നഞ്ചിയമ്മ ചോദിക്കുന്നു; മന്ത്രി കെ. രാജന്റെ നിർദേശവും മറികടന്ന് തഹസിൽദാർ ഉത്തരവ് നൽകുമോ ?
text_fieldsകോഴിക്കോട്: മന്ത്രി കെ. രാജന്റെ നിർദേശവും മറികടന്ന് അട്ടപ്പാടി ട്രൈബൽ താലൂക്കിലെ തഹസിൽദാർക്ക് ഉത്തരവ് നൽകാൻ അധികാരമുണ്ടോയെന്ന് ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മ. നഞ്ചിയമ്മയുടെ കുടുംബഭൂമി വ്യാജരേഖയുണ്ടാക്കി കെ.വി മാത്യുവും ജോസഫ് കുര്യനും തട്ടിയെടുത്തുവെന്ന പരാതിയിൽ ലാൻഡ് റവന്യൂ അസിസ്റ്റന്റ് കമീഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസ് അന്വേഷണം നടത്തുമെന്ന് കെ. രാജൻ നിയമസഭയെ അറിയിച്ചിരുന്നു. കെ.കെ രമ എം.എൽ.എയുടെ ശ്രദ്ധക്ഷണിക്കലിനാണ് മറുപടി നൽകിയത്.
ടി.എൽ.എ കേസിൽ പാലക്കാട് കലക്ടറുടെ വിചാരണ നടക്കുകയാണെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. എന്നാൽ, ഇതെല്ലാം മറികടന്ന് അട്ടപ്പാടി ട്രൈബൽ താലൂക്ക് തഹസിൽദാർ( ഭൂരേഖ) ഭൂമി തട്ടിയെടുത്തുവെന്ന ആരോപണം നേരിടുന്ന ജോസഫ് കുര്യന് ഭൂമിയുടെ കൈവശ സർട്ടിഫിക്കറ്റ് നൽകാൻ 2022 ഡിസംബർ 16ന് ഉത്തരവിട്ടു. കലക്ടർ വിചാരണ നടത്തുന്നതിനിടയിലാണ് മന്ത്രിക്കും കലക്ടർക്കും മീതെ തഹസിൽദാറുടെ ഉത്തരവ്. ടി.എൽ.എ കേസുകൾ നിലവിലുള്ള ഭൂമി കൈമാറ്റം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന കലക്ടറുടെ ഉത്തരവുകൾ തനിക്ക് ബാധകമല്ലെന്നാണ് തഹസിൽദാറുടെ നിലപാട്.
നഞ്ചിയമ്മയുടെ ഭൂമിക്കേസിൽ മുൻ കലക്ടർ മൃൺമയി ജോഷി പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലാൻഡ് റവന്യൂ കമീഷണർക്ക് സമർപ്പിച്ചിരുന്നു. അതനുസരിച്ച് കെ.വി മാത്യുവിന് ഭൂമി കൈമാറിയ മാരിമുത്തുവിന് ഭൂമി ലഭിച്ചതായി രേഖയില്ല. വിചാരണയിൽ ഭൂമിയുടെ അടിയാധാരം ഹാജാരാക്കാനും കെ.വി മാത്യുവിന് കഴിഞ്ഞില്ല.
എന്നാൽ, നഞ്ചിയമ്മയുടെ കുടുംബഭൂമിയിൽ പൊട്രോൾ പമ്പ് തുടങ്ങുന്നതിന് കൈവശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ജോസഫ് കുര്യൻ 2022 നവംമ്പർ 17ന് അഗളിയിൽ നടന്ന അദാലത്തിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ഡിസംബർ 14ന് തഹസിൽദാർ ഹിയറിങ് നടത്തി. ഹിയറിങ്ങിൽ ജോസഫ് കുര്യൻ രേഖകൾ ഹാജരാക്കിയതിനാൽ കൈവശരേഖ നൽകണമെന്ന് വില്ലേജ് ഓഫിസർക്കാണ് 16ന് തഹസിൽദാർ ഉത്തരവ് നൽകിയത്. റവന്യൂ മന്ത്രി നിയമസഭയിൽ അന്വേഷണം നടത്തണമെന്ന് പ്രഖ്യാപിച്ച വിവാദ ഭൂമിയാണിത്. കലക്ടർ ലാൻഡ് റവന്യൂ കമീഷണർക്ക് റിപ്പോർട്ട് നൽകിയ, റവന്യൂ വിജിലൻസ് അന്വേഷണം നടത്തുന്ന ഭൂമിയാണിത്. ഇതെല്ലാം മറച്ചുപിടിച്ചാണ് തഹസിൽദാർ ജോസഫ് കുര്യനുവേണ്ടി നിയമവിരുദ്ധമായി ഉത്തരവ് നൽകിയത്.
മാരിമുത്തുവിന് ഭൂമി ലഭിച്ചതായി ഒരു രേഖയും കലക്ടർ നടത്തിയ വിചാരണയിൽ ഹാജരാക്കാൻ കെ.വി മാത്യുവിന് കഴിഞ്ഞിട്ടില്ല. ഭൂമി കൈയേറിയ കന്തസ്വാമിയും നഞ്ചിയമ്മയുടെ കുടുംബവും തമ്മിലാണ് ടി.എൽ.എ കേസ് നടക്കുന്നത്. മാരിമുത്തുവിന്റെ പേരിൽ കെ.വി മാത്യു ഹാജരാക്കിയ നികുതി രസീത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. റവന്യൂ മന്ത്രിയുടെ നിർദേശപ്രകാരം അസിസ്റ്റൻറ് ലാൻഡ് റവന്യൂ കമീഷണറുടെ മേൽനോട്ടത്തിൽ റവന്യൂ വിജിലൻസ് അന്വേഷണം നടത്തുന്ന കേസിലാണ് അട്ടപ്പാടി തഹസിൽദാർ അട്ടിമറി നടത്തിയതെന്ന് വ്യക്തം. .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.