചർച്ച നീളുന്നതിൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച അനിശ്ചിതത്വവും. രാഹുൽ വയനാട്ടിൽ മത്സരിച്ചാൽ അവിടെ മറ്റൊരു ചർച്ചയുണ്ടാകില്ല. അതേസമയം, അദ്ദേഹം കർണാടകയിൽ മത്സരിക്കണമെന്ന ശക്തമായ ആവശ്യം കർണാടക കോൺഗ്രസ് ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞതവണ കേരളത്തിൽ രാഹുൽ ഇഫക്ട് പ്രതിഫലിച്ചതിൽ ആവേശം കൊണ്ടാണ് ഇത്. തെലങ്കാനയിലും രാഹുലിനായി ചരടുവലിയുണ്ട്. വയനാട്ടിൽ മത്സരിച്ചാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുപോലെ വലിയ ഓളം സൃഷ്ടിക്കില്ലെന്ന അഭിപ്രായമുള്ളതിനാൽ, രാഹുലിന്റെ സാധ്യത മറ്റെവിടെയെങ്കിലും ഉപയോഗപ്പെടുത്താൻ ദേശീയ നേതൃത്വത്തിനും ആലോചനയുണ്ട്.
അധിക സീറ്റ് ലഭിച്ചാൽ ലീഗിന് വിജയസാധ്യതയുള്ള മണ്ഡലം വയനാടാണ്. എന്നാൽ, കോൺഗ്രസിന് മുസ്ലിം സ്ഥാനാർഥിയെ നിർത്താവുന്ന മലബാറിലെ മണ്ഡലവും വയനാടാണ്. എം.ഐ. ഷാനവാസിനെതുടർന്ന് കോൺഗ്രസിനകത്തെ മറ്റൊരു മുസ്ലിം സ്ഥാനാർഥിക്ക് ഇവിടെ അവസരം നൽകണമെന്ന അഭിപ്രായം കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തുന്ന ചില മതസംഘടനകൾക്കുമുണ്ട്. രാഹുൽ ഇല്ലെങ്കിൽ മണ്ഡലം വിടാനുള്ള പ്രയാസം കോൺഗ്രസ് നേതൃത്വത്തിനുള്ളതിനാലാണ് ഇതിൽ തീരുമാനം നീളുന്നത്.
അതേസമയം, മൂന്നാം സീറ്റിൽ കോൺഗ്രസുമായി ഉടക്കുന്നത് മുസ്ലിം ലീഗിലെ ഇടത് അനുകൂലികൾ അവസരമായി കാണുകയാണ്. ഈ അപകടം കോൺഗ്രസ് നേതൃത്വം തിരിച്ചറിയുന്നില്ലെന്ന പരാതി ലീഗിലെ യു.ഡി.എഫ് അനുകൂല നേതാക്കൾക്കും പ്രവർത്തകർക്കുണ്ട്. മൂന്നാം സീറ്റ് ചർച്ച ശക്തമാക്കിയതിൽ ലീഗിലെ ഇടത് രാഷ്ട്രീയത്തിന്റെ സ്വാധീനമുണ്ടെന്നാണ് ഇവരുടെ വിലയിരുത്തൽ. സീറ്റ് നിഷേധിക്കുകയും രാജ്യസഭ സീറ്റ് നിരാകരിക്കുകയും ചെയ്താൽ സൗഹൃദ മത്സരം വേണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ലീഗ് സ്ഥാനാർഥികൾക്ക് സി.പി.എം സഹായമുണ്ടാകുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം ഇടതുപാളയ പാത സുഗമമാകുമെന്നുമാണ് ഇടത് അനുകൂലികളുടെ കണക്കുകൂട്ടലുകൾ. അണികളെ മാനസികമായി സന്നദ്ധമാക്കലും എളുപ്പമാകും. മൂന്നാം സീറ്റിൽ വിട്ടുവീഴ്ചക്ക് ലീഗിലെ യു.ഡി.എഫ് അനുകൂലികളും തയാറല്ല. അപകടം തിരിച്ചറിഞ്ഞ് കോൺഗ്രസ് നേതൃത്വം ഇടപെടലുകൾ നടത്താത്തതിൽ അവർക്കും നീരസമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.