പൊന്നാനിയിലേക്കുള്ള പാതയിൽ ഇടത് മോഹം പൂവണിയുമോ?
text_fieldsഏത് കാറ്റിലും കോളിലും ലീഗിനെ ഉലയാതെ കാത്ത പാരമ്പര്യമുണ്ട് പൊന്നാനിക്ക്. നാലര പതിറ്റാണ്ടായി ഇടത് തന്ത്രങ്ങളെ അതിജീവിച്ച്, പൊന്നാനിതീരത്തെ വിളക്കുമാടത്തിൽ ഹരിതപതാകയാണ് ഉയരത്തിൽ പാറുന്നത്. പച്ചക്കോട്ട പിടിക്കാൻ സി.പി.എം നടത്തിയ പരീക്ഷണങ്ങളൊന്നും ഫലം കണ്ടിട്ടില്ല.
എന്നാൽ, ലീഗിനെ വീഴ്ത്താൻ പുതിയ അടവുകൾ പുറത്തെടുത്താണ് ഇത്തവണ അങ്കം. പ്രഗൽഭ വാഗ്മി കൂടിയായ മുസ്‍ലിംലീഗിലെ എം.പി. അബ്ദുസമദ് സമദാനിയെ നേരിടാൻ സി.പി.എം ഗോദയിൽ ഇറക്കിയത് ലീഗ് മുൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി കെ.എസ്. ഹംസയെയാണ്.
സ്വതന്ത്രനായാണ് രംഗപ്രവേശമെങ്കിലും ഹംസ മത്സരിക്കുന്നത് പാർട്ടി ചിഹ്നത്തിൽ. കഴിഞ്ഞതവണ ലക്ഷത്തിലേറെ വോട്ട് പിടിച്ച എൻ.ഡി.എ ഇത്തവണ കളത്തിലിറക്കിയത് മഹിള മോർച്ച സംസ്ഥാന അധ്യക്ഷ, ഗുരുവായൂർ സ്വദേശി അഡ്വ. നിവേദിത സുബ്രഹ്മണ്യനെ.
ചെങ്കൊടിക്ക് വളക്കൂറുളള മണ്ണായിരുന്നു പഴയ പൊന്നാനി മണ്ഡലം. 1962 മുതൽ 77 വരെ മൂന്ന് തെരഞ്ഞെടുപ്പുകളിൽ മണ്ഡലത്തിന്‍റെ ചായ്വ് ഇടത്തോട്ട്. അതിർത്തി പുനർനിർണയത്തോടെയാണ് മണ്ഡലം ഹരിതപതാകക്ക് കീഴിൽ അടിയുറച്ചത്. 1977 മുതൽ 1989 വരെ തുടർച്ചയായി ലോക്സഭയിൽ പൊന്നാനിയുടെ ശബ്ദമായത് ലീഗിന്‍റെ അഖിലേന്ത്യ നേതാവ് ജി.എം. ബനാത്ത്വാല.
1991ൽ മണ്ഡലം ഇബ്രാഹിം സുലൈമാൻ സേട്ടിനെ ഡൽഹിയിലേക്കയച്ചു. 1996, 98, 99 കളിലും ബനാത്ത്വാല തുടർച്ചയായി വിജയിച്ചു. 2004ൽ ഇ. അഹമ്മദും 2009 മുതൽ ഇതുവരെ ഇ.ടി. മുഹമ്മദ് ബഷീറും പൊന്നാനിയുടെ അമരക്കാരായി. 2004ലെ ഇടതുതരംഗത്തിൽ, കുത്തക മണ്ഡലമായ മഞ്ചേരി കൈവിട്ടപ്പോൾ ലീഗിന്‍റെ മാനം കാത്തത് പൊന്നാനി.
ലീഗ് മേൽക്കോയ്മക്ക് കാര്യമായ ഇളക്കം തട്ടിയിട്ടില്ലെങ്കിലും ലീഗ്-സമസ്ത ഭിന്നതയിൽ ചോർന്ന് കിട്ടാൻ സാധ്യതയുള്ള വോട്ടുകളിലാണ് സി.പി.എം ഇത്തവണ കണ്ണ് വെക്കുന്നത്. ഇരുസമസ്തകളുമായും അടുപ്പമുള്ള കെ.എസ്. ഹംസയെ സ്ഥാനാർഥിയാക്കാൻ ചില സുന്നി നേതാക്കൾ ചരടുവലിച്ചതായി സൂചനകളുണ്ടായിരുന്നു. സമസ്ത ഉന്നതനേതൃത്വം അത് നിഷേധിക്കുന്നുണ്ടെങ്കിലും സമസ്തയിലെ സാദിഖലി തങ്ങൾ വിരുദ്ധ പക്ഷത്തിന്‍റെ പിന്തുണ സി.പി.എം പ്രതീക്ഷിക്കുന്നുണ്ട്.
ഇത്തരം പ്രചാരണം സൃഷ്ടിക്കുന്ന ആശയക്കുഴപ്പം ഒഴിവാക്കാൻ സി.പി.എം തന്ത്രങ്ങളെ പഴുതടച്ച് നേരിടുകയാണ് ലീഗ്. ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റി പൊന്നാനിയിൽ, സമദാനിയെ നിയോഗിച്ചതിലൂടെ സമസ്ത ബന്ധം ദൃഢമാക്കാമെന്നും ലീഗ് കരുതുന്നു. പൊന്നാനി മണ്ഡലത്തിന്‍റെ ഭാഗമായ കോട്ടക്കലാണ് സമദാനിയുടെ സ്വദേശം.
ലീഗിന്‍റെ മുൻ ഓർഗനൈസിങ് സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ പാർട്ടിയുടെ മർമമറിയുന്ന നേതാവാണ് തൃശൂർ ജില്ലക്കാരനായ കെ.എസ്. ഹംസ. ദേശമംഗലത്തെ എൻജിനീയറിങ് കോളജടക്കം ഒന്നിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനെന്ന നിലയിലും വിപുലബന്ധങ്ങൾ ഹംസക്കുണ്ട്.
വികസന പ്രശ്നങ്ങൾക്കൊപ്പം ദേശീയതലത്തിൽ ന്യൂനപക്ഷങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തി, ലീഗിനെ പ്രതിക്കൂട്ടിൽ നിർത്തിയാണ് എൽ.ഡി.എഫ് പ്രചാരണം. ബി.ജെ.പിക്കെതിരെ, ഇന്ത്യസഖ്യത്തിന് കരുത്ത് പകരാൻ യു.ഡി.എഫ് വിജയിക്കണമെന്നും സി.പി.എമ്മിന് അതിന് കഴിയില്ലെന്നും ലീഗ് തിരിച്ചടിക്കുന്നു.
മണ്ഡലത്തിലെ ലീഗിന്‍റെ അജയ്യതക്കും കഴിഞ്ഞ നിലവിലുള്ള രണ്ട് ലക്ഷത്തിനടുത്തുള്ള ഭൂരിപക്ഷത്തിനുമെല്ലാമപ്പുറം സി.പി.എമ്മിന് പ്രതീക്ഷ നൽകുന്ന ചിലതുണ്ട്. 2021ലെ നിയമസഭ ഫല കണക്ക് പ്രകാരം 8000ൽപരം വോട്ടിന്‍റെ ഭൂരിപക്ഷമേ യു.ഡി.എഫിനുള്ളൂ. ഏഴ് നിയമസഭ സീറ്റിൽ നാലെണ്ണം ഇടതിനൊപ്പം. മന്ത്രി മണ്ഡലങ്ങളായ തൃത്താലക്കും താനൂരിനും ഒപ്പം ചൊങ്കൊടിയിൽ അടിയുറച്ച പൊന്നാനിയും കെ.ടി. ജലീലിന്‍റെ തവനൂരും ചേരുമ്പോൾ സി.പി.എമ്മിന് ആശിക്കാനേറെ.
ലീഗിന്‍റെ ശക്തിദുർഗങ്ങളായ തിരൂർ, കോട്ടക്കൽ, തിരൂരങ്ങാടി മണ്ഡലങ്ങളിലെ വോട്ടുബലമാണ് യു.ഡി.എഫ് കരുത്ത്. മുസ്ലിം വോട്ടുകൾക്കൊപ്പം നായർ വോട്ടുകളും മണ്ഡലത്തിൽ നിർണായകം. ഇ.ടിയുടെ ഭൂരിപക്ഷം കാൽലക്ഷത്തിലേക്ക് ചുരുങ്ങിയത് 2014ൽ മുൻ കോൺഗ്രസുകാരായ വി. അബ്ദുറഹിമാനോട് ഏറ്റുമുട്ടിയപ്പോഴാണ്.
കോൺഗ്രസ് വോട്ടുകളിൽ ഒരു പങ്ക് അന്ന് അബ്ദുറഹിമാന് പോയെന്ന് വ്യക്തം. കഴിഞ്ഞതവണ മുൻ കോൺഗ്രസുകാരനായ പി.വി. അൻവർ എം.എൽ.എയെ ഇറക്കിയെങ്കിലും ‘രാഹുൽ ഫാക്ടറി’ൽ എല്ലാം നിഷ്പ്രഭമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.