അൻവറിനെ തള്ളി കെ.ടി. ജലീൽ; ഇടതുപക്ഷ സഹയാത്രികനായി തുടരും
text_fieldsമലപ്പുറം: പി.വി. അൻവർ എം.എൽ.എയെ പിന്തുണക്കാനില്ലെന്ന് കെ.ടി. ജലീൽ എം.എൽ.എ. ഇടതു സഹയാത്രികനായി തുടരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. മലപ്പുറം ജില്ലയിലെ പൊലീസിന്‍റെ പ്രവർത്തനരീതിയെക്കുറിച്ച് അൻവർ പറഞ്ഞ കാര്യങ്ങളിൽ ശരിയുണ്ട്. താനും അക്കാര്യം മുഖ്യമന്ത്രിയോടും പാർട്ടി സെക്രട്ടറിയോടും പറഞ്ഞിരുന്നു.
അൻവറിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണം. ഇക്കാര്യം താൻ അൻവറിനോട് പറയുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ, കാര്യങ്ങൾ വേറൊരു തലത്തിലേക്ക് കൈവിട്ടുപോയെന്നും ജലീൽ പറഞ്ഞു.
പൊതുപ്രവർത്തകർക്ക് അർഹമായ പരിഗണന ചില ഘട്ടങ്ങളിൽ ഉണ്ടായിട്ടില്ല എന്ന തോന്നൽ തനിക്കുണ്ട്. അത് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. അൻവറിന്‍റെ രാഷ്ട്രീയവീക്ഷണത്തോടും പുതിയ പാർട്ടി രൂപവത്കരിക്കാനുള്ള നീക്കത്തോടും ശക്തമായ വിയോജിപ്പുണ്ട്. അതിന്‍റെ കൂടെ നിൽക്കില്ല. ഇടതുപക്ഷ സഹയാത്രികനായി തുടരും. രാഷ്ട്രീയ നിലപാടുകൾ മാറണമെങ്കിൽ അതിന് തക്കതായ കാരണം വേണം.
വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തെ ആക്രമിച്ചാൽ മതനിരപേക്ഷത ദുർബലമാകും. വെടിവെച്ചുകൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും ഇടതുപക്ഷത്തെയും താൻ തള്ളിപ്പറയില്ല.
വർഗീയതാൽപര്യമുള്ളവർ എല്ലാ കാലത്തും പൊലീസിലുണ്ട്. അത്തരം പ്രവണതകൾ ഇല്ലായ്മ ചെയ്യണം. എ.ഡി.ജി.പി, ആർ.എസ്.എസ് നേതാക്കളെ കണ്ടത് തെറ്റാണ്. ആർ.എസ്.എസ് നേതാക്കളെ മാത്രമല്ല, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമി നേതാക്കളെയും കാണാൻ പാടില്ല. അൻവറിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും ജലീൽ വ്യക്തമാക്കി. പാർട്ടി പറഞ്ഞാൽ അൻവറിനെതിരെ രംഗത്തിറങ്ങും. അൻവർ കള്ളക്കടത്തുകാരനാണെന്ന് താൻ വിശ്വസിക്കുന്നില്ല. പാർലമെന്‍ററി രാഷ്ട്രീയത്തോട് വിട പറയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും കെ.ടി. ജലീൽ കൂട്ടിച്ചേർത്തു.
പാർലമെന്ററി പ്രവർത്തനം അവസാനിക്കുന്നു എന്ന് താൻ വ്യക്തമാക്കിയതാണെന്നും അതുകൊണ്ട് എനിക്കിനി ഒരു പാർട്ടിയോടും പ്രതിബദ്ധത ആവശ്യമില്ലെന്നും ജലീൽ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പാർലമെന്ററി പ്രവർത്തനം അവസാനിപ്പിക്കുന്നു എന്നു പറഞ്ഞാൽ ഇനി എനിക്ക് താൽപര്യങ്ങളൊന്നുമില്ലെന്നാണ്. ജീവിതത്തിൽ ഇനി ഒരു ബോർഡ് ചെയർമാൻ ആകണമെന്ന് പോലും ആഗ്രഹിക്കുന്നില്ല.
അതുകൊണ്ട് തന്നെ എനിക്ക് ആരോടും ബാധ്യതയും കടപ്പാടും തോന്നേണ്ടതില്ല. മുഖ്യമന്ത്രിയോടോ, സി.പി.എമ്മിനോടോ ലീഗിനോടോ കോൺഗ്രസിനോടോ ബി.ജെ.പിയോടോ എനിക്ക് കടപ്പാടുണ്ടാകേണ്ടതില്ല. അതുകൊണ്ട് എന്റെ ബോധ്യങ്ങളാണ് ഞാൻ പറയുന്നത്. അൻവറിന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പുണ്ട്. എന്നാൽ ചില അഭിപ്രായങ്ങളോട് ശക്തമായ വിയോജിപ്പുമുണ്ടെന്നും ജലീൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.