കോടതി ഉത്തരവ് പച്ചത്തുരുത്താകുമോ? പ്രതീക്ഷയിൽ പി.എ.സി.എൽ നിക്ഷേപകർ
text_fieldsതൃശൂർ: പേൾ അഗ്രോടെക് കോർപറേഷൻ (പി.എ.സി.എൽ) സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈകോടതി തീരുമാനം സർക്കാർ ഇടപെടലിന് വഴിവെക്കുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ. പഞ്ചാബ് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനി 18,000 കോടിയോളം രൂപ സംസ്ഥാനത്തുനിന്ന് നിക്ഷേപമായി സമാഹരിച്ചെന്നാണ് ഏകദേശ കണക്ക്. വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ചില നിക്ഷേപകരും സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ സെന്റർ എന്ന സംഘടനയും നൽകിയ ഹരജിയിലാണ് നിവേദനം പരിഗണിക്കാൻ സംസ്ഥാന സർക്കാറിനോട് ഹൈകോടതി നിർദേശിച്ചത്. നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാൻ പഞ്ചാബ് സർക്കാർ ഇടപെട്ട മാതൃകയിൽ കേരള സർക്കാറിന്റെ ഇടപെടലുണ്ടായാൽ ഫലമുണ്ടാകുമെന്ന പ്രതീക്ഷയാണ് നിക്ഷേപകരുടെ പ്രതിനിധികൾ പങ്കുവെക്കുന്നത്. മണിചെയിൻ മാതൃകയിലാണ് കമ്പനി നിക്ഷേപം സ്വീകരിച്ചിരുന്നത്.
പണം നൽകുമ്പോൾ ഇതിന് ആനുപാതികമായി ഭൂമിയിൽ അവകാശം നൽകുമെന്നും ചെയിൻ പൂർത്തിയാകുന്ന മുറക്ക് ഓരോരുത്തർക്കായി വാഗ്ദാനം ചെയ്ത ഉയർന്ന തുക നൽകുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. സംസ്ഥാനത്ത് കമ്പനിക്ക് കാസർകോട്, കോഴിക്കോട്, തൃശൂർ, കൊല്ലം എന്നിവിടങ്ങളിലാണ് സബ് സെന്ററുകൾ ഉണ്ടായിരുന്നത്.
നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചാണ് സംസ്ഥാനത്ത് അന്വേഷണം നടത്തിയത്. എന്നാൽ, അന്വേഷണത്തിൽ ശേഖരിച്ച രേഖകളും ഡിജിറ്റൽ വിവരങ്ങളും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി), സി.ബി.ഐ എന്നിവക്ക് കൈമാറിയിട്ടില്ലെന്നും ഇത് സുപ്രീംകോടതി ഇടപെടലിലൂടെ ലഭിക്കാനിടയുള്ള നഷ്ടപരിഹാരത്തിന് തടസ്സമാകുമെന്നുമുള്ള ആശങ്കയടക്കമാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പണം നഷ്ടപ്പെട്ടവർക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ സെബി പ്രത്യേക വെബ്സൈറ്റ് തുറന്നിരുന്നു. സംസ്ഥാനത്തുനിന്ന് 18 ലക്ഷത്തിലധികം പേർക്ക് പണം നഷ്ടപ്പെട്ടതായി പറയുമ്പോഴും 27,000 നിക്ഷേപകർക്ക് മാത്രമാണ് രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞത്.
സൈറ്റ് വീണ്ടും തുറക്കാൻ അവസരമൊരുക്കുക, സുപ്രീംകോടതിയിലുള്ള കേസിൽ കക്ഷി ചേരുക, പ്രളയക്കാലത്തടക്കം നിക്ഷേപക രേഖകൾ നഷ്ടപ്പെട്ടവർക്ക് ഇത് ലഭ്യമാക്കാൻ നടപടിയെടുക്കുക, ആശ്രിതരെ തുക കൈപ്പറ്റാൻ അധികാരപ്പെടുത്തുക തുടങ്ങി ആവശ്യങ്ങളും നിവേദനത്തിലുണ്ട്. ഹരജിക്കാരെ കേട്ട ശേഷം നിവേദനത്തിൽ നാലു മാസത്തിനകം തീർപ്പ് കൽപിക്കാനാണ് ഹൈകോടതി ഉത്തരവ്. എറണാകുളം ചിലവന്നൂരിൽ ഫ്ലാറ്റ് സമുച്ചയം, പാനായിക്കുളത്ത് ഏക്കർകണക്കിന് ഭൂമി, ചിന്നക്കനാലിൽ 120 ഏക്കർ ഏലത്തോട്ടം എന്നിവ കമ്പനിയുടേതായുണ്ട്. രാജ്യത്താകമാനം ഒരു ലക്ഷം ഏക്കറിലധികം ഭൂമിയും കെട്ടിട സമുച്ചയങ്ങളും കമ്പനിയുടെ പേരിലുണ്ട്.
കേരളത്തിലെ ഭൂമി പലരും കൈവശപ്പെടുത്തിയതായാണ് ആരോപണം. പഞ്ചാബിൽ ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് കൈയേറ്റം ഒഴിവാക്കി സർക്കാർ വീണ്ടെടുത്തത്. കമ്പനിയുടെ ആസ്തി -ബാധ്യതകൾ പരിശോധിച്ച് നിക്ഷേപകരുടെ താൽപര്യ സംരക്ഷണത്തിനായി ജസ്റ്റിസ് ആർ.എം. ലോധയെയാണ് സുപ്രീംകോടതി നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.