സജി ചെറിയാന് പിള്ളയുടെ ഗതിവരുമോ?
text_fieldsതിരുവനന്തപുരം: പഞ്ചാബ് മോഡൽ പ്രസംഗത്തിെൻറ പേരിൽ രാജിവെക്കേണ്ടിവന്ന ആർ. ബാലകൃഷ്ണപിള്ളയുടെ ഗതി മന്ത്രി സജി ചെറിയാന് വരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സജി ചെറിയാെൻറ വിവാദ പ്രസംഗത്തോടെ ആർ. ബാലകൃഷ്ണപിള്ളയും വീണ്ടും വാർത്തകളിൽ നിറയുകയാണ്.
പൊതുസമ്മേളന വേദിയിലെ തീപ്പൊരി പ്രസംഗം അതിരുവിട്ടതിെൻറ പേരിലാണ് 1985ൽ പിള്ളക്ക് രാജി വെക്കേണ്ടിവന്നത്. അതേ സാഹചര്യമാണ് സജി ചെറിയാെൻറ കാര്യത്തിലും. ആരെങ്കിലും കോടതിയെ സമീപിച്ചാൽ സർക്കാറിന് തിരിച്ചടിയാകുമെന്നും ഉറപ്പ്.
കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരിക്കെയായിരുന്നു പിള്ളയുടെ വിവാദ പ്രസംഗം. കേരള കോണ്‍ഗ്രസ് സമ്മേളനത്തിലാണ് പിള്ള കത്തിക്കയറിയത്. കേരളത്തിന് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് പോയത് പരാമർശിച്ചായിരുന്നു പ്രസംഗം. കേരളത്തിന് അർഹമായത് കിട്ടണമെങ്കിൽ പഞ്ചാബിൽ സംഭവിക്കുന്നതെല്ലാം കേരളത്തിലും നടക്കണം. അതിന് ചോരയും നീരുമുള്ള യുവാക്കൾ രംഗത്തിറങ്ങണമെന്നായിരുന്നു പിള്ളയുടെ പ്രസംഗം.
എറണാകുളം രാജേന്ദ്ര മൈതാനിയിലെ പൊതു സമ്മേളനത്തിലായിരുന്നു പിള്ളയുടെ പ്രസംഗം. പഞ്ചാബിൽ വിഘടനവാദം കത്തിനിൽക്കുന്ന കാലമായിരുന്നു അത്. പഞ്ചാബികളെ തൃപ്തിപ്പെടുത്താനാണ് കോച്ച് ഫാക്ടറി പഞ്ചാബിലേക്ക് തിരിച്ചുവിട്ടതെന്ന ആരോപണവും അന്ന,് സജീവമായിരുന്നു.
കലാപാഹ്വാനമെന്ന വാദം പിള്ള തള്ളിപ്പറഞ്ഞെങ്കിലും അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ജി. കാർത്തികേയൻ പിള്ളയുടേത് സത്യപ്രതിജ്ഞ ലംഘനമാണെന്നും രാജി വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തി. പൊതുതാൽപര്യ ഹരജി ഹൈകോടതിയിൽ എത്തിയതോടെ പിള്ളക്ക് രാജിവെക്കേണ്ടിയുംവന്നു. അതിലും ഗുരുതര പ്രസംഗമാണ് സജി ചെറിയാന്‍റേതെന്നാണ് ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.