‘ആശ’മാരുടെ ആവശ്യങ്ങൾ പഠിക്കുമെന്ന് കേന്ദ്ര മന്ത്രി; യു.ഡി.എഫ് എം.പിമാർ നിർമല സീതാരാമനെ കണ്ടു
text_fieldsയു.ഡി.എഫ് പാർലമെന്ററി പ്രതിനിധിസംഘം ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി നിവേദനം കൈമാറുന്നു
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കേരള ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ആശ വർക്കർമാരുടെ സമരം വിഷയമായില്ലെന്ന വാർത്തകൾക്ക് പിന്നാലെ കേരളത്തിൽനിന്നുള്ള യു.ഡി.എഫ് എം.പിമാർ ഈ വിഷയമുന്നയിക്കാനായി മാത്രം കേന്ദ്ര ധനമന്ത്രിയെ കണ്ടു.
ആശമാർ ഉന്നയിക്കുന്ന ആവശ്യങ്ങൾ പഠിക്കാമെന്നും ഇതിനായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുമായി സംസാരിക്കാമെന്നും നിർമല സീതാരാമൻ കേരള എം.പിമാരെ അറിയിച്ചു.
ആശ വർക്കേഴ്സിന്റെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് പാർലമെന്ററി പ്രതിനിധിസംഘം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി പാർലമെന്റ് മന്ദിരത്തിലെ അവരുടെ ഓഫിസിൽ കൂടിക്കാഴ്ച നടത്തിയത്. ഇവരുടെ സേവന വേതന വ്യവസ്ഥ മെച്ചപ്പെടുത്തുക, റിട്ടയർമെന്റ് ആനുകൂല്യങ്ങൾ നൽകുക എന്നീ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനവും നൽകി.
എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, ബെന്നി ബെഹനാൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, ഹൈബി ഈഡൻ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. ഫ്രാൻസിസ് ജോർജ് എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.