വെളിപ്പെടുത്തലിലെ ഗൂഢാലോചന; ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമോ?
text_fieldsതിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് കെ.ടി. ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചുമത്തിയ വകുപ്പുകൾ നിലനിൽക്കുമോയെന്ന സംശയമുന്നയിച്ച് നിയമവൃത്തങ്ങൾ. സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച ഹൈകോടതിയും വകുപ്പുകൾ സംബന്ധിച്ച് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വപ്ന കോടതിയിൽ നൽകിയ രഹസ്യമൊഴി മാധ്യമങ്ങൾക്ക് മുന്നിൽ ആവർത്തിച്ചതിന്റെ പേരിലെടുത്ത കേസ് നിൽനിൽക്കുമോയെന്ന ചോദ്യമാണ് ഉയരുന്നത്.
സ്വപ്നെയയും മുൻ എം.എൽ.എ പി.സി. ജോർജിെനയും ഒന്നും രണ്ടും പ്രതികളാക്കിയാണ് കന്റോൺമെന്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ശിക്ഷാനിയമത്തിലെ 120ബി, 153 വകുപ്പുകൾ പ്രകാരം ക്രിമിനൽ ഗൂഢാലോചന, കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവന എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. സംസ്ഥാനത്ത് ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ആരോപണങ്ങള്‍ക്ക് പിന്നാലെ പ്രതിപക്ഷ സംഘടനകള്‍ സമരം നടത്തുന്നതും സാധാരണമാണ്.
എന്നാൽ അത്തരം സമരങ്ങള്‍ക്ക് പിന്നിൽ ഗൂഢാലോചനയും കലാപ ആഹ്വാനവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കുന്ന പതിവില്ല. കോടതിയിൽ നൽകിയ മൊഴിയാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും സ്വപ്ന ആവർത്തിച്ചത്. കോടതിയുടെ പരിഗണനയിലുള്ള മൊഴിയിൽ എങ്ങനെ കേസെടുക്കാനാകുമെന്ന അവരുടെ സംശയം ശരിയാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്ക് കീഴിലുള്ള വിജിലൻസും പൊലീസും ധിറുതിപിടിച്ച് കൈക്കൊണ്ട നടപടികൾ ഇതിനകം പരക്കെ ആക്ഷേപങ്ങൾക്ക് കാരണമായിട്ടുണ്ട്. സരിത്തിനെ ബലമായി പിടിച്ചുകൊണ്ടുപോയതും മൊബൈൽഫോൺ പിടിച്ചെടുത്തതുൾപ്പെടെ നടപടികളും വിജിലൻസിന്റെ അധികാരപരിധിയിലുള്ള കാര്യങ്ങളല്ലെന്നാണ് വിലയിരുത്തൽ.
സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ സർക്കാർ കൈക്കൊണ്ട നടപടികളിൽ ആവേശം കൂടിപ്പോയെന്ന അഭിപ്രായവും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരിൽ പലർക്കുമുണ്ട്. പി.സി. ജോർജിന്റെ നേതൃത്വത്തിലെ ഗൂഢാലോചനയാണ് സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിലെന്ന ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചന വകുപ്പ് ചുമത്തിയിട്ടുള്ളത്.
കേരളത്തിൽ ബോധപൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് നുണപ്രചാരണത്തിനുപിന്നിലെന്ന് പരാതിയിൽ പറഞ്ഞത് പരിഗണിച്ച് കലാപമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവന എന്ന പേരിൽ 153ാം വകുപ്പും ചുമത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.