ലോക്ഡൗൺ കഴിഞ്ഞാൽ സ്വകാര്യ ബസ് ഒാടുമോ? ഉറപ്പില്ലെന്ന് ഉടമകൾ
text_fieldsതൊടുപുഴ: ലോക്ഡൗൺ പിൻവലിച്ച് പൊതുഗതാഗതം പുനരാരംഭിച്ചാലും സംസ്ഥാനത്ത് ഭൂരിഭാഗം സ്വകാര്യ ബസുകളും സർവിസ് നടത്തില്ലെന്ന് സൂചന. കോവിഡും ഇന്ധനവിലവർധനയും വരുത്തിവെച്ച ഭീമമായ നഷ്ടം സഹിച്ച് സർവിസ് നടത്താനാവില്ലെന്ന് ബസുടമകൾ പറയുന്നു. റോഡ് നികുതിയിൽ ഇളവ് അനുവദിച്ചാൽപോലും നിലവിലെ സാഹചര്യത്തിൽ സർവിസ് ലാഭകരമാകില്ലെന്നാണ് ഉടമകളുടെ നിലപാട്.
ഒന്നര മാസമായി സ്വകാര്യ ബസുകൾ ഒാട്ടം നിർത്തിയിട്ട്. വടക്കൻ ജില്ലകളിൽ പച്ചക്കറി വ്യാപാരത്തിനും തട്ടുകട നടത്താനും ബസ് ഉപയോഗിച്ച് തുടങ്ങിയ വ്യാപാരികളുമുണ്ട്. 2019 മാർച്ചിൽ ലോക്ഡൗണിെൻറ തുടക്കത്തിൽ പൊതുഗതാഗതം നിർത്തിവെക്കുേമ്പാൾ ഒരു ലിറ്റർ ഡീസലിന് 67 രൂപയായിരുന്നു. കോവിഡിെൻറ ഒന്നാം തരംഗത്തിന് ശേഷം ബസുകൾ ഒാടിത്തുടങ്ങിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. നിലവിൽ ഒരു ലിറ്റർ ഡീസലിന് 93 രൂപയോളമാണ്. ഇൗ നിരക്കിൽ ഡീസൽ നിറച്ച് സർവിസ് നടത്തുേമ്പാൾ ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവുമടക്കം പ്രതിദിനം 8000 രൂപയോളം ചെലവാകും. ജീവനക്കാരുടെ ബോണസ്, ക്ഷേമനിധി, ബസ് പരിപാലനം എന്നീ ഇനങ്ങളിലെ ചെലവ് വേറെ. എന്നാൽ, കോവിഡ് ഭീതിമൂലം ജനങ്ങൾ െപാതുഗതാഗതത്തെ ആശ്രയിക്കാൻ മടിക്കുമെന്നതിനാൽ 4000 രൂപയിൽ കൂടുതൽ വരുമാനം കിട്ടില്ലെന്നും ഇത്രയും വലിയ നഷ്ടം സഹിച്ച് സർവിസ് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നുമാണ് ഉടമകൾ പറയുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷം മൂന്നര ത്രൈമാസത്തേക്ക് സർക്കാർ നികുതിയിളവ് നൽകിയിരുന്നു. എന്നാൽ, നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ത്രൈമാസം നികുതിയിളവ് ഉണ്ടാകുമോ എന്ന് വ്യക്തമായിട്ടില്ല. സർക്കാർ പറയുന്നതുപോലെ 12,000 സ്വകാര്യ ബസുകൾ സി.എൻ.ജിയിലേക്ക് മാറണമെങ്കിൽ 18 വർഷമെങ്കിലുമെടുക്കും. ആവശ്യം കൂടുേമ്പാൾ സ്വാഭാവികമായും വിലയും ഉയരുമെന്നതിനാൽ ബസുകൾ പുതിയ സംവിധാനത്തിലേക്ക് മാറിക്കഴിയുേമ്പാൾ സി.എൻ.ജി വില കുത്തനെ ഉയരാനിടയുണ്ടെന്നും പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ലോറൻസ് ബാബു ചൂണ്ടിക്കാട്ടുന്നു.
ലോക്ഡൗണിനുശേഷം സർവിസ് നടത്തണമെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകളുടെ സംഘടന മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. ലോക്ഡൗൺ കഴിയുന്നതുവരെ നികുതിയിളവ് അനുവദിക്കുക, ഡീസലിന് സബ്സിഡി, കോവിഡ് കാലത്തേക്ക് മാത്രമായി പ്രത്യേക പാക്കേജ് എന്ന നിലയിൽ യാത്രാനിരക്ക് വർധിപ്പിക്കുക, ഒാടാതെ കിടന്ന ബസുകൾ നിരത്തിലിറക്കാനുള്ള ചെലവുകൾക്കായി ബസ് ഒന്നിന് മൂന്നുലക്ഷം രൂപ വീതം പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. നഷ്ടത്തിലായ കെ.എസ്.ആർ.ടി.സിക്ക് ഒാരോ ബജറ്റിലും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്ന സർക്കാർ സ്വകാര്യബസ് വ്യവസായത്തെ അവഗണിക്കുകയാണെന്നും ബസുടമകൾ പരാതിപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.